തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് എട്ടിന്റെയും ഗില്ലിന് പതിനാറിന്റെയും പണി; കണ്ടകശനി ഒഴിയുന്നില്ലേ?
World Test Championship
തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് എട്ടിന്റെയും ഗില്ലിന് പതിനാറിന്റെയും പണി; കണ്ടകശനി ഒഴിയുന്നില്ലേ?
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th June 2023, 3:52 pm

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേറ്റ പടുകൂറ്റന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യയെ തേടി ഐ.സി.സിയുടെ പിഴ. നിശ്ചിത സമയത്ത് അഞ്ച് ഓവര്‍ കുറച്ച് എറിഞ്ഞതിന് പിന്നാലെയാണ് ഇന്ത്യക്ക് മാച്ച് ഫീയുടെ നൂറ് ശതമാനം ഐ.സി.സി പിഴയായി ചുമത്തിയത്.

ഇന്ത്യക്ക് മാത്രമല്ല, ഓസീസിനും ഐ.സി.സി പിഴ വിധിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനിടെ നാല് ഓവര്‍ കുറച്ച് എറിഞ്ഞതോടെ 80 ശതമാനമാണ് പിഴയായി ചുമത്തപ്പെട്ടത്.

ഐ.സി.സിയുടെ നിയമപ്രകാരം നിശ്ചിത സമയത്ത് എറിഞ്ഞ പൂര്‍ത്തിയാക്കാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ. ഇതനുസരിച്ചാണ് ഫൈനല്‍ കളിച്ച രണ്ട് ടീമിനും ഐ.സി.സി പിഴ ചുമത്തിയത്.

 

 

ഇതിന് പുറമെ ഇന്ത്യന്‍ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനും പിഴ ലഭിച്ചിട്ടുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ അമ്പയറുടെ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചതിന്റെ പേരിലാണ് ഗില്ലിന് പിഴ ചുമത്തിയിട്ടുള്ളത്. മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴ. ഇതോടെ ഗില്‍ ആകെ മാച്ച് ഫീയുടെ 115 ശതമാനം പിഴയായി ഒടുക്കണം.

രണ്ടാം ഇന്നിങ്‌സില്‍ ഗില്ലിന്റെ പുറത്താകല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. സ്‌കോട് ബോണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിന് ക്യാച്ച് നല്‍കിയായിരുന്നു ഗില്ലിന്റെ മടക്കം.

എന്നാല്‍ ഗ്രീന്‍ ആ ക്യാച്ച് പ്രോപ്പറായി കംപ്ലീറ്റ് ചെയ്തിരുന്നില്ലെന്നും പന്ത് ഗ്രൗണ്ടില്‍ ടച്ച് ചെയ്യുന്നുണ്ടെന്നും സംശയമുണ്ടായിരുന്നു. തേര്‍ഡ് അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോ ഓസീസിന് അനുകൂലമായി വിധിയെഴുതിയത് ഗില്ലിനെ ചൊടിപ്പിച്ചിരുന്നു. ഓവലിലെ കാണികള്‍ കൂവലുകളോടെയാണ് ഈ തീരുമാനത്തെ സ്വകീരിച്ചത്.

ഇതിന് പിന്നാലെയാണ് ഗില്‍ കെറ്റില്‍ബെറോയുടെ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ഇത് ആര്‍ട്ടിക്കിള്‍ 2.7ന്റെ ലംഘനമാണെന്ന് മാച്ച് റഫറി കണ്ടെത്തിയതോടെയാണ് ഗില്ലിന് പിഴ വിധിച്ചത്.

കഴിഞ്ഞ ദിവസം അവസാനിച്ച ഫൈനലില്‍ 209 റണ്‍സിന്റെ നാണംകെട്ട തോല്‍വിയാണ് ഇന്ത്യക്ക് വഴങ്ങേണ്ടി വന്നത്. ഓസീസ് ഉയര്‍ത്തിയ 444 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 234 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഇന്ത്യക്കെതിരായ വിജയത്തോടെ പുരുഷ ക്രിക്കറ്റിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കുന്ന ആദ്യ ടീം എന്ന റെക്കോഡും ഓസീസിനെ തേടിയെത്തിയിരുന്നു. അഞ്ച് തവണ ഏകദിന ലോകകപ്പും രണ്ട് തവണ ചാമ്പ്യന്‍സ് ട്രോഫിയും 2021ല്‍ ടി-20 ലോകകപ്പും സ്വന്തമാക്കിയ മൈറ്റി ഓസീസ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടവും തങ്ങളുടെ പോര്‍ട്‌ഫോളിയോയില്‍ എഴുതിച്ചേര്‍ത്താണ് ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലേക്ക് കാലെടുത്ത് വെച്ചത്.

 

Content highlight: ICC fined India and Australia