| Friday, 3rd May 2024, 7:14 pm

നെതന്യാഹുവിനെതിരായ അറസ്റ്റ് വാറന്റ്; ഇസ്രഈലിന്റെ ഭീഷണികളെ അപലപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അറസ്റ്റ് വാറന്റ് തടയുന്നതിനായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കോടതി.

ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ യു.എസും ഇസ്രഈലും കോടതിയെ പരസ്യമായി ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു.

സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കണമെന്ന റോം ചട്ടത്തിന് അനുസൃതമായി എല്ലാ പങ്കാളികളുമായും ക്രിയാത്മകമായാണ് കോടതി ഇടപഴുകുന്നതെന്ന് ഐ.സി.സി അഭിഭാഷകന്‍ പറഞ്ഞു. എങ്കിലും ഐ.സി.ജെയുടെ സ്വാതന്ത്ര്യത്തെ ദുര്‍ബലമാക്കുന്നതിന് വേണ്ടി ചില വ്യക്തികള്‍ കോടതിയെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പ്രതികാര നടപടി ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയാലും കോടതിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളില്‍ അന്വേഷണം നടത്തുക തന്നെ ചെയ്യും. കോടതിയെ ഭീഷണപ്പെടുത്തുന്നത് റോം ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 70 പ്രകാരം കുറ്റകരമാണ്. ഉദ്യോഗസ്ഥരെ അവരുടെ ചുമതലകളില്‍ നിന്ന് വിലക്കുന്നതും ഭീഷണിപ്പെടുത്തുന്നതും നിയമവിരുദ്ധമാണ്,’ അഭിഭാഷകന്‍ പറഞ്ഞു.

കോടതിയെ അതിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടസ്സപ്പെടുത്തുന്നത് നിര്‍ത്തണമെന്നും ഐ.സി.സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, സൈനിക മേധാവി ഹെര്‍സി ഹലേവി എന്നിവര്‍ക്കെതിരെ ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇത് തെറ്റായ നടപടി ആണെന്നും നീക്കം തടയാന്‍ അന്താരാഷ്ട്ര നേതാക്കള്‍ ഐ.സി.സി.യില്‍ സമ്മര്‍ദം ചെലുത്തണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. ഐ.സി.സിക്കെതിരെ പ്രതികാര നടപടി ഉണ്ടാകുമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Content Highlight: ICC condemns retaliation threats after Israeli arrest warrant reports

We use cookies to give you the best possible experience. Learn more