2023 ലോകകപ്പിന്റെ നോക്കൗട്ട് മത്സരങ്ങളുടെ ആവേശത്തിലാണ് ആരാധകര്‍. ക്രിക്കറ്റ് ലോകത്തിന്റെ കിരീടം ആരണിയും എന്നറിയാന്‍ ഇനി കേവലം മൂന്ന് മത്സരങ്ങളുടെ കാത്തിരിപ്പാണുള്ളത്.
ഒറ്റ മത്സരം പോലും തോല്‍ക്കാതെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശിച്ച ഇന്ത്യ നവംബര്‍ 15നാണ് തങ്ങളുടെ സെമി ഫൈനല്‍ മത്സരം കളിക്കുക. നാലാം സ്ഥാനക്കാരായി സെമിയിലെത്തിയ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.
2011 ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിന് വേദിയായ മുംബൈയിലെ വാംഖഡെ സ്റ്റേഡിയമാണ് ആദ്യ സെമിക്ക് ആതിഥേയത്വം വഹിക്കുന്നത്.
നവംബര്‍ 16ന് നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനക്കാരായ ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് രണ്ടാം സെമിക്ക് വേദിയാകുന്നത്.
നവംബര്‍ 19 ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.
ഏതെങ്കിലും കാരണവശാല്‍ നോക്ക് ഔട്ട് മത്സരങ്ങള്‍ക്ക് കാലാവസ്ഥ ഭീഷണി ഉയര്‍ത്തുകയാണെങ്കില്‍ റിസര്‍വ് ഡേ അനുവദിക്കുമെന്നാണ് ഐ.സിസി ഇപ്പോള്‍ വ്യക്തമാക്കുന്നത്.
എപ്പോഴാണ് മത്സരത്തിന് റിസര്‍വ് ഡേ പ്രഖ്യാപിക്കുക?
നേരത്തെ നിശ്ചയിക്കപ്പെട്ട ദിവസം മത്സരം നടക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് അമ്പയര്‍മാര്‍ വിലയിരുത്തിയാല്‍ മാത്രമാണ് റിസര്‍ ഡേ അനുവദിക്കുക. ഇതിന് മുമ്പ് അമ്പയര്‍മാര്‍ എല്ലാ കാര്യവും കൃത്യമായി പരിശോധിക്കും. മത്സരം 20 ഓവറായി കുറയ്ക്കാനുള്ള സാധ്യതകളും പരിഗണിക്കും. ഇതൊന്നും നടക്കില്ലെന്ന് ഉറപ്പായാല്‍ മാത്രമാണ് മത്സരത്തിന് റിസര്‍വ് ഡേ അനുവദിക്കുക.
2019 ലോകകപ്പിലെ ഇന്ത്യ – ന്യൂസിലാന്‍ഡ് മത്സരത്തിന് റിസര്‍വ് ഡേ ഉണ്ടായിരുന്നു.
ഇനിയൊരുപക്ഷേ റിസര്‍വ് ഡേയും മഴയെടുക്കുകയാണെങ്കില്‍ പോയിന്റ് ടേബിളില്‍ മുകളിലുള്ള ടീമിന് മുമ്പോട്ട് കുതിക്കാന്‍ സാധിക്കും.
രണ്ട് സെമി ഫൈനല്‍ മത്സരത്തിന്റെ റിസര്‍വ് ഡേയും വാഷ് ഔട്ട് ആവുകയാണെങ്കില്‍ ഫൈനലില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയെ നേരിടും.
ഫൈനലിനും റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ടോ?
നവംബര്‍ 15ന് ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിലും റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ മൂലം മത്സരം തടസ്സപ്പെടുകയും നടത്താന്‍ കഴിയാത്ത സാഹചര്യവും ഉടലെടുക്കുകയാണെങ്കില്‍ റിസര്‍വ് ഡേ അനുവദിക്കും.