കോഴിക്കോട്: സിനിമയിലുള്ളവർ തന്നെയാണ് കമ്മിറ്റിയിലെങ്കിൽ സെറ്റിൽ ഐ.സി.സി (ഇന്റെർണൽ കംപ്ലയിന്റ് കമ്മിറ്റി) പ്രായോഗികമല്ലെന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. സിനിമയ്ക്കകത്ത് തന്നെ ഉള്ളവരാണ് കമ്മിറ്റിയില്‍ ഉള്ളതെങ്കില്‍ പരാതികള്‍ ഉന്നതതലത്തിലേക്ക് പോകില്ലെന്നും സാന്ദ്ര തോമസ് പറഞ്ഞു.
വനിതാ-ശിശുക്ഷേമ വകുപ്പ് പോലുള്ളവയില്‍ നിന്ന് ഒന്നോ രണ്ടോ പേര്‍ കമ്മിറ്റിയില്‍ ഉണ്ടെങ്കില്‍ പ്രയോഗികമായേക്കാമെന്നും സാന്ദ്ര തോമസ് അഭിപ്രായപ്പെട്ടു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘സിനിമയില്‍ ലിംഗനീതി ഇനിയുമെത്ര അകലെ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്.
സിനിമയില്‍ പുരുഷന്‍ ചെയ്യുന്നതിനേക്കാള്‍ അമിതം ജോലി ചെയ്താല്‍ മാത്രമേ സ്ത്രീ അംഗീകരിക്കപ്പെടുകയുള്ളുവെന്നും സാന്ദ്ര തോമസ് പറഞ്ഞു.
പുരുഷന്‍മാര്‍ ചെയ്യുന്നതിന് സമാനമായി ജോലി ചെയ്താല്‍ അംഗീകരിക്കപ്പെടില്ലെന്നും അതിനേക്കാളുപരിയാണ് സമൂഹം ആഗ്രഹിക്കുന്നതെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു. തന്റെ സിനിമാ സെറ്റില്‍ പോലും പുരുഷാധിപത്യത്തിന് ഇരയായിട്ടുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു.
‘ഒരു ദിവസം ഞാന്‍ ഒഴികെ സെറ്റിലെ സംവിധായകന്‍ ഉള്‍പ്പെടെയുള്ള പുരുഷന്മാര്‍ക്ക് ഉച്ചഭക്ഷണത്തിന് ബീഫ് കിട്ടി. എന്നാല്‍ എന്റെ സ്വന്തം സിനിമ ആയിരിന്നിട്ടുകൂടി എനിക്ക് ബീഫ് കിട്ടിയില്ല. വിഷയം ഞാന്‍ ചോദ്യം ചെയ്യുകയും ചെയ്തു, എനിക്കും ബീഫ് കഴിച്ചാല്‍ ഇറങ്ങുമെന്ന് പറഞ്ഞു. ഒരുപക്ഷെ ഞാനെന്ന നിര്‍മാതാവ് ഒരു പുരുഷന്‍ ആയിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു സംഭവം നടക്കുകയില്ലായിരുന്നു,’ സാന്ദ്ര തോമസ്
രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഡബ്ലിയു.സി.സിയില്‍ ചേരാതിരുന്നതെന്നും സാന്ദ്ര പറഞ്ഞു. സംഘടന മുന്നോട്ടുവെച്ച തുല്യവേതനം, കാരവന്‍ സംബന്ധിച്ച വിഷയങ്ങള്‍ എന്നിവ അംഗീകരിക്കാന്‍ കഴിയില്ലായിരുന്നു. മാര്‍ക്കറ്റ് അനുസരിച്ചാണ് വേതനം നല്‍കാന്‍ കഴിയുക. സംഘടനയുടെ ആവശ്യം തനിക്ക് ഓഫര്‍ ചെയ്യാന്‍ കഴിയാന്‍ പറ്റാത്തത്തിടത്തോളം താന്‍ എങ്ങനെയാണ് ഡബ്ലിയു.സി.സിയില്‍ ചേരുകയെന്നും സാന്ദ്ര തോമസ് പറഞ്ഞു.
ചില ഘട്ടങ്ങളില്‍ ഡബ്ലിയു.സി.സിയോട് ദേഷ്യം വന്നിട്ടുണ്ടെങ്കിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനായി നടത്തിയ പോരാട്ടം ഉള്‍പ്പടെയുള്ളവയെ താന്‍ അംഗീകരിക്കുന്നുവെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ഒരു മാറ്റം ഉണ്ടാകുമെന്ന് താനും പ്രതീക്ഷിച്ചിരുന്നുവെന്നും സാന്ദ്ര പറഞ്ഞു.
സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള ഒരു ഇതിവൃത്തം ചിന്തിക്കാന്‍ കൂടി കഴിയില്ലെന്ന് ദീദി ദാമോദരനും പറഞ്ഞു. സ്ത്രീകളെ കുറിച്ച് മാത്രം സംസാരിക്കുന്നു എന്ന കുറ്റം ആരോപിച്ചാണ് ഡബ്ലിയു.സി.സിയെ പലരും അംഗീകരിക്കാത്തതെന്നും ദീദി ദാമോദരന്‍ ചൂണ്ടിക്കാട്ടി. നടക്കില്ല എന്ന് വിചാരിച്ചതെല്ലാം ഇവിടെ നടന്നിട്ടുണ്ടെന്നും കുത്തും കോമയുമെല്ലാം പെട്ടെന്ന് ഉണ്ടായതല്ലെന്നും ദീദി കൂട്ടിച്ചേര്‍ത്തു.
അടിമുടി ഇല്ലാതായ താരസംഘടനായ അമ്മ ഇപ്പോള്‍ യൂട്യൂബ് ചാനലും കുടുംബസംഗമവുമെല്ലാം നടത്തുകയാണ്. പെട്ടെന്നൊന്നും അമ്മയ്ക്ക് തിരിച്ച് വരാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ദീദി പറഞ്ഞു.
വരുന്ന ദിവസങ്ങളിൽ റിമ കല്ലിങ്കലിന്റെ മീൻ പൊരിച്ചത് പോലെ സാന്ദ്രയുടെ ബീഫും ചർച്ചയായേക്കാമെന്നും ട്രോളുകളെല്ലാം മനഃപൂർവം ഉണ്ടാകുന്നതാണെന്നും ദീദി ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി സിനിമാ മേഖലയില്‍ മാത്രമല്ല, മാധ്യമ രംഗത്തും ഉണ്ടാകണമെന്നും തുടക്കം മുതല്‍ വലിയ പോരാട്ടമാണ് നടത്തുന്നതെന്നും മോഡറേറ്റര്‍ അനുപമ വെങ്കടേഷ് പറഞ്ഞു.
Content Highlight: ICC not viable in film if insiders: Sandra Thomas