Sports News
വെറും സിംഗിള്‍സ് എടുത്ത് റെക്കോഡിട്ട മുതലാണിത്; ഇതിഹാസങ്ങളെ വെട്ടി ഈ മനുഷ്യന്‍ മുന്നോട്ട്...!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 05, 03:19 am
Wednesday, 5th March 2025, 8:49 am

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് കുതിച്ചിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ലോക ചാമ്പ്യന്‍മാരെ പരാജയപ്പെടുത്തിയത്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 11 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് കിങ് വിരാട് കോഹ്‌ലിയാണ്.

സമ്മര്‍ദഘട്ടത്തില്‍ 98 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ ഉള്‍പ്പെടെ 84 റണ്‍സാണ് താരം നേടിയത്. മത്സരത്തിലെ താരവും വിരാടായിരുന്നു. വെറും 16 റണ്‍സിന് സെഞ്ച്വറി നഷ്ടമായെങ്കിലും തന്റെ 73ാം ഏകദിന അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ വിരാടിന് സാധിച്ചിരിക്കുകയാണ്.

എന്നാല്‍ ഇതിനെല്ലാം പുറമെ ഒരു മിന്നും റെക്കോഡ് സ്വന്തമാക്കിയാണ് വിരാട് കുതിക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിംഗിള്‍സ് നേടുന്ന താരമെന്ന നേട്ടമാണ് വിരാട് നേടിയത് (2000 ജനുവരി മുതല്‍). ഈ നേട്ടത്തില്‍ ഇതിഹാസ താരങ്ങളായ കുമാര്‍ സംഗക്കാരയെ മറികടന്നാണ് വിരാട് ഒന്നാമനായി തുടരുന്നത്.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിംഗിള്‍ നേടിയ താരം, ടീം, റണ്‍സ്

വിരാട് കോഹ്‌ലി – ഇന്ത്യ – 5868

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 5688

മഹേള ജയവര്‍ധനെ – ശ്രീലങ്ക – 5046

എം.എസ്. ധോണി – ഇന്ത്യ – 4474

ജാക്‌സ് കാലിസ് – സൗത്ത് ആഫ്രിക്ക – 4057

ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടിയാണ് വിരാട് തന്റെ വരവ് അറിയിച്ചത്. 51ാം ഏകദിന സെഞ്ചറിയും ഒട്ടനവധി റെക്കോഡുകളും സ്വന്തമാക്കിയാണ് വിരാട് തന്റെ യാത്ര തുടരുന്നത്.

തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനാണ് ഇന്ത്യ ടിക്കറ്റെടുത്തിരിക്കുന്നത്. 2013ല്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് കപ്പുയര്‍ത്തിയ ഇന്ത്യ 2017ല്‍ പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ ഒരിക്കല്‍ നേടിയതും ശേഷം നഷ്ടപ്പെടുത്തിയതുമായ കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇന്ന് (ബുധന്‍) നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയും ന്യൂസിലാന്‍ഡും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നിര്‍ണായകമായ മത്സരത്തില്‍ വിജയിക്കുന്നവരാണ് ഇന്ത്യയോട് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

Content Highlight: ICC Champions Trophy – Virat Kohli In Great Record Achievement Of Most Singles In ODI