| Wednesday, 15th November 2023, 10:09 am

'നെതന്യാഹുവിനും ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണം'; ഇസ്രഈലിനെതിരെ 60 ലധികം ലോക രാഷ്ട്രനേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെതര്‍ലാന്‍ഡ്‌സ്: ഗസയില്‍ വംശഹത്യ നടത്തിയതിന് ഇസ്രഈലിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട് (ഐ.സി.സി)അന്വേഷണം ആവശ്യപ്പെട്ട് 60 ലധികം ലോക രാഷ്ട്രനേതാക്കള്‍.

ചൊവ്വാഴ്ച യൂറോപ്പിലെയും ലാറ്റിന്‍ അമേരിക്കയിലെയും 60ലധികം ഇടതുപക്ഷ രാഷ്ട്രീയക്കാരാണ് ഗസയില്‍ ഇസ്രഈല്‍ ഭരണകൂടം നടത്തുന്ന വംശഹത്യയ്‌ക്കെതിരെ ഐ.സി.സി യില്‍ അന്വേഷണത്തിന് ആവശ്യം ഉന്നയിച്ചത്.

ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍, യുദ്ധ കുറ്റങ്ങള്‍ എന്നിവക്കെതിരെയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, സൈനിക മന്ത്രി യോവ് ഗാലന്റ്, ധനമന്ത്രി ബെസാലില്‍ സ്‌മോട്രിച്ച് എന്നിവരുള്‍പ്പെടെയുള്ള നിരവധി ഇസ്രഈല്‍ നേതാക്കള്‍ക്കെതിരെ അന്വേഷണത്തിന് ഹരജിയില്‍ പരാമര്‍ശിക്കുന്നത്.

നെതന്യാഹുവിനും ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ ഐ.സി.സിക്ക് മതിയായ തെളിവുകള്‍ ഉണ്ടെന്ന് ഹരജിയില്‍ ഊന്നി പറയുന്നു. കൂടാതെ ഇസ്രഈലിന്റെ അധിനിവേശം, വര്‍ണവിവേചനം, കൊളോണിയല്‍ പദ്ധതിയുടെ വിപുലീകരണം എന്നിവ മേഖലയില്‍ അവസാനിപ്പിക്കാനും പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്.

‘ഗസയിലെ വംശഹത്യക്ക് ഞങ്ങളുടെ മൗനം കാരണമാകാന്‍ അനുവദിക്കില്ല. നിങ്ങള്‍ ഈ ക്രൂരത തക്കസമയത്ത് അവസാനിപ്പിച്ചില്ലെങ്കില്‍, അത് നിങ്ങളെയും ഈ ക്രൂരതയില്‍ പങ്കാളിയാക്കും ,’ സ്‌പെയിന്‍ സാമൂഹിക അവകാശ മന്ത്രി അയോണ്‍ ബെലാറ തുര്‍ക്കി വാര്‍ത്ത ഏജന്‍സിയായ അനഡോലുവിനോട് പറഞ്ഞു.

യു.കെയിലെ ലേബര്‍ പാര്‍ട്ടിയില്‍ നിന്നുള്ള ജെറമി കോര്‍ബിന്‍, ഫ്രാന്‍സിലെ ഇന്‍സൗമിസില്‍ നിന്നുള്ള മനോന്‍ ഓബ്രി, പോര്‍ച്ചുഗലിലെ ലെഫ്റ്റ് ബ്ലോക്കിലെ ജോവാന മോര്‍ട്ടാഗ്വ, വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് ബെല്‍ജിയത്തിന്റെ പീറ്റര്‍ മെര്‍ട്ടെന്‍സ് എന്നിവര്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് മറ്റു പ്രമുഖ ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ ഹരജിയില്‍ ഒപ്പുവെച്ചു.

‘ദി ജസ്റ്റിസ് ഫോര്‍ ഗസ’ എന്ന തലക്കെട്ടില്‍ ഉള്ള തുറന്ന നിവേദനത്തില്‍ ഇതുവരെ വിരമിച്ചവര്‍ മുതല്‍ ലോകമെമ്പാടുമുള്ള അധ്യാപകരും എന്‍ജിനീയര്‍മാരും വരെ നൂറുകണക്കിനാളുകള്‍ ഒപ്പുവച്ചിട്ടുണ്ട്.

ഇസ്രഈല്‍ രാഷ്ട്രീയ സൈനിക നേതാക്കള്‍ക്കെതിരെ അന്താരാഷ്ട്ര അന്വേഷണത്തിനുള്ള തെളിവുകള്‍ തന്റെ ഓഫീസ് ശേഖരിക്കുകയാണെന്ന് ഐ.സി.സി പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിലവില്‍ യു.എസ്.എയും ഇസ്രഈലും ഐ.സി.സിയില്‍ അംഗമല്ല. 2021ല്‍ ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശത്തെകുറിച്ചുള്ള അന്വേഷണത്തില്‍ ഐ.സി.സിയുമായി സഹകരിക്കാന്‍ ഇസ്രഈല്‍ വിസമ്മതിച്ചിരുന്നു.

Content Highlight: ICC on Gaza issue

We use cookies to give you the best possible experience. Learn more