ദുബൈ: രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മത്സരക്രമവും പോയിന്റ് ഘടനയും ഐ.സി.സി. പുറത്തുവിട്ടു. ആഗസ്റ്റ് നാലിന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തോടെയാണ് രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നത്. ഒമ്പത് ടീമുകള്‍ ആറു പരമ്പര വീതം കളിക്കുന്നതാണ് ടൂര്‍ണമെന്റ്. ഓരോ ടീമിനും മൂന്ന് ഹോം പരമ്പരയും മൂന്ന് എവേ പരമ്പരയുമായിരുക്കും.
ഒരു മത്സരം വിജയിച്ചാല്‍ 12 പോയിന്റ് ലഭിക്കുമ്പോള്‍ ടൈ ആയാല്‍ ആറു പോയിന്റും സമനില ആകുകയാണെങ്കില്‍ നാല് പോയിന്റും ലഭിക്കും. രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് 24 പോയിന്റും മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്ക് 36 പോയിന്റും കരസ്ഥമാക്കാം. നാല് ടെസ്റ്റുകളുണ്ടെങ്കില്‍ 48 പോയിന്റും അഞ്ചു ടെസ്റ്റുകളുണ്ടെങ്കില്‍ 60 പോയിന്റും ലഭിക്കും.
നേരത്തെ 120 പോയിന്റാണ് ഒരു ടെസ്റ്റ് പരമ്പരയ്ക്ക് നല്‍കിയിരുന്നത്. രണ്ട് ടെസ്റ്റുകള്‍ക്ക് 60 പോയിന്റ്, മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് 40 പോയിന്റ്, നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് 30 പോയിന്റ്, അഞ്ച് ടെസ്റ്റുകളുടേതിന് 24 പോയിന്റ് എന്നതായിരുന്നു കണക്ക്.
2023 മാര്‍ച്ച് 31-നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍. ഹോം പരമ്പരയില്‍ ശ്രീലങ്കയും ന്യൂസീലന്റും ഓസ്‌ട്രേലിയയുമാണ് ഇന്ത്യയുടെ എതിരാളികള്‍. എവേ പരമ്പരയില്‍ ബംഗ്ലാദേശും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഇന്ത്യയെ നേരിടും.
ആദ്യ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ എട്ട് വിക്കറ്റിന് തോറ്റിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായി ഫൈനലിലേക്കു മുന്നേറിയിട്ടും കലാശക്കളിയില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
മഴ കാരണം രണ്ട് ദിവസത്തെ കളി ഉപേക്ഷിക്കപ്പെട്ടിട്ടും ഫൈനലില്‍ സമനില പോലും നേടാന്‍ ഇന്ത്യക്കായിരുന്നില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: ICC changes points system for second edition of World Test Championship