ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ പരാജയമേറ്റുവാങ്ങിയതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെയും ബാബര്‍ അസമിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ ഷോയ്ബ് അക്തര്‍. പാകിസ്ഥാനെ കുറിച്ച് സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് കേവലം സമയം നഷ്ടപ്പെടുത്തല്‍ മാത്രമാണെന്നായിരുന്നു അക്തറിന്റെ പരാമര്‍ശം.
സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു വിരാട് കോഹ്‌ലിയുടെ ഹീറോയെന്നും, എന്നാല്‍ ബാബര്‍ അസം തെറ്റായ ഹീറോയെയാണ് ഇക്കാലമത്രയും പിന്തുടര്‍ന്നതെന്നും അക്തര്‍ കുറ്റപ്പെടുത്തി.
ഗെയിം ഓണ്‍ ഹേ ഷോയില്‍ സംസാരിക്കുകയായിരുന്നു റാവല്‍പിണ്ടി എക്‌സ്പ്രസ്.
‘നമ്മള്‍ എല്ലായ്‌പ്പോഴും ബാബര്‍ അസമിനെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യാറുണ്ട്. നിങ്ങള്‍ പറയൂ, ആരാണ് വിരാട് കോഹ്‌ലിയുടെ ഹീറോ? സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്, അദ്ദേഹം നൂറ് സെഞ്ച്വറി നേടിയിട്ടുണ്ട്. വിരാട് ഇപ്പോള്‍ അദ്ദേഹത്തിന്റെ ലെഗസി പിന്തുടരുകയാണ്.
ആരാണ് ബാബര്‍ അസമിന്റെ ഹീറോ? ടുക് ടുക് (ഒരു താരത്തിന്റെയും പേര് പറയാതെ). നിങ്ങള്‍ തെറ്റായ ഹീറോകളെയാണ് തെരഞ്ഞെടുത്തത്. നിന്റെ ചിന്തകളും തെറ്റായിരുന്നു. തുടക്കം മുതല്‍ തന്നെ നിങ്ങളൊരു ഫ്രോഡായിരുന്നു.
ഞാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ കുറിച്ച് സംസാരിക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. എനിക്ക് പൈസ കിട്ടുന്നു എന്നത് കൊണ്ടുമാത്രമാണ് ഞാന്‍ ഇത് ചെയ്യുന്നത്. ഇത് വെറും സമയം നഷ്ടപ്പെടുത്തലാണ്.
2001 മുതല്‍ ഈ തകര്‍ച്ച ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ദിവസത്തില്‍ മൂന്ന് തവണ സ്വഭാവം മാറുന്ന ക്യാപ്റ്റന്‍മാര്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്,’ അക്തര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സിന്റെ വിജയലക്ഷ്യം 45 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ബാബര്‍ അസവും ഇമാം ഉള്‍ ഹഖും ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ തുടര്‍ച്ചയായ ഓവറുകളില്‍ ഇരുവരെയും നഷ്ടപ്പെട്ട പാകിസ്ഥാന്‍ സമ്മര്‍ദത്തിലായി.
51st ODI Century 📸📸
Updates ▶️ https://t.co/llR6bWyvZN#TeamIndia | #PAKvIND | #ChampionsTrophy | @imVkohli pic.twitter.com/soSfEBiiWk
— BCCI (@BCCI) February 23, 2025
മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്ന് പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ടീം സ്‌കോര്‍ 47ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 151ലാണ്. റിസ്വാനെ മടക്കി അക്‌സര്‍ പട്ടേലാണ് ബ്രേക് ത്രൂ സമ്മാനിച്ചത്. 77 പന്തില്‍ 46 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.
അധികം വൈകാതെ സൗദ് ഷക്കീലിന്റെ വിക്കറ്റും പാകിസ്ഥാന് നഷ്ടമായി. 76 പന്തില്‍ 62 റണ്‍സ് നേടി നില്‍ക്കവെ ഹര്‍ദിക് പാണ്ഡ്യയാണ് വിക്കറ്റ് നേടിയത്.
39 പന്തില്‍ 38 റണ്‍സ് നേടിയ ഖുഷ്ദില്‍ ഷായാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തരക്കേടില്ലാത്ത തുടക്കമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്.
ടീം സ്‌കോര്‍ 31ല്‍ നില്‍ക്കവെ അഞ്ചാം ഓവറിലെ അവസാന പന്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 15 പന്തില്‍ 20 റണ്‍സുമായി നില്‍ക്കവെ ഷഹീന്‍ അഫ്രിദിക്ക് വിക്കറ്റ് നല്‍കിയാണ് ഹിറ്റ്മാന്‍ മടങ്ങിയത്.
വണ്‍ ഡൗണായെത്തിയ വിരാട് ശുഭ്മന്‍ ഗില്ലിനെ ഒപ്പം കൂട്ടി ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ 69 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്. മികച്ച രീതിയില്‍ ബാറ്റ് വീശി അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കവെ അബ്രാര്‍ അഹമ്മദ് ഗില്ലിനെ മടക്കി. 52 പന്തില്‍ 46 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിത്.
Virat Kohli’s sensational ton secured a six-wicket win for India 🤩#ChampionsTrophy
Match Highlights for the #PAKvIND contest 🎥 ➡ https://t.co/Xw9bLvbWFH pic.twitter.com/C7GIS293s5
— ICC (@ICC) February 23, 2025
ഗില്ലിന് പിന്നാലെയെത്തിയ ശ്രേയസ് അയ്യരിനെ ഒപ്പം കൂട്ടി വിരാട് പാകിസ്ഥാന്റെ വിധിയെഴുതി. മൂന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും ഇന്ത്യയെ വിജയതീരത്തേക്കെത്തിച്ചത്.
പാകിസ്ഥാനായി ഷഹീന്‍ അഫ്രിദി രണ്ട് വിക്കറ്റെടുത്തപ്പോള്‍ അബ്രാര്‍ അഹമ്മദും ഖുഷ്ദില്‍ ഷായും ഓരോ വിക്കറ്റ് വീതവും നേടി.
Content highlight: ICC Champions Trophy: Shoaib Akhtar slams Pakistan cricket Team