ലോകകപ്പില്‍ ഇന്ത്യക്കെതിരെ നീക്കങ്ങളുമായി ഐ.സി.സി ജനറല്‍ മാനേജര്‍; ഇന്ത്യ വെട്ടിയ വടി കൊണ്ട് തിരിച്ചടിക്കാന്‍ പാകിസ്ഥാന്‍
പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പില്‍ തങ്ങള്‍ കളിക്കാനെത്തില്ല എന്ന് ഇന്ത്യ പ്രഖ്യാപിച്ചതോടെ വാശിയേറിയ വാദപ്രതിവാദങ്ങള്‍ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
തങ്ങള്‍ പാകിസ്ഥാനിലെത്തി മത്സരം കളിക്കാന്‍ ഒരുക്കമല്ലെന്നും, അതിന് സാധിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കാന്‍ തയ്യാറാണ് എന്നും ഇന്ത്യ നിലപാടെടുത്തപ്പോള്‍ ഏഷ്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളുകയായിരുന്നു.
ടൂര്‍ണമെന്റിന് പാകിസ്ഥാന്‍ തന്നെ വേദിയാകുമെന്നും എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നിക്ഷ്പക്ഷ വേദിയിലേക്ക് മാറ്റുമെന്നുമായിരുന്നു ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നിലപാടെടുത്തത്.
ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യ പാകിസ്ഥാനിലെത്തില്ലെങ്കില്‍ 2023ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് കളിക്കാന്‍ തങ്ങളുമെത്തില്ലെന്ന് പാകിസ്ഥാനും പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള കൂടുതല്‍ സാധ്യതകള്‍ തേടുകയാണ് പാകിസ്ഥാന്‍ ഇപ്പോള്‍.
ഈ പശ്ചാത്തലത്തില്‍ ലോകകപ്പ് മത്സരങ്ങള്‍ നിക്ഷ്പക്ഷ വേദിയില്‍ നടത്തുന്നതാണ് ഉചിതമെന്നുള്ള പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഐ.സി.സിയുടെ ജനറല്‍ മാനേജറും മുന്‍ പി.സി.ബി സി.ഇ.ഓയുമായിരുന്ന വസീം ഖാന്‍. പാകിസ്ഥാന്‍ ഇന്ത്യയിലെത്തി മത്സരം കളിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു പാക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ലോകകപ്പ് ഇന്ത്യയില്‍ വെച്ച് തന്നെ നടക്കും, പക്ഷേ പാകിസ്ഥാന്‍ ഇന്ത്യക്ക് പുറത്ത് മറ്റൊരു വേദിയില്‍ വെച്ചായിരിക്കും കളിക്കുക. വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ എന്തൊക്കെ നടന്നു എന്നതിനാല്‍ പാകിസ്ഥാന്‍ ഇന്ത്യയിലെത്തി ലോകകപ്പ് കളിക്കില്ല,’ എന്നായിരുന്നു വസീം ഖാന്‍ പറഞ്ഞതായി ക്രിക്ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈയൊരു നിലപാടിലേക്ക് ഐ.സി.സി മാറുകയാണെങ്കില്‍ വരുമാനമടക്കമുള്ള കാര്യങ്ങള്‍ ബി.സി.സി.ഐക്ക് തിരിച്ചടി നേടിടേണ്ടി വരുമെന്നുറപ്പാണ്.
Content Highlight: ICC general manager about Pakistan’s stand in 2023 World Cup