| Wednesday, 20th July 2022, 7:57 pm

ബുംറയും രോഹിത്തും വിരാടും വീണു, തലയുയര്‍ത്തി പന്ത്; വളര്‍ന്നും തളര്‍ന്നും ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ബുധനാഴ്ച പുറത്തുവിട്ട ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര വിജയത്തിന് ശേഷം പുറത്തുവിട്ട റാങ്കിങ്ങിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയടക്കമുള്ളവര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നത്.

ഇംഗ്ലണ്ട് – ഇന്ത്യ ആദ്യ ഏകദിനത്തില്‍ 19 റണ്‍സിന് ആറ് വിക്കറ്റ് എന്ന കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്തതിന് ശേഷമായിരുന്നു ഇന്ത്യയുടെ ഫാസ്റ്റ് ബോള്‍ സ്പിയര്‍ ഹെഡ് ജസ്പ്രീത് ബുംറയ്ക്ക് ആദ്യ സ്ഥാനം നഷ്ടമായിരിക്കുന്നത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബുംറ പുതിയ റാങ്കിങ് പ്രകാരം രണ്ടാം സ്ഥാനത്തേക്ക് വീണു.

ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് പട്ടികയിലെ ഒന്നാമന്‍. വെറും ഒരു പോയിന്റെ അടിസ്ഥാനത്തിലാണ് ബോള്‍ട്ട് ബുംറയുടെ മുമ്പിലെത്തിയത്. ബോള്‍ട്ടിന് 704 പോയിന്റും ബുംറയ്ക്ക് 703 പോയിന്റുമാണുള്ളത്.

ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ ഒന്നും തന്നെയില്ല.

ബൗളര്‍മാരുടെ പട്ടികയില്‍ യൂസ്വേന്ദ്ര ചഹലാണ് നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ ബൗളര്‍. നാല് സ്ഥാനം മെച്ചപ്പെടുത്തിയ ചഹല്‍ ഇപ്പോള്‍ 16ാം സ്ഥാനത്താണ്.

ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ വിരാട് കോഹ്‌ലി ഒരു സ്ഥാനം നഷ്ടപ്പെട്ട് നാലാം സ്ഥാനത്തേക്ക് വീണു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയ റാസ് വാന്‍ ഡെര്‍ ഡുസനാണ് പട്ടികയിലെ മൂന്നാമന്‍. കോഹ്‌ലിക്ക് 790 പോയിന്റുള്ളപ്പോള്‍ 796 പോയിന്റാണ് ഡുസനുള്ളത്.

ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ഒരു സ്ഥാനം പോലും മെച്ചപ്പെടുത്താനായിട്ടില്ല. 786 പോയിന്റോടെ താരം അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.

ഇന്ത്യന്‍ യുവതാരം റിഷബ് പന്താണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ ബാറ്റര്‍. ഒറ്റയടിക്ക് 25 സ്ഥാനം മെച്ചപ്പെടുത്തിയ പന്ത് നിലവില്‍ 52ാം സ്ഥാനത്താണ്.

പാക് നായകന്‍ ബാബര്‍ അസമാണ് പോയിന്റ് പട്ടികയിലെ ഒന്നാമന്‍. 892 പോയിന്റാണ് ബാബറിനുള്ളത്. രണ്ടാം സ്ഥാനവും മറ്റൊരു പാക് താരത്തിനാണ്. 815 പോയിന്റുള്ള ഇമാം ഉള്‍ ഹഖാണ് പട്ടികയിലെ രണ്ടാമന്‍. ഇരുവര്‍ക്കും മാത്രമാണ് 800+ പോയിന്റുള്ളത്.

ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരം മാത്രമാണുള്ളത്. 242 പോയിന്റുമായി ഹര്‍ദിക് പാണ്ഡ്യ എട്ടാം സ്ഥാനത്താണ്. 13ാമത് നിന്നും അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഹര്‍ദിക് തന്റെ കരിയറില്‍ ആദ്യമായിട്ടാണ് ആദ്യ പത്തിലെത്തുന്നത്.

394 പോയിന്റുമായി ബംഗ്ലാദേശിന്റെ എക്കാലത്തേയും മികച്ച താരം ഷാകിബ് അല്‍ ഹസനാണ് ഓള്‍ റൗണ്ടര്‍മാരില്‍ ഒന്നാമന്‍.

(ഐ.സി.സി പോയിന്റ് ടേബിള്‍ കാണുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക)

Content Highlight: ICC latest rankings: Bumrah, Virat, and Rohit suffer while Pant jumps 25 spots

We use cookies to give you the best possible experience. Learn more