|

ചാമ്പ്യന്‍സ് ട്രോഫി പ്രതീക്ഷിച്ചിറങ്ങുന്ന സൗത്ത് ആഫ്രിക്കയ്ക്ക് തിരിച്ചടിക്ക് മേല്‍ തിരിച്ചടി! പകരം ഇനിയാര്?

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് മുന്നോടിയായി സൗത്ത് ആഫ്രിക്കയ്ക്ക് വീണ്ടും തിരിച്ചടി. തുടര്‍ച്ചയായ പരിക്കുകളാണ് പ്രോട്ടിയാസിന്റെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റിക്കുന്നത്.

നേരത്തെ സൂപ്പര്‍ പേസര്‍ ആന്‌റിക് നോര്‍ക്യയ്ക്ക് പരിക്കേറ്റിരുന്നു. നടുവിനേറ്റ പരിക്കിന് പിന്നാലെയാണ് നോര്‍ക്യയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി നഷ്ടമായിരിക്കുന്നത്. ചികിത്സയ്ക്കും വിശ്രമത്തിനുമായി താരം ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. എസ്.എ20 മത്സരങ്ങളും താരത്തിന് നഷ്ടമാകും.

ആന്‌റിക് നോര്‍ക്യ

ഇപ്പോള്‍ നോര്‍ക്യയ്ക്ക് പകരക്കാരനായി ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡിലേക്ക് സൗത്ത് ആഫ്രിക്ക പരിഗണിച്ച സൂപ്പര്‍ പേസര്‍ ജെറാള്‍ഡ് കോട്‌സിയയും പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഹാംസ്ട്രിങ് ഇന്‍ജുറിയാണ് കോട്‌സിയയെ വലച്ചിരിക്കുന്നത്.

പരിക്കിന് പിന്നാലെ എസ്.എ20യിലെ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സ് – പ്രിട്ടോറിയ ക്യാപ്പിറ്റല്‍സ് മത്സരത്തില്‍ താരത്തിന് പ്ലെയിങ് ഇലവനില്‍ നിന്നും പുറത്തായിരുന്നു. കുറച്ച് ആഴ്ചകളെങ്കിലും താരത്തിന് പൂര്‍ണ വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ഫിറ്റ്‌നെസും കൃത്യമായി നിരീക്ഷിക്കപ്പെടും.

ജെറാള്‍ഡ് കോട്‌സിയ

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിക്കേറ്റ താരം കുറച്ചുനാള്‍ വിശ്രമത്തില്‍ തന്നെയായിരുന്നു. ഡര്‍ബന്‍സ് സൂപ്പര്‍ കിങ്‌സിനെതിരായ സൂപ്പര്‍ കിങ്‌സിന്റെ കഴിഞ്ഞ മത്സരത്തിലാണ് താരം തിരിച്ചെത്തിയത്. മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെക്കാനും വലംകയ്യന്‍ പേസര്‍ക്ക് സാധിച്ചു. എന്നാല്‍ സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരത്തില്‍ തന്നെ താരം പുറത്താവുകയായിരുന്നു.

നേരത്തെ, ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സ്‌ക്വാഡില്‍ കോട്‌സിയയെ പരിഗണിച്ചതായി പരിശീലകന്‍ റോബ് വാള്‍ട്ടര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിചയസമ്പത്ത് കണക്കിലെടുത്ത് നോര്‍ക്യയെ ടീമിന്റെ ഭാഗമാക്കുകയായിരുന്നു.

നോര്‍ക്യയ്ക്ക് പരിക്കേറ്റതോടെ കോട്‌സിയയുടെ വഴി തുറന്നെങ്കിലും പരിക്ക് യുവതാരത്തെ വലച്ചിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് മുന്നോടിയായി ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ സാധിച്ചാല്‍ പാകിസ്ഥാനിലേക്ക് പറക്കാന്‍ താരത്തിന് അവസരമൊരുങ്ങും.

ജെറാള്‍ഡ് കോട്‌സിയ

അതേസമയം, കോട്‌സിയയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചില്ലെങ്കില്‍ യുവതാരം ക്വേന മഫാക്കയോ ഈയിടെ ടീമിന്റെ ഭാഗമായ കോര്‍ബിന്‍ ബോഷിനെയോ സെലക്ടര്‍ കൂടിയായ റോബ് വാള്‍ട്ടര്‍ പരിഗണിച്ചേക്കും.

കഗീസോ റബാദ, ലുങ്കി എന്‍ഗിഡി, വിയാന്‍ മുള്‍ഡര്‍ എന്നിവരാല്‍ ഇതിനോടകം തന്നെ ആക്രമണോത്സുകമായ ഫാസ്റ്റ് ബൗളിങ് നിരയിലേക്ക് ഇവരെ കൊണ്ടു വന്ന് വാള്‍ട്ടര്‍ പരീക്ഷണത്തിന് മുതിരുമോ എന്നതും കണ്ടറിയണം. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ഒട്‌നീല്‍ ബാര്‍ട്മാനും ഓപ്ഷനായി സൗത്ത് ആഫ്രിക്കയ്ക്ക് മുമ്പിലുണ്ട്.

ഫെബ്രുവരി 21നാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ സൗത്ത് ആഫ്രിക്ക ആദ്യ മത്സരത്തിനിറങ്ങുന്നത്. കറാച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.

ചാമ്പ്യന്‍സ് ട്രോഫിയില്‍ സൗത്ത് ആഫ്രിക്കയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ഫെബ്രുവരി 21 vs അഫ്ഗാനിസ്ഥാന്‍ – നാഷണല്‍ സ്റ്റേഡിയം കറാച്ചി

ഫെബ്രുവരി 25 vs ഓസ്‌ട്രേലിയ – റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം

മാര്‍ച്ച് 1 vs ഇംഗ്ലണ്ട് – നാഷണല്‍ സ്റ്റേഡിയം കറാച്ചി

Content Highlight: ICC Champions Trophy: South African star pacer Gerald Coetzee also injured