ഐ.സി.സിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പരുസ്‌കാരം ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തിന്. മികച്ച ടെസ്റ്റ് താരത്തിനുള്ള അവാര്‍ഡും സ്മിത്തിന് തന്നെയാണ്. ഒരേ സമയം രണ്ട് അവാര്‍ഡുകളും കരസ്ഥമാക്കുന്ന ഏഴാമത്തെ താരമാണ് സ്മിത്ത്. രാഹുല്‍ ദ്രാവിഡ്, കാലിസ്, പോണ്ടിംഗ്, സങ്കക്കാര, ക്ലാര്‍ക്ക്, മിച്ചല്‍ ജോണ്‍സണ്‍ എന്നിവര്‍ക്കാണ് ഇതിന് മുമ്പ് ഇരട്ടബഹുമതി ലഭിച്ചത്.
ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിക്കുന്ന നാലാമത്തെ ഓസീസ് കളിക്കാരനാണ് സ്മിത്ത്. 13 ടെസ്റ്റുകളില്‍ നിന്ന് 1734 റണ്‍സും 26 ഏകദിനങ്ങളില്‍ നിന്ന് 1249 റണ്‍സ് നേടിയതുമാണ് സ്മിത്തിന് പുരസ്‌കാരം നല്‍കാന്‍ കാരണം.
ദക്ഷിണാഫ്രിക്കയുടെ ഏകദിന ക്യാപ്റ്റന്‍ എ.ബി ഡിവില്ലിയേഴ്‌സിനാണ് മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഡിവില്ലിയേഴ്‌സ് മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. ഐ.സി.സി ഏകദിന ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതും എ.ബി തന്നെയാണ്. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിനാണ്. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍ വുഡിനാണ്.
വനിതകളുടെ വിഭാഗത്തില്‍ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരം ഓസീസിന്റെ മെഗ് ലാന്നിംഗിനാണ് ലഭിച്ചത്.