ദുബായ്: പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ എല്ലാ ടീമുകളും പങ്കെടുക്കുമെന്ന് വിശ്വസിക്കുന്നതായി ഐ.സി.സി. പാകിസ്ഥാന് ടൂര്‍ണമെന്റ് ഭംഗിയായി സംഘടിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസമുള്ളതിനാലാണ് മത്സരസ്ഥലം നിശ്ചയിച്ചതെന്ന് ഐ.സി.സി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ പറഞ്ഞു.
‘ഞങ്ങള്‍ക്ക് അവരില്‍ (പാകിസ്ഥാന്‍) വിശ്വാസമില്ലായിരുന്നുവെങ്കില്‍ ഉറപ്പായും ടൂര്‍ണമെന്റ് അവിടെ നടത്തില്ലായിരുന്നു. ഇത് ഒരു അവസരമായി കാണുന്നു. നാളുകള്‍ക്ക് ശേഷം ഒരു ഐ.സി.സി ടൂര്‍ണമെന്റിന് പാകിസ്ഥാന്‍ ആതിഥ്യം വഹിക്കാന്‍ പോകുകയാണ്,’ ബാര്‍ക്ലേ പറഞ്ഞു.
ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം ശക്തിപ്പെടുത്താന്‍ ഒരുപക്ഷെ ഈ ടൂര്‍ണമെന്റ് സഹായിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. 2025 ലെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റാണ് പാകിസ്ഥാനില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
2009 ല്‍ ലാഹോറില്‍ വെച്ച് ശ്രീലങ്കന്‍ ടീം സഞ്ചരിച്ച ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിലേക്ക് മറ്റ് രാജ്യങ്ങള്‍ കളിക്കാനെത്തിയിരുന്നില്ല. അടുത്തിടെ ന്യൂസിലാന്റും ഇംഗ്ലണ്ടും പര്യടനത്തില്‍ നിന്ന് പിന്മാറിയിരുന്നു.
1996 ല്‍ ഏഷ്യയില്‍ വെച്ച് നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍, ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമൊപ്പം ആതിഥ്യം വഹിച്ചിരുന്നു. ഇതിന് ശേഷം ഒരു ഐ.സി.സി ടൂര്‍ണമെന്റും പാകിസ്ഥാനില്‍ നടന്നിരുന്നു.
പാകിസ്ഥാനുമായി പരമ്പര പോലും കളിക്കാത്ത ഇന്ത്യന്‍ ടീം പാകിസ്ഥാനിലെത്തി ഒരു മേജര്‍ ഐ.സി.സി ടൂര്‍ണമെന്റ് കളിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
നിലവില്‍ ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. പാകിസ്ഥാനില്‍ തീവ്രവാദ ഭീഷണികള്‍ നിലനില്‍ക്കുന്നതാണ് ടീമുകളുടെ പ്രധാന ആശങ്ക.
2024 മുതല്‍ 2031 വരെയുള്ള ഗ്ലോബല്‍ ടൂര്‍ണമെന്റുകളുടെ ഷെഡ്യൂള്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) നേരത്തെ അറിയിച്ചിരുന്നു. 2024ല്‍ നടക്കുന്ന ഐ.സി.സി ടി-20 ലോകകപ്പോടെയാണ് പുതിയ ടൂര്‍ണമെന്റ് ഷെഡ്യൂളിന് തുടക്കമാവുന്നത്.