ദുബായ്: പാകിസ്താനിലെ ഏതൊ ഒരു പാടത്ത് നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിന്റെ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരുന്നത്. ശക്തിയായി ഷോട്ട് അടിക്കാനായി ബാറ്റ്സ്മാന്‍ ബാറ്റ് ആഞ്ഞുവീശിയെങ്കിലും കാറ്റിന്റെ ശക്തി കൊണ്ടോ സ്പിന്ന് കൊണ്ടോ പന്ത് തൊട്ടടുത്ത് തന്നെ വീഴുകയും ഉരുണ്ടു വന്ന് സ്റ്റമ്പായി വെച്ച (വിക്കറ്റ്)കല്ലില്‍ കൊള്ളുകയായിരുന്നു.
എന്നാല്‍ അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും ബാറ്റ്സ്മാന്‍ ക്രീസ് വിടാന്‍ തയ്യാറായില്ല. ഒടുവില്‍ മനസ്സില്ലാ മനസ്സോടെയാണ് ബാറ്റ്‌സമാന്‍ അടുത്ത ആള്‍ക്ക് ബാറ്റ് കൈമാറിയത്. ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ ഹംസ എന്ന ഒരു ആരാധകന്‍ വീഡിയോ ഐ.സി.സിക്ക് അയച്ചുകൊടുക്കുകയായിരുന്നു. അത് ഔട്ടാണോ അല്ലയോ എന്നായിരുന്നു ഹംസയുടെ ഐ.സി.സിയോടുള്ള ചോദ്യം.
ഹംസയ്ക്കും നിരവധി ആരാധകരെയും കുഴപ്പിച്ച സംശയത്തിന് ഒടുവില്‍ ഐ.സി.സി വിധി പറഞ്ഞു. ഐ.സി.സിയുടെ നിയമം 32.1 പ്രകാരം ബാറ്റ്സ്മാന്‍ ഔട്ടാണെന്നായിരുന്നു വിധി. ഇങ്ങനെയുള്ള നാട്ടിന്‍പുറത്തെ ക്രിക്കറ്റിലെ ചെറിയ സംശയങ്ങളെ പരിഗണിച്ച ഐ.സി.സിയുടെ ട്വീറ്റ് ആരാധകരെ അമ്പരപ്പിച്ചു.
ഐ.സി.സിയുടെ ഈ ട്വീറ്റിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഔട്ടാണോ അല്ലയോ എന്ന് ഐ.സി.സി തീര്‍പ്പാക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി വീഡിയോയും ആരാധകര്‍ ഈ ട്വീറ്റിന് താഴെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വീഡിയോ കാണാം