വോട്ടിങ് അവസാനിക്കാന്‍ എട്ട് ദിവസം; മികച്ച താരമാകാന്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍, പുരുഷന്‍മാരില്‍ വമ്പന്‍ സര്‍പ്രൈസ്
Sports News
വോട്ടിങ് അവസാനിക്കാന്‍ എട്ട് ദിവസം; മികച്ച താരമാകാന്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍, പുരുഷന്‍മാരില്‍ വമ്പന്‍ സര്‍പ്രൈസ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th August 2024, 6:04 pm

ജൂലൈ മാസത്തിലെ ICC Player Of The Month പുരസ്‌കാരത്തിനുള്ള വോട്ടിങ് ആരംഭിച്ചു. വനിതാ താരങ്ങളുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടിയപ്പോള്‍ പുരുഷ താരങ്ങളുടെ പട്ടികയില്‍ ഒരു ഇന്ത്യന്‍ താരവും ഇടം പിടിച്ചു.

വനിതാ താരങ്ങളില്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു, ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാന, യുവതാരം ഷെഫാലി വര്‍മ എന്നിവരാണ് ഇടം നേടിയത്.

2024 വനിതാ ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ കിരീടമണിയിച്ചതോടെയാണ് ചമാരി ICC Player Of The Month പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. ഇത് ആദ്യമായാണ് ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത്.

ഇതിന് മുമ്പ് അഞ്ച് തവണ ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഒരിക്കല്‍പ്പോലും കിരീടം നേടാന്‍ ലങ്കക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ചമാരിയുടെ ലങ്ക കപ്പുയര്‍ത്തിയത്.

ഏഷ്യാ കപ്പ് വിന്നിങ് ക്യാപ്റ്റന്‍ എന്നതിന് പുറമെ ടൂര്‍ണമെന്റിന്റെ താരമെന്ന നേട്ടവും ചമാരി സ്വന്തമാക്കിയിരുന്നു. ഫൈനല്‍ വരെ ചമാരിയുടെ ചിറകിലേറിയാണ് ലങ്ക കുതിച്ചത്. ഫൈനലിലും അര്‍ധ സെഞ്ച്വറി നേടിയാണ് ചമാരി ലങ്കയുടെ കിരീടമെന്ന മോഹം പൂര്‍ത്തിയാക്കിയത്.

ഏഷ്യാ കപ്പില്‍ ഒരു സെഞ്ച്വറിയടക്കം 101.33 ശരാശരിയിലും 146.85 സ്‌ട്രൈക്ക് റേറ്റിലും 304 റണ്‍സാണ് താരം നേടിയത്. ഇതും ഒരു ഏഷ്യാ കപ്പ് റെക്കോഡാണ്. രണ്ടാമതുള്ള ഷെഫാലി 200 റണ്‍സാണ് നേടിയത്.

വനിതാ ഏഷ്യാ കപ്പിലെ മികച്ച പ്രകടനത്തിന് പുറമെ സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലും മികച്ച പ്രകടനം പുറത്തെടുത്താണ് സ്മൃതി മന്ഥാന ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ രണ്ടിലും സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 114.33 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 343 റണ്‍സാണ് മന്ഥാന നേടിയത്.

പര്യടനത്തിലെ വണ്‍ ഓഫ് ടെസ്റ്റിലും സെഞ്ച്വറി നേടിയ താരം രണ്ട് ടി-20യില്‍ നിന്നായി 100 റണ്‍സും നേടിയിരുന്നു.

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മികച്ച പ്രകടനം തന്നെയാണ്, പ്രത്യേകിച്ചും ടെസ്റ്റിലെ പ്രകടനമാണ് ഷെഫാലിയെ ഈ പുരസ്‌കാരത്തിന്റെ ചുരുക്കപ്പെട്ടികയിലെത്തിച്ചത്. ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്.

വനിതാ ക്രിക്കറ്റിന്റെ ചരിത്രം തിരുത്തിക്കുറിച്ച ഡബിള്‍ സെഞ്ച്വറിയായിരുന്നു ഷെഫാലി ചെപ്പോക്കില്‍ അടിച്ചെടുത്തത്. വനിതാ ടെസ്റ്റിലെ വേഗമേറിയ ഇരട്ട സെഞ്ച്വറിയുടെ റെക്കോഡാണ് താരം സ്വന്തമാക്കിയത്.

നേരിട്ട 194ാം പന്തിലാണ് ഷെഫാലി ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം സൗത്ത് ആഫ്രിക്കക്കെതിരെ തന്നെ 248 പന്തില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയ അന്നബെല്‍ സതര്‍ലാന്‍ഡിന്റെ റെക്കോഡാണ് ഷെഫാലി തകര്‍ത്തെറിഞ്ഞത്.

ഇതിന് പുറമെ വനിതാ ടെസ്റ്റ് ചരിത്രത്തില്‍ ഒരു ദിവസം ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടവും ഷെഫാലി തന്റെ പേരില്‍ കുറിച്ചിരുന്നു. 197 പന്ത് നേരിട്ട് 205 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ടെസ്റ്റിന്റെ ഒരു ദിവസം തന്നെ ഒരു വനിതാ താരം ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്.

ICC Player Of The Month (വനിതാ താരങ്ങള്‍) നോമിനീസ്

 

അതേസമയം, പുരുഷന്‍മാരുടെ ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, ഇംഗ്ലണ്ട് സൂപ്പര്‍ പേസര്‍ ഗസ് ആറ്റ്കിന്‍സണ്‍, സ്‌കോട്ടിഷ് പേസര്‍ ചാര്‍ളി കാസെല്‍ എന്നിവരാണ് ഇടം നേടിയത്.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ഗസ് ആറ്റ്കിന്‍സണ്‍ ഇന്‍സ്റ്റന്റ് ഇംപാക്ടാണ് ഇംഗ്ലണ്ട് ടീമിലുണ്ടാക്കിയത്. ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഒഴിച്ചിട്ട സിംഹാസനത്തിലേക്കാണ് തന്റെ യാത്രയെന്ന് ആദ്യ മത്സരത്തില്‍ തന്നെ താരം തെളിയിച്ചു.

ആദ്യ പരമ്പരയുടെ രണ്ട് ഇന്നിങ്‌സിലും ഫൈഫറുമായി തിളങ്ങിയ താരം ആദ്യ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയാണ് തുടങ്ങിയത്. അടുത്ത രണ്ട് ടെസ്റ്റില്‍ നിന്നുമായി 10 വിക്കറ്റും നേടിയ താരം പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലാണ് വാഷിങ്ടണ്‍ സുന്ദര്‍ തിളങ്ങിയത്. ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കിയ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയും സുന്ദറാണ്.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ത്രില്ലിങ് സൂപ്പര്‍ ഓവറില്‍ ഇന്ത്യയെ വിജയിപ്പിച്ചതും സുന്ദറിന്റെ പ്രകടനമായിരുന്നു.

ഏകദിനത്തില്‍ ഒരു അരങ്ങേറ്റക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ എന്ന നേട്ടത്തോടെയാണ് കാസെല്‍ വരവറിയിച്ചത്. ഒമാനെതിരെ നടന്ന മത്സരത്തില്‍ 21 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് താരം നേടിയത്. 16 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ കഗീസോ റബാദയുടെ ഒമ്പത് വര്‍ഷം നീണ്ട റെക്കോഡാണ് കാസെല്‍ തിരുത്തിയെഴുതിയത്.

ICC Player Of The Month  (പുരുഷ താരങ്ങള്‍) നോമിനീസ്

രണ്ട് വിഭാഗങ്ങളിലെയും വിജയികളെ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുക്കുക. വോട്ടിങ് പ്രക്രിയയില്‍ വോട്ടിങ് അക്കാദമി അവരുടെ വോട്ടുകള്‍ ഇ മെയിലൂടെ സമര്‍പ്പിക്കും. വോട്ടിങ്ങിന്റെ 90 ശതമാനവും ഇവരിലാണ് നിക്ഷിപ്തമായിരിക്കുന്നത്.

പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍, മുന്‍ താരങ്ങള്‍, ബ്രോഡ്കാസ്റ്റേഴ്സ്, ഐ.സി.സി ഹോള്‍ ഓഫ് ഫെയ്മേഴ്സ് എന്നിവരാണ് വോട്ടിങ് അക്കാദമിയിലുള്ളത്.

ഐ.സി.സിയില്‍ രജിസ്റ്റര്‍ ചെയ്ത ആരാധകര്‍ക്കാണ് ശേഷിക്കുന്ന പത്ത് ശതമാനം വോട്ടുകള്‍ക്കുള്ള അവകാശം. ഐ.സി.സി വെബ്സൈറ്റിലൂടെയാണ് ഈ വേട്ടുകള്‍ രേഖപ്പെടുത്തുക.

 

Content Highlight: ICC Player Of The Month nominees