വോട്ടിങ് അവസാനിക്കാന്‍ ബാക്കിയുള്ളത് വെറും ഒറ്റ ദിവസം; ഐ.സി.സിയുടെ അംഗീകാരം നേടാന്‍ കാത്തിരിക്കുന്നത് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍
Sports News
വോട്ടിങ് അവസാനിക്കാന്‍ ബാക്കിയുള്ളത് വെറും ഒറ്റ ദിവസം; ഐ.സി.സിയുടെ അംഗീകാരം നേടാന്‍ കാത്തിരിക്കുന്നത് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th August 2024, 4:33 pm

ജൂലൈ മാസത്തിലെ ICC Player Of The Month പുരസ്‌കാരത്തിനുള്ള വോട്ടിങ് അവസാനഘട്ടത്തിലേക്കെത്തുകയാണ്. ഐ.സി.സി വോട്ടിങ് അക്കാദമിയും തെരഞ്ഞെടുക്കപ്പെട്ട ആരാധകരുമാണ് ICC Player Of The Month പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കുക.

വനിതാ താരങ്ങളുടെ പട്ടികയില്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു, ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാന, യുവതാരം ഷെഫാലി വര്‍മ എന്നിവര്‍ ഇടം നേടിയപ്പോള്‍ പുരുഷ താരങ്ങളുടെ പട്ടികയില്‍ ഇംഗ്ലണ്ട് പേസര്‍ ഗസ് ആറ്റ്കിന്‍സണ്‍, ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, സ്‌കോട്ടിഷ് യുവതാരം ചാര്‍ളി കാസെല്‍ എന്നിവരാണ് ഐ.സി.സി പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിലുള്ളത്.

2024 വനിതാ ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ കിരീടമണിയിച്ചതോടെയാണ് ചമാരി ICC Player Of The Month പുരസ്‌കാരത്തിന്റെ പട്ടികയില്‍ ഇടം നേടിയത്. ഇത് ആദ്യമായാണ് ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. മുമ്പ് അഞ്ച് തവണ ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഒരിക്കല്‍പ്പോലും കിരീടം നേടാന്‍ ലങ്കക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ചമാരിയുടെ ലങ്ക കപ്പുയര്‍ത്തിയത്.

ഏഷ്യാ കപ്പ് വിന്നിങ് ക്യാപ്റ്റന്‍ എന്നതിന് പുറമെ ടൂര്‍ണമെന്റിന്റെ താരമെന്ന നേട്ടവും ചമാരി സ്വന്തമാക്കിയിരുന്നു. ഫൈനല്‍ വരെ ചമാരിയുടെ ചിറകിലേറിയാണ് ലങ്ക കുതിച്ചത്. ഫൈനലിലും അര്‍ധ സെഞ്ച്വറി നേടിയാണ് ചമാരി ലങ്കയുടെ കിരീടമെന്ന മോഹം പൂര്‍ത്തിയാക്കിയത്.

വനിതാ ഏഷ്യാ കപ്പിലെ മികച്ച പ്രകടനവും സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മികച്ച ബാറ്റിങ്ങുമാണ് സ്മൃതി മന്ഥാനക്ക് പട്ടികയില്‍ ഇടം നേടാന്‍ കാരണമായത്. ഇന്ത്യ-സൗത്ത് ആഫ്രിക്ക മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ രണ്ടിലും സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 114.33 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 343 റണ്‍സാണ് മന്ഥാന അടിച്ചെടുത്തത്.

പര്യടനത്തിലെ വണ്‍ ഓഫ് ടെസ്റ്റിലും സെഞ്ച്വറി നേടിയ താരം രണ്ട് ടി-20യില്‍ നിന്നായി 100 റണ്‍സും നേടിയിരുന്നു.

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മികച്ച പ്രകടനം തന്നെയാണ്, പ്രത്യേകിച്ചും ടെസ്റ്റിലെ പ്രകടനമാണ് ഷെഫാലിയെ തുണച്ചത്. ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്.

വനിതാ ക്രിക്കറ്റിന്റെ ചരിത്രം തിരുത്തിക്കുറിച്ച ഡബിള്‍ സെഞ്ച്വറിയായിരുന്നു ഷെഫാലി ചെപ്പോക്കില്‍ അടിച്ചെടുത്തത്. നേരിട്ട 194ാം പന്തില്‍ ഇരുന്നൂറടിച്ച ഷെഫാലിവനിതാ ടെസ്റ്റിലെ വേഗമേറിയ ഇരട്ട സെഞ്ച്വറിയുടെ റെക്കോഡാണ് സ്വന്തമാക്കിയത്.

ഈ വര്‍ഷം സൗത്ത് ആഫ്രിക്കക്കെതിരെ തന്നെ 248 പന്തില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയ അന്നബെല്‍ സതര്‍ലാന്‍ഡിന്റെ റെക്കോഡാണ് ഷെഫാലി തകര്‍ത്തെറിഞ്ഞത്.

ഇതിന് പുറമെ വനിതാ ടെസ്റ്റ് ചരിത്രത്തില്‍ ഒരു ദിവസം ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടവും ഷെഫാലി തന്റെ പേരില്‍ കുറിച്ചിരുന്നു. 197 പന്ത് നേരിട്ട് 205 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ടെസ്റ്റിന്റെ ഒരു ദിവസം തന്നെ ഒരു വനിതാ താരം ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്.

ICC Player Of The Month (വനിതാ താരങ്ങള്‍) 

 

വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ഗസ് ആറ്റ്കിന്‍സണ്‍ ഇന്‍സ്റ്റന്റ് ഇംപാക്ടാണ് ഇംഗ്ലണ്ട് ടീമിലുണ്ടാക്കിയത്. ജെയിംസ് ആന്‍ഡേഴ്സണിന്റെ അഭാവം ഒരിുക്കലും ഇംഗ്ലണ്ട് ടീം അറിയില്ല എന്ന് വിളിച്ചുപറയുന്നതായിരുന്നു താരത്തിന്റെ ബൗളിങ് പ്രകടനം.

ആദ്യ പരമ്പരയുടെ രണ്ട് ഇന്നിങ്സിലും ഫൈഫറുമായി തിളങ്ങിയ താരം ആദ്യ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയാണ് തുടങ്ങിയത്. അടുത്ത രണ്ട് ടെസ്റ്റില്‍ നിന്നുമായി 10 വിക്കറ്റും നേടിയ താരം പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തില്‍ തിളങ്ങിാണ് വാഷിങ്ടണ്‍ സുന്ദര്‍ പുരസ്‌കാരത്തിന് ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കിയ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയും സുന്ദറാണ്.

ഇതിന് പുറമെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ത്രില്ലിങ് സൂപ്പര്‍ ഓവറില്‍ ഇന്ത്യയെ വിജയിപ്പിച്ചതും സുന്ദറിന്റെ പ്രകടനമായിരുന്നു.

 

ഏകദിന ചരിത്രത്തില്‍ ഒരു അരങ്ങേറ്റക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ എന്ന നേട്ടത്തോടെയാണ് ചാര്‍ളികാസെല്‍ ക്രിക്കറ്റ് ലോകത്തേക്കുള്ള തന്റെ വരവറിയിച്ചത്. ഒമാനെതിരെ നടന്ന മത്സരത്തില്‍ 21 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് താരം നേടിയത്.

16 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ കഗീസോ റബാദയുടെ ഒമ്പത് വര്‍ഷം നീണ്ട റെക്കോഡ് തിരുത്തിക്കുറിച്ചാണ് കാസെല്‍ തിളങ്ങിയത്. ഈ പ്രകടനം തന്നെയാണ് ആറ്റ്കിന്‍സണും സുന്ദറിനുമൊപ്പം കാസെലിനെയും ചുരുക്കപ്പട്ടികയുടെ ഭാഗമാക്കിയത്.

ICC Player Of The Month (പുരുഷ താരങ്ങള്‍) 

 

രണ്ട് വിഭാഗങ്ങളിലെയും വിജയികളെ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുക്കുക. വോട്ടിങ് പ്രക്രിയയില്‍ വോട്ടിങ് അക്കാദമി അവരുടെ വോട്ടുകള്‍ ഇ മെയിലൂടെ സമര്‍പ്പിക്കും. വോട്ടിങ്ങിന്റെ 90 ശതമാനവും ഇവരിലാണ് നിക്ഷിപ്തമായിരിക്കുന്നത്.

പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍, മുന്‍ താരങ്ങള്‍, ബ്രോഡ്കാസ്റ്റേഴ്‌സ്, ഐ.സി.സി ഹോള്‍ ഓഫ് ഫെയ്‌മേഴ്‌സ് എന്നിവരാണ് വോട്ടിങ് അക്കാദമിയിലുള്ളത്.

ഐ.സി.സിയില്‍ രജിസ്റ്റര്‍ ചെയ്ത ആരാധകര്‍ക്കാണ് ശേഷിക്കുന്ന പത്ത് ശതമാനം വോട്ടുകള്‍ക്കുള്ള അവകാശം. ഐ.സി.സി വെബ്‌സൈറ്റിലൂടെയാണ് ഈ വേട്ടുകള്‍ രേഖപ്പെടുത്തുക.

 

Content Highlight: ICC Player of the month July nominees