| Friday, 7th June 2024, 8:15 pm

ഐ.സി.സി തെരഞ്ഞെടുത്ത ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ച് അട്ടിമറികള്‍; ഇരയായവരില്‍ വിന്‍ഡീസും ഇംഗ്ലണ്ടും ശ്രീലങ്കയും

സ്പോര്‍ട്സ് ഡെസ്‌ക്

2024 ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. തങ്ങളുടെ ആദ്യ ലോകകപ്പ് കളിക്കുന്ന യു.എസ്.എ മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയിരിക്കുകയാണ്. അട്ടിമറിയെന്നതിനേക്കാള്‍ മോനങ്ക് പട്ടേലിന്റെയും സംഘത്തിന്റെയും ടീം വര്‍ക്കിന്റെ വിജയം എന്ന രീതിയില്‍ തന്നെ ഈ വിജയത്തെ നോക്കിക്കാണണം.

ഈ മത്സരത്തിന് പിന്നാലെ ലോകകപ്പിലെ അട്ടിമറികളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാവുകയാണ്. ഈ സാഹചര്യത്തില്‍ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച അപ്‌സറ്റ് വിക്ടറികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഐ.സി.സി.

ചിത്രത്തിന് കടപ്പാട് ക്രിക്ട്രാക്കര്‍

ലോകകപ്പിന്റെ രണ്ടാം എഡിഷനായ 2009ല്‍ നെതര്‍ലന്‍ഡ്‌സ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതാണ് ഇതില്‍ ആദ്യത്തേത്. ലണ്ടനില്‍ നടന്ന മത്സത്തില്‍ നാല് വിക്കറ്റിനാണ് നെതര്‍ലന്‍ഡ്‌സ് ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ടത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തില്‍ ഡച്ച് പട മറികടക്കുകയായിരുന്നു. നെതര്‍ലന്‍ഡ്‌സ് താരം ടോം ഡി ഗ്രൂത്താണ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യ ആതിഥേയരായ 2016 ലോകകപ്പില്‍ വിന്‍ഡീസിനെ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയതാണ് രണ്ടാമത്തേത്. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനാണ് അഫ്ഗാന്‍ വിജയിച്ചുകയറിയത്.

നജീബുള്ള സദ്രാന്റെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 1123 റണ്‍സാണ് അഫ്ഗാന്‍ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. രണ്ട് വീതം വിക്കറ്റ് നേടിയ മുഹമ്മദ് നബിയും റാഷിദ് ഖാനുമാണ് ബൗളിങ്ങില്‍ തിളങ്ങിയത്.

2022ലാണ് അടുത്ത രണ്ട് അട്ടിമറികള്‍ പിറവിയെടുത്തത്. നമീബിയ ശ്രീലങ്കയെയും അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തിയ മത്സരങ്ങളായിരുന്നു അത്.

മെല്‍ബണില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് ഐറിഷ് പട വിജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 157ന് പുറത്തായി. അര്‍ധ സെഞ്ച്വറി നേടിയ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയാണ് അയര്‍ലന്‍ഡിനായി തിളങ്ങിയത്.

മത്സരത്തില്‍ മഴ കളിച്ചതോടെ ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരം ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 111 ആയി പുതുക്കി നിശ്ചയിച്ചു. എന്നാല്‍ 105 റണ്‍സ് മാത്രമാണ് ത്രീ ലയണ്‍സിന് നേടാന്‍ സാധിച്ചത്.

കാര്‍ഡിനിയ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 55 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് നമീബിയ ലങ്കക്കെതിരെ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നമീബിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 163 റണ്‍സടിച്ചു.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക വെറും 108 റണ്‍സിന് പുറത്തായി. ഡേവിഡ് വീസി ബൗളിങ്ങിനെ മുമ്പില്‍ നിന്നും നയിച്ചപ്പോള്‍ തോല്‍ക്കാന്‍ മാത്രമാണ് ലങ്കക്ക് സാധിച്ചത്.

അട്ടിമറികളുടെ പട്ടികയില്‍ യു.എസ്.എ പാകിസ്ഥാനെ പരാജയപ്പെടുത്തിയതാണ് അവസാനത്തേത്. ന്യൂയോര്‍ക്കില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് അമേരിക്ക പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.

ചിത്രത്തിന് കടപ്പാട് ക്രിക്കറ്റ് ഗള്ളി

പാകിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ നിതീഷ് കുമാര്‍ ബൗണ്ടറി നേടി സ്‌കോര്‍ സമനിലയിലെത്തിക്കുകയായിരുന്നു.

അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മോനങ്ക് പട്ടേല്‍, സൂപ്പര്‍ താരങ്ങളായ ആരോണ്‍ ജോണ്‍സ്, ആന്‍ഡ്രീസ് ഗൗസ് എന്നിവരാണ് യു.എസ്.എക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. പട്ടേല്‍ 38 പന്തില്‍ 50 റണ്‍സ് നേടി പുറത്തായപ്പോള്‍ 26 പന്തില്‍ 35 റണ്‍സുമായി ഗൗസും മികച്ച പ്രകടനം പുറത്തെടുത്തു. 26 പന്തില്‍ രണ്ട് വീതം സിക്സറും ബൗണ്ടറിയുമായി ആരോണ്‍ ജോണ്‍സും തിളങ്ങി.

മത്സരത്തില്‍ നേരത്തെ ടോസ് നേടിയ യു.എസ്.എ നായകന്‍ മോനങ്ക് പട്ടേല്‍ പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മികച്ച തുടക്കമല്ല പാകിസ്ഥാന് ലഭിച്ചത്. ടീം സ്‌കോര്‍ 30 കടക്കും മുമ്പ് മൂന്ന് പാകിസ്ഥാന്‍ വിക്കറ്റുകള്‍ യു.എസ്.എ പിഴുതെറിഞ്ഞു. എന്നാല്‍ നാലാം വിക്കറ്റില്‍ ഷദാബ് ഖാനെ കൂട്ടുപിടിച്ച് ബാബര്‍ സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 72 റണ്‍സാണ് മത്സരത്തിന്റെ ഗതി തിരിച്ചത്. ബാബര്‍ 43 പന്തില്‍ 44 റണ്‍സ് നേടിയപ്പോള്‍ 25 പന്തില്‍ 40 റണ്‍സാണ് ഷദാബിന്റെ സമ്പാദ്യം.

പിന്നാലെയെത്തിയ ഇഫ്തിഖര്‍ അഹമ്മദ്, ഷഹീന്‍ അഫ്രിദി എന്നിവരും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

സൂപ്പര്‍ ഓവറില്‍ ആരോണ്‍ ജോണ്‍സും ഹര്‍മീത് സിങ്ങുമാണ് ബാറ്റിങ്ങിനിറങ്ങിയത്. മികച്ച അനുഭവ സമ്പത്തുള്ള മുഹമ്മദ് ആമിറിനെയാണ് ബാബര്‍ പന്തേല്‍പിച്ചത്.

നിര്‍ണായക ഓവറില്‍പാക് പേസര്‍ സമ്മര്‍ദത്തിന് അടിമപ്പെട്ടപ്പോള്‍ യു.എസ്.എ ബാറ്റര്‍മാര്‍ അത് വൃത്തിയായി മുതലെടുത്തു. ആറ് പന്തും നേരിട്ട ആരോണ്‍ ജോണ്‍സ് 11 റണ്‍സ് നേടിയപ്പോള്‍ ഏഴ് റണ്‍സാണ് എക്സ്ട്രാ ഇനത്തില്‍ പിറന്നത്.

ഒടുവില്‍ സൂപ്പര്‍ ഓവറില്‍ 18 റണ്‍സ് നേടി 19 റണ്‍സിന്റെ ലക്ഷ്യം ആതിഥേയര്‍ പാകിസ്ഥാന് മുമ്പില്‍ വെച്ചു.

19 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് 13 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ഇതോടെ അഞ്ച് റണ്‍സിന്റെ വിജയം യു.എസ്.എ സ്വന്തമാക്കി.

ഇതോടെ ഗ്രൂപ്പ് എ-യില്‍ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും യു.എസ്.എക്കായി.

ജൂണ്‍ 12നാണ് യു.എസ്.എയുടെ അടുത്ത മത്സരം. ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയാണ് എതിരാളികള്‍.

Content Highlight: ICC lists biggest upsets in T20 World Cup history

We use cookies to give you the best possible experience. Learn more