2022ലെ ലോകത്തെ മികച്ച പുരുഷ ക്രിക്കറ്റ്‌ താരത്തെ പ്രഖ്യാപിച്ച് ഐ.സി.സി
Cricket
2022ലെ ലോകത്തെ മികച്ച പുരുഷ ക്രിക്കറ്റ്‌ താരത്തെ പ്രഖ്യാപിച്ച് ഐ.സി.സി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th January 2023, 7:22 pm

2022 കലണ്ടർ വർഷത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ്‌ താരത്തെ പ്രഖ്യാപിച്ച് ഐ.സി.സി.
പാകിസ്ഥാൻ ക്രിക്കറ്റ്‌ ടീം നായകനായ ബാബർ അസമാണ് ഐ.സി.സി ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കിയത്.
ഐ.സിസി.യുടെ മികച്ച പുരുഷ താരത്തിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫിയാണ് കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തി ബാബർ അസം സ്വന്തമാക്കിയത്.

ടെസ്റ്റ്‌, ഏകദിന, ടി-20 ഫോർമാറ്റുകളിലായി 44 മത്സരങ്ങളില്‍ കളിച്ച ബാബർ 2598 റൺസാണ് സ്വന്തമാക്കിയത്. കൂടാതെ പാക് ഇന്നിങ്സിൽ പല നിർണായക ഘട്ടങ്ങളിലും രക്ഷകന്റെ റോളിലെത്താൻ ബാബറിനായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മൂന്ന് ഫോർമാറ്റുകളിലുമായി കളിച്ച 44 മത്സരങ്ങളില്‍ നിന്നും 54.12 ശരാശരിയിലാണ് താരം 2598 റൺസ് സ്വന്തമാക്കിയത്. ഇതിൽ എട്ട് സെഞ്ച്വറികളും 17 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. കൂടാതെ 2022 കലണ്ടർ വർഷത്തിൽ ടെസ്റ്റ്‌, ഏകദിന, ടി-20 ഫോര്‍മാറ്റുകളിലായി 2000ത്തിലധികം റൺസ് സ്വന്തമാക്കിയ ഏക ബാറ്റർ എന്ന റെക്കോർഡും ബാബർ അസം സ്വന്തമാക്കിയിരുന്നു.

ഏകദിന ക്രിക്കറ്റ് സ്പെഷ്യലിസ്റ്റ് ബാറ്ററായ പാക് നായകനെ തേടി നേരത്തെ ഐ.സി. സിയുടെ ഏറ്റവും മികച്ച ഏകദിന പുരുഷ താരത്തിനുള്ള പുരസ്കാരം എത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം കളിച്ച ഒമ്പത് ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും മൂന്ന് സെഞ്ച്വറികളും അഞ്ച് അർദ്ധ സെഞ്ച്വറികളും നേടി ഗംഭീര പ്രകടനമാണ് ബാബർ അസം കാഴ്ച വെച്ചത്. ഒരേയൊരു ഏകദിന മത്സരത്തിലൊഴിച്ച് ബാക്കി മത്സരങ്ങളിൽ നിന്നെല്ലാം ഉയർന്ന സ്കോറുകൾ സ്വന്തമാക്കാൻ കഴിഞ്ഞ ബാബറിനെ പ്രശംസിച്ച് നിരവധി ആരാധകരും രംഗത്തെത്തിയിരുന്നു.

ഏകദിന മത്സരങ്ങളിൽ പുറത്തെടുത്ത പ്രകടന മികവിനോളം എത്തിയില്ലെങ്കിലും ടെസ്റ്റ്‌ ക്രിക്കറ്റ് ഫോർമാറ്റിലും ബാറ്ററെന്ന നിലയിൽ മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുക്കാൻ ബാബറിന് സാധിച്ചു. കഴിഞ്ഞ കലണ്ടർ വര്‍ഷം ഒമ്പത് ടെസ്റ്റ്‌ മത്സരങ്ങൾ കളിച്ച ബാബർ 1184 റൺസ് നേടിയിട്ടുണ്ട്. ടി-20 ക്രിക്കറ്റിലും മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്ത ബാബർ 2009ന് ശേഷം ടീമിനെ ലോകകപ്പ് ഫൈനലിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ്‌ താരം നാറ്റ് സ്‌കൈവര്‍ ആണ് ഐ. സി. സിയുടെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച വനിതാ താരം. കഴിഞ്ഞ വര്‍ഷം കളിച്ച 33 മത്സരങ്ങളില്‍ 1346 റണ്‍സും 22 വിക്കറ്റുമാണ് സ്‌കൈവര്‍ നേടിയത്.

 

Content Highlights:ICC has announced the best men’s cricketer in the world for 2022