വിരമിക്കല്‍ പിന്‍വലിച്ച് കളിക്കാന്‍ വന്നവനെ ശിക്ഷിച്ച് ഐ.സി.സി; ഇതിപ്പോള്‍ ഹൈദരാബാദിനും ഇല്ല ശ്രീലങ്കക്കും ഇല്ല എന്ന അവസ്ഥ
Sports News
വിരമിക്കല്‍ പിന്‍വലിച്ച് കളിക്കാന്‍ വന്നവനെ ശിക്ഷിച്ച് ഐ.സി.സി; ഇതിപ്പോള്‍ ഹൈദരാബാദിനും ഇല്ല ശ്രീലങ്കക്കും ഇല്ല എന്ന അവസ്ഥ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th March 2024, 7:51 am

 

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും ശ്രീലങ്കന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരങ്കയെ സസ്‌പെന്‍ഡ് ചെയ്ത് ഐ.സി.സി. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഹസരങ്ക ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാല്‍ ഈ പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ നിന്നും ഐ.സി.സി ഹസരങ്കയെ വിലക്കിയിരിക്കുകയാണ്.

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ ഹസരങ്ക പെരുമാറ്റച്ചട്ടം ലംഘിച്ചിരുന്നു. കോഡ് ഓഫ് കണ്ടക്ടിന്റെ ആര്‍ട്ടിക്കിള്‍ 2.8 ആണ് താരം ലംഘിച്ചത്. ഒരു അന്താരാഷ്ട്ര മത്സരത്തില്‍ അമ്പയറിന്റെ തീരുമാനത്തോട് വിയോജിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടമാണ് ഹസരങ്ക ലംഘിച്ചത്.

 

മത്സരത്തിന്റെ 37ാം ഓവറിലായിരുന്നു സംഭവം. അമ്പയറിന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച ഹസരങ്ക തന്റെ തൊപ്പി അമ്പയറില്‍ നിന്നും പിടിച്ചുവാങ്ങുകയായിരുന്നു.

ഇതിന് പിന്നാലെ മാച്ച് ഫീയുടെ 50 ശതമാനം പിഴയും മൂന്ന് ഡീ മെറിറ്റ് പോയിന്റുകളും താരത്തിന് ലഭിച്ചിരുന്നു. ഇതോടെ രണ്ട് വര്‍ഷത്തിനിടെ എട്ട് ഡീമെറിറ്റ് പോയിന്റുകളാണ് ഹസരങ്ക തന്റെ പേരിലാക്കിയത്.

കഴിഞ്ഞ മാസം ദാംബുള്ളയില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന മൂന്നാം ടി-20യിലും താരത്തിന് ഡീമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരിലെ ആദ്യ രണ്ട് മത്സരത്തില്‍ നിന്നും ഹസരങ്കക്ക് പുറത്തിരിക്കേണ്ടതായും വന്നിരുന്നു.

 

ഇപ്പോള്‍ താരത്തിന്റെ ഡീമെറിറ്റ് പോയിന്റ് എട്ടായി ഉയര്‍ന്നതോടെ അന്താരാഷ്ട്ര മത്സരങ്ങളിലെ സസ്‌പെന്‍ഷനിലേക്ക് ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നത്. ആര്‍ട്ടിക്കിള്‍ 7.6 പ്രകാരം താരത്തിന്റെ എട്ട് ഡീമെറിറ്റ് പോയിന്റുകള്‍ എട്ട് സസ്‌പെന്‍ഷന്‍ പോയിന്റുകളായി മാറ്റിയിരിക്കുകയാണ്.

ഇതോടെ ശ്രീലങ്കക്ക് വേണ്ടിയുള്ള രണ്ട് ടെസ്റ്റുകളോ നാല് ഏകദിനമോ നാല് ടി-20യോ താരത്തിന് നഷ്ടമാകും. ഏത് മത്സരമാണ് ആദ്യം നടക്കുക എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത് തീരുമാനിക്കപ്പെടുക. ഇപ്പോള്‍ ടെസ്റ്റ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടതിനാല്‍ താരത്തിന് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ രണ്ട് മത്സരവും നഷ്ടമായേക്കും.

 

അതേസമയം, ടി-20 പരമ്പരയില്‍ ശ്രീലങ്കയും ഏകദിന പരമ്പരയും ബംഗ്ലാദേശും സ്വന്തമാക്കിയിരുന്നു. മാര്‍ച്ച് 22നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. സില്‍ഹെറ്റ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് ആദ്യ മത്സരത്തിന് വേദിയാകുന്നത്.

 

 

Content highlight: ICC has suspended Sri Lankan star Wanindu Hasaranka from the Test series against Bangladesh.