ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (International Cricket Council, ICC) ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക തയ്യാറായി. ഇന്ത്യന്‍ താരം ആര്‍.അശ്വിനടക്കം നാല് പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അശ്വിന്‍ മാത്രമാണ് പട്ടികയിലുള്ള ഏക ഇന്ത്യന്‍ താരം.
ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, ന്യൂസിലാന്റ് ഓള്‍റൗണ്ടര്‍ കൈല്‍ ജമേഴ്‌സണ്‍, ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌ന എന്നിവരാണ് അശ്വിനൊപ്പം പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
2022 ജനുവരി 24നാണ് പുരസ്‌കാരം നല്‍കുന്നത്. ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് പുറമെ ഐ.സി.സിയുടെ മറ്റ് പുരസ്‌കാരങ്ങളും ജനുവരി 24ന് സമ്മാനിക്കും.
സര്‍ ഗാര്‍ഫീല്‍ഡ് ട്രോഫി- മികച്ച പുരുഷ ക്രിക്കറ്റര്‍
റേയ്ച്ചല്‍ ഹേയ്‌ഹോ ഫ്‌ളിന്റ് ട്രോഫി- മികച്ച വനിതാ ക്രിക്കറ്റര്‍
ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍
ഐ.സി.സി ഒ.ഡി.ഐ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ (പുരുഷ-വനിതാ വിഭാഗം)
ഐ.സി.സി ടി-20 ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ (പുരുഷ-വനിതാ വിഭാഗം)
ഐ.സി.സി എമേര്‍ജിംഗ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ (പുരുഷ-വനിതാ വിഭാഗം)
ഐ.സി.സി അസോസിയേറ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ (പുരുഷ-വനിതാ വിഭാഗം)
ഐ.സി.സി സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റര്‍ അവാര്‍ഡ്
ഐ.സി.സി അംപയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്- തുടങ്ങിയ പുരസ്‌കാരങ്ങളാണ് സമ്മാനിക്കുന്നത്.
2021ലെ മികച്ച പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അടക്കമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. അശ്വിനും ജോ റൂട്ടിനെയും മറ്റ് താരങ്ങളേയും സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു 2021.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എട്ട് മത്സരങ്ങളില്‍ നിന്നുമായി 52 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. ഓസീസിനെതിരെ സിഡ്നിയില്‍ പുറത്താകാതെ 128 പന്തില്‍ നിന്നും നേടിയ 39 റണ്ണുകളാണ് ഇന്ത്യക്ക് അന്ന് സമനില നേടിക്കൊടുത്തത്. ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടില്‍ കളിച്ച പരമ്പരയില്‍ 32 വിക്കറ്റുകളും അശ്വിന്‍ നേടിയിരുന്നു. പരമ്പരയിലെ താരവും അശ്വിന്‍ തന്നെയായിരുന്നു.
ബാറ്റിങ്ങിലും ഈ വര്‍ഷം മോശമല്ലാത്ത പ്രകടനം അശ്വിന്‍ കാഴ്ചവെച്ചിരുന്നു. 28 ശരശരിയില്‍ ഒരു സെഞ്ച്വറിയടക്കം 337 റണ്‍സാണ് അശ്വിന്‍ ഈ വര്‍ഷം നേടിയത്.
ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന് വളരെ മികച്ച വര്‍ഷമായിരുന്നു 2021. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയവരില്‍ മൂന്നാമനായാണ് റൂട്ട് 2021 അവസാനിപ്പിക്കുന്നത്. 61 ശരാശരിയില്‍ 1708 റണ്‍സാണ് റൂട്ട് ഇംഗ്ലണ്ടിനായി ഈ വര്‍ഷം അടിച്ചുകൂട്ടിയത്.
ന്യൂസിലാന്റ് ക്രിക്കറ്റിന്റെ ഭാവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൈല്‍ ജമേഴ്സണാണ് ലിസ്റ്റിലുള്ള മറ്റൊരു താരം. ഈ വര്‍ഷം അഞ്ച് മത്സരങ്ങളില്‍ നിന്നും 18 ശരാശരിയില്‍ 27 വിക്കറ്റുകളാണ് ജമേഴ്സണ്‍ നേടിയത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്റിന്റെ നെടുംതൂണായിരുന്നു ജമേഴ്സണ്‍. ഇന്ത്യക്കെതിരെയുള്ള ഫൈനലില്‍ രണ്ട് ഇന്നിംഗ്സില്‍ നിന്നും ഏഴ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. രണ്ട് ഇന്നിംഗസിലും ഇന്ത്യന്‍ നായകന്‍ വിരാടിനെ പുറത്താക്കിയതും ജമേഴ്സണായിരുന്നു.
ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്നെയാണ് പട്ടികയിലെ മറ്റൊരു താരം. ഈ വര്‍ഷം ഏഴ് ടെസ്റ്റുകള്‍ കളിച്ച കരുണരത്നെ 69.38 ശരാശരിയില്‍ 902 റണ്ണുകള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം നാല് സെഞ്ച്വറികളാണ് താരം അടിച്ചു കൂട്ടിയത്. ബംഗ്ലാദേശിനെതിരെ നേടിയ ഇരട്ട സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടുന്നു.
മറ്റു അവാര്‍ഡുകളിലേക്കുള്ള താരങ്ങളെ ഇതുവരെ ഐ.സി.സി നോമിനേറ്റ് ചെയ്തിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റര്‍ അവാര്‍ഡ് ഉള്‍പ്പടെ 13 അവാര്‍ഡുകളാണ് ഈ വര്‍ഷം ഉണ്ടാകുക.