|

ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ഇതല്ലേ ഡോമിനന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ബാറ്റര്‍മാരുടെ റാങ്കില്‍ ആദ്യ മൂന്നിലെത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മോഡേണ്‍ ഡേ ലെജന്‍ഡ് വിരാട് കോഹ്‌ലിയെയും പ്രോട്ടിയാസ് വെടിക്കെട്ട് വീരന്‍ ഹെന്‌റിക് ക്ലാസനെയും മറികടന്നുകൊണ്ടാണ് ഹിറ്റ്മാന്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയത്.

പുതിയ റാങ്ക് പട്ടികയിലും ആദ്യ അഞ്ചില്‍ മൂന്ന് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഇടം നേടിയിട്ടുണ്ട്. ശുഭ്മന്‍ ഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഹിറ്റ്മാന്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ വിരാട് ഒരു സ്ഥാനം നഷ്ടപ്പെട്ട് അഞ്ചാം സ്ഥാനത്തേക്കുമിറങ്ങി.

പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസം രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ക്ലാസന്‍ നാലാം സ്ഥാനത്തേക്കും പടിയിറങ്ങിയിരിക്കുകയാണ്.

784 റേറ്റിങ്ങുമായാണ് ശുഭ്മന്‍ ഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ശുഭ്മന്‍ ഗില്ലിനേക്കാള്‍ 14 റേറ്റിങ് പോയിന്റുകളുടെ കുറവുമായാണ് ബാബര്‍ അസം രണ്ടാമതുള്ളത്.

രോഹിത് ശര്‍മ (756), ഹെന്‌റിക് ക്ലാസന്‍ (744), വിരാട് കോഹ്‌ലി (736) എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് താരങ്ങളുടെ റേറ്റിങ് പോയിന്റുകള്‍.

കിവീസ് സൂപ്പര്‍ ബാറ്റര്‍ ഡാരില്‍ മിച്ചല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ഐറിഷ് സോള്‍ജ്യര്‍ ഹാരി ടെക്ടറിനെ മറികടന്നാണ് മിച്ചല്‍ ആറാമതെത്തിയത്.

എട്ട് മുതല്‍ 12 വരെ സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. ശ്രേയസ് അയ്യര്‍ (ഇന്ത്യ), ചരിത് അസലങ്ക (ശ്രീലങ്ക), ഇബ്രാഹിം സദ്രാന്‍ (അഫ്ഗാനിസ്ഥാന്‍), ഷായ് ഹോപ് (വെസ്റ്റ് ഇന്‍ഡീസ്), ട്രാവിസ് ഹെഡ് (ഓസ്‌ട്രേലിയ) എന്നിവരാണ് യഥാക്രമം ഈ സ്ഥാനങ്ങളിലുള്ളത്.

സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍ റാസി വാന്‍ ഡെര്‍ ഡസന്‍ ഒരു റാങ്ക് കയറി 13ലെത്തിയപ്പോള്‍ 14 റാങ്കുകള്‍ ഒറ്റയടിക്ക് മെച്ചപ്പെടുത്തിയ ന്യൂസിലാന്‍ഡിന്റെ ഭാവി താരം രചിന്‍ രവീന്ദ്ര 14ാം സ്ഥാനത്തെത്തി.

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് കരിയര്‍ ബെസ്റ്റ് റേറ്റിങ്ങോടെ താരം 14ാം റാങ്കിലെത്തിയത്. ചാമ്പ്യന്‍സ് ട്രോഫിയിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റും രചിന്‍ രവീന്ദ്രയായിരുന്നു.

കെ.എല്‍. രാഹുല്‍ (16ാം റാങ്ക്), ഹര്‍ദിക് പാണ്ഡ്യ (89ാം റാങ്ക്) എന്നിവരാണ് ആദ്യ നൂറിലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ഐ.സി.സി ഏകദിന ബാറ്റര്‍മാരുടെ റാങ്ക് പട്ടികയുടെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്  ചെയ്യുക.

Content Highlight: ICC Men’s ODI batting ranking, Rohit Sharma climbs to 3rd rank