2024ലെ ഐ.സി.സി ഏകദിന ടീം പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തില്‍ ഏഷ്യന്‍ സൂപ്പര്‍ താരങ്ങളുടെ ആധിപത്യത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്. കഴിഞ്ഞ കലണ്ടര്‍ ഇയറില്‍ ഏകദിന ഫോര്‍മാറ്റില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഇലവനില്‍ ഏഴ് ഏഷ്യന്‍ താരങ്ങളാണ് ഇടം നേടിയിരിക്കുന്നത്, അതില്‍ നാല് പേരും ശ്രീലങ്കന്‍ താരങ്ങളാണ്.
തകര്‍ച്ചയുടെ പടുകുഴിയില്‍ മുങ്ങിത്താഴ്ന്ന ലങ്കന്‍ ക്രിക്കറ്റിന്റെ തിരിച്ചുവരവിനാണ് 2024ല്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഇതിന് ആരാധകര്‍ മനസുതുറന്ന് നന്ദി പറയുന്നതാകട്ടെ ഇതിഹാസ താരം സനത് ജയസൂര്യയോടും.
ജയസൂര്യ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുത്തത്തോടെയാണ് ലങ്കന്‍ ക്രിക്കറ്റിന്റെ ഉയര്‍ച്ച ആരംഭിച്ചത്. ലങ്കന്‍ ഇതിഹാസത്തിന് ഇപ്പോഴുള്ള ടീമിനെ തങ്ങളുടെ സുവര്‍ണകാലത്തെയെന്നപോലെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏകദിന റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും ഇടം നേടിയത് ലങ്കന്‍ താരങ്ങളാണ്. ഇവര്‍ മൂന്ന് പേരും ടീമിന്റെ ഭാഗമാണ്.
2024 പാകിസ്ഥാന് സമ്മാനിച്ച ഏറ്റവും മികച്ച താരം, സയീം അയ്യൂബാണ് ഐ.സി.സി ടീം ഓഫ് ദി ഇയറിന്റെ ഓപ്പണര്‍. അഫ്ഗാന്‍ സൂപ്പര്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസാണ് അയ്യൂബിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.
മൂന്ന് മുതല്‍ അഞ്ച് വരെ ശ്രീലങ്കന്‍ സൂപ്പര്‍ താരങ്ങളാണ് ഇടം നേടിയിരിക്കുന്നത്. മൂന്നാമനായി പാതും നിസങ്കയെത്തുമ്പോള്‍ നാലാമനായി വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസും അഞ്ചാം നമ്പറില്‍ ചരിത് അസലങ്കയും ക്രീസിലെത്തും. അസലങ്കയാണ് ടീമിന്റെ ക്യാപ്റ്റന്‍.
വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡാണ് ടീമിലെ ആറാമന്‍. ഏഴാം നമ്പറില്‍ അസ്മത്തുള്ള ഒമര്‍സായിയും ഇടം നേടിയിട്ടുണ്ട്.
ലങ്കന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരങ്ക എട്ടാമനായി എത്തുമ്പോള്‍ പാക് സൂപ്പര്‍ താരങ്ങളായ ഷഹീന്‍ ഷാ അഫ്രിദിയും ഹാരിസ് റൗഫുമാണ് ഒമ്പത്, പത്ത് നമ്പറുകളിലെത്തിയത്. അഫ്ഗാന്‍ യുവതാരം അള്ളാ ഘന്‍സഫറാണ് ടീമിലെ പതിനൊന്നാമന്‍.
ഒറ്റ ഇന്ത്യന്‍ താരം പോലും പട്ടികയില്‍ ഇടം നേടിയിട്ടില്ല. 2024ല്‍ ഇന്ത്യ ഒറ്റ ഏകദിനം പോലും വിജയിച്ചിട്ടില്ല എന്നത് തന്നെയാണ് ഇതിന് കാരണവും.
കഴിഞ്ഞ കലണ്ടര്‍ ഇയറില്‍ ഒറ്റ ഏകദിന പരമ്പര മാത്രമാണ് ഇന്ത്യ കളിച്ചത്. ശ്രീലങ്കയില്‍ ശ്രീലങ്കയ്‌ക്കെതിരെ. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 32 റണ്‍സിന്റെ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.
കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 110 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ശ്രീലങ്ക നേടിയത്. 1997ന് ശേഷം ഇതാദ്യമായാണ് ലങ്ക ഇന്ത്യയെ ഏകദിന പരമ്പരയില്‍ പരാജയപ്പെടുത്തിയത്.
ഐ.സി.സി ഒ.ഡി.ഐ ടീം ഓഫ് ദി ഇയര്‍ 2024 (പുരുഷന്‍)
സയീം അയ്യൂബ് (പാകിസ്ഥാന്‍)
റഹ്‌മാനുള്ള ഗുര്‍ബാസ് (അഫ്ഗാനിസ്ഥാന്‍)
പാതും നിസങ്ക (ശ്രീലങ്ക)
കുശാല്‍ മെന്‍ഡിസ് – വിക്കറ്റ് കീപ്പര്‍ (ശ്രീലങ്ക)
ചരിത് അസലങ്ക – ക്യാപ്റ്റന്‍ (ശ്രീലങ്ക)
ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്)
അസ്മത്തുള്ള ഒമര്‍സായ് (അഫ്ഗാനിസ്ഥാന്‍)
വാനിന്ദു ഹസരങ്ക (ശ്രീലങ്ക)
ഷഹീന്‍ ഷാ അഫ്രിദി (പാകിസ്ഥാന്‍)
ഹാരിസ് റൗഫ് (പാകിസ്ഥാന്‍)
അള്ളാ ഘന്‍സഫര്‍ (അഫ്ഗാനിസ്ഥാന്‍)
Content highlight: ICC Men’s ODI Team of the Year 2024