| Thursday, 26th December 2024, 2:15 pm

വിരാടിന് ഐ.സി.സിയുടെ കടുത്ത ശിക്ഷ; കോഹ്‌ലിയെ വിമര്‍ശിച്ച് സൂപ്പര്‍ താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ സാം കോണ്‍സ്റ്റസുമായുള്ള ‘കൂട്ടിയിടിയില്‍’ വിരാട് കോഹ്‌ലിക്ക് തിരിച്ചടി. അനാവശ്യമായി എതിര്‍ താരത്തിന്റെ ദേഹത്ത് തോളുകൊണ്ട് ഇടിച്ചതില്‍ വിരാട് മാച്ച് ഫീസിന്റെ 20 ശതമാനം പിഴയൊടുക്കണമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിരാട് മനപ്പൂര്‍വം കോണ്‍സ്റ്റസിന്റെ തോളില്‍ ഇടിക്കുകയും ദേഷ്യപ്പെട്ട് സംസാരിക്കുകയുമായിരുന്നു. കോണ്‍സ്റ്റസിനെ സ്ലെഡ്ജ് ചെയ്യണമെന്നും അതുവഴി താരത്തിന്റെ മൊമെന്റം ഇല്ലാതാക്കണമെന്നും തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു വിരാടിന്റെ പ്രവൃത്തി.

സംഭവം കൂടുതല്‍ ചൂടുപിടിക്കും മുമ്പ് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ഉസ്മാന്‍ ഖവാജയും അമ്പയര്‍മാരും ഇടപെട്ട് രംഗം ശാന്തമാക്കി. ഐ.സി.സി ഇക്കാര്യം പരിശോധിക്കുമെന്ന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിരാടിനെതിരെ ക്രിക്കറ്റ് ബോര്‍ഡ് നടപടിയെടുത്തിരിക്കുന്നത്.

വിരാടിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങളായ രവിശാസ്ത്രിയും സുനില്‍ ഗവാസ്‌കറും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിരാടിന്റെ പ്രവൃത്തി തീര്‍ത്തും അനാവശ്യമാണെന്നായിരുന്നു ശാസ്ത്രിയുടെ വിമര്‍ശനം. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കണമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.

മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങും വിരാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം, പരമ്പരയിലെ നാലാം മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റസ് മുതല്‍ ടീമിന്റെ ടോപ് ഓര്‍ഡര്‍ ഒന്നുപോലെ തിളങ്ങിയതോടെയാണ് ഓസീസിന് ആദ്യ ദിനം മേല്‍ക്കൈ നേടാന്‍ സാധിച്ചത്.

145 പന്തില്‍ നിന്നും 72 റണ്‍സ് നേടിയ മാര്‍നസ് ലബുഷാനാണ് ആദ്യ ദിനം ടീമിന്റെ ടോപ് സ്‌കോറര്‍. ജസ്പ്രീത് ബുംറയെ സിക്‌സറിന് തൂക്കി വരവറിയിച്ച സാം കോണ്‍സ്റ്റസ് 65 പന്തില്‍ 60 റണ്‍സും ഉസ്മാന്‍ ഖവാജ 121 പന്തില്‍ 57 റണ്‍സും നേടി.

ഗാബയില്‍ സെഞ്ച്വറി നേടി വമ്പന്‍ തിരിച്ചുവരവ് നടത്തിയ സ്റ്റീവ് സ്മിത്ത് മെല്‍ബണിലും തിളങ്ങുകയാണ്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സ്മിത്ത് ക്രീസില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

111 പന്തില്‍ നിന്നും പുറത്താകാതെ 68 റണ്‍സാണ് താരം സ്വന്തമാക്കിയത്. 17 പന്തില്‍ എട്ട് റണ്‍സ് നേടിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് സ്മിത്തിന് കൂട്ടായി ക്രീസിലുള്ളത്.

സൂപ്പര്‍ താരം ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും നിരാശപ്പെടുത്തി. ഹെഡ് ഏഴ് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായപ്പോള്‍ 13 പന്തില്‍ നിന്നും നാല് റണ്‍സ് നേടിയാണ് മാര്‍ഷ് തിരിച്ചുനടന്നത്.

ആദ്യ ദിവസം ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

നിലവില്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1ന് ഒപ്പത്തിനൊപ്പമാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയപ്പോള്‍ അഡ്‌ലെയ്ഡില്‍ പത്ത് വിക്കറ്റിന് വിജയിച്ചാണ് കങ്കാരുക്കള്‍ തിരിച്ചടിച്ചത്. ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

Content highlight: ICC fined Virat Kohli 20 percentage of match fees for shouldering Sam Konstas

We use cookies to give you the best possible experience. Learn more