ഡോ. ബിജുവിന്റെ ‘അദൃശ്യ ജാലകങ്ങളു’ടെ സെറ്റില്‍ പരാതി പരിഹാര സെല്‍ രൂപീകരിച്ചു. ഡോ.ബിജു തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സിനിമാ മേഖല കൂടുതല്‍ സ്ത്രീ സൗഹാര്‍ദപരമാവുക എന്നത് ഏറെ പ്രധാനമാണെന്നും, പൊതുവെ സിനിമയില്‍ ഐ.സി.സി ഷൂട്ടിംഗ് സമയത്താണ് രൂപീകരിക്കുന്നതെന്നും, എന്നാല്‍ ഒരു സിനിമ അതിന്റെ പ്രീ പ്രൊഡക്ഷന്‍ മുതലാണ് ആരംഭിക്കുന്നത് ആ ഘട്ടം മുതല്‍ക്കേ ഐ.സി.സി രൂപീകരിക്കുന്നു എന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു.
‘സിനിമാ മേഖലയില്‍ തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദവും തൊഴിലാളി സൗഹൃദവും ആവുക എന്നത് ഏറെ പ്രധാനമാണ് . പരാതി പരിഹാര സെല്‍ ഉറപ്പു വരുത്തുന്ന സിനിമാ സെറ്റുകള്‍ വളരെ കുറവാണ് . ‘അദൃശ്യ ജാലകങ്ങള്‍’ സിനിമയുടെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിച്ച വിവരം സന്തോഷ പൂര്‍വം അറിയിക്കുന്നു . പൊതുവെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നത് സിനിമയുടെ ഷൂട്ടിങ് സമയത്ത് മാത്രമാണ്. എന്നാല്‍ ഒരു സിനിമ എന്നത് പ്രീ പ്രൊഡക്ഷന്‍ കാലയളവ് മുതല്‍ തന്നെ ആരംഭിക്കുന്നു. അതിനാല്‍ നിലവിലുള്ള രീതിയില്‍ നിന്നും വ്യത്യസ്തമായി ഞങ്ങള്‍ ഈ ഇന്റേണല്‍ കമ്മിറ്റി സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഘട്ടം മുതല്‍ തന്നെ രൂപീകരിക്കുകയാണ് . നിര്‍മാതാക്കള്‍ എല്ലനാര്‍ ഫിലിംസ് , മൈത്രി മൂവി മേക്കേഴ്സ് , ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ് എന്നിവര്‍ക്ക് നന്ദി. മലയാള സിനിമ പുതിയ ശീലങ്ങളിലേക്ക് കൂടി മാറട്ടെ.’; ബിജു പറയുന്നു.