|

സെഞ്ച്വറിയില്‍ ഹാഫ് സെഞ്ച്വറിയടക്കം ഒന്നല്ല, രണ്ടല്ല ക്യാപ്റ്റന് അഞ്ച് റെക്കോഡ്; ഡബിള്‍ സെഞ്ച്വറി ലക്ഷ്യമിട്ട് ആക്രമണത്തിന്റെ കുന്തമുനയും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണ് ബാക്കിയുള്ളത്. ഫെബ്രുവരി 19മുതല്‍ മാര്‍ച്ച് ഒമ്പത് വരെയുള്ള ദിവസങ്ങള്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് വിരുന്ന് തന്നെയായിരിക്കും.

ഒരിക്കല്‍ നേടിയതും 2017ല്‍ പാകിസ്ഥാന് മുമ്പില്‍ അടിയറവ് വെച്ചതുമായ കിരീടം വീണ്ടും നേടാനുറച്ചാണ് ഇന്ത്യ ടൂര്‍ണമെന്റിനിറങ്ങുന്നത്. ബുംറയടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ അഭാവമുണ്ടെങ്കിലും അതിനെയെല്ലാം ഒരു ടീം എന്ന നിലയില്‍ മെന്‍ ഇന്‍ ബ്ലൂ മറികടക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഈ ടൂര്‍ണമെന്റില്‍ ക്രിക്കറ്റ് റെക്കോഡുകള്‍ പലയാവര്‍ത്തി തിരുത്തിയെഴുതേണ്ടി വരുമെന്നുറപ്പാണ്. ഇന്ത്യയുടെ മാത്രമല്ല, ടൂര്‍ണമെന്റിന്റെ ഭാഗമായ എട്ട് സൂപ്പര്‍ ടീമുകളിലെയും താരങ്ങള്‍ ലോക റെക്കോഡുകളും വ്യക്തിഗത റെക്കോഡുകളും ലക്ഷ്യമിടുന്നുണ്ട്.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ എണ്ണം പറഞ്ഞ അഞ്ച് റെക്കോഡുകളാണ് കാത്തിരിക്കുന്നത്.

ഏകദിനത്തിലെ 11,000 റണ്‍സ് മാര്‍ക്കാണ് ഇതിലാദ്യം. നിലവില്‍ 10,988 റണ്‍സാണ് രോഹിത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിരിക്കുന്നത്. വെറും 12 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഏകദിന ഫോര്‍മാറ്റില്‍ 11,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന പത്താമത് താരമെന്ന നേട്ടവും സച്ചിനും വിരാടിനും ഗാംഗുലിക്കും ശേഷം ഈ നേട്ടത്തിലെത്തുന്ന നാലാമത് ഇന്ത്യന്‍ താരമെന്ന നേട്ടവും രോഹിത്തിന് സ്വന്തമാകും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയില്‍ ഹാഫ് സെഞ്ച്വറി പൂര്‍ത്തിയാക്കാനുള്ള അവസരവും രോഹിത്തിന് മുമ്പിലുണ്ട്. ഇതിന് വേണ്ടതാകട്ടെ വെറും ഒറ്റ സെഞ്ച്വറിയും. ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് 32 സെഞ്ച്വറിയും ഏകദിനത്തില്‍ നിന്നും ടി-20യില്‍ നിന്നും യഥാക്രമം 12ഉം അഞ്ചും സെഞ്ച്വറികളുമായി 49 അന്താരാഷ്ട്ര സെഞ്ച്വറികളാണ് ഇന്ത്യന്‍ നായകന്റെ പേരിലുള്ളത്.

ക്രിക്കറ്റ് ചരിത്രത്തില്‍ വെറും ഒമ്പത് താരങ്ങള്‍ക്ക് മാത്രം ഇടം നേടാന്‍ സാധിച്ച എലീറ്റ് ലിസ്റ്റിലും ഇതോടെ രോഹിത് ഇടം പിടിക്കും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (100), വിരാട് കോഹ്‌ലി (81), റിക്കി പോണ്ടിങ് (71), കുമാര്‍ സംഗക്കാര (63), ജാക് കാല്ലിസ് (62), ഹാഷിം അംല (55), മഹേല ജയവര്‍ധനെ (54), ബ്രയാന്‍ ലാറ (53), ജോ റൂട്ട് (52) എന്നിവര്‍ മാത്രമാണ് ഇതുവരെ 50 അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്.

ന്യൂട്രല്‍ വേദികളില്‍ 2,500 റണ്‍സ് എന്നതാണ് രോഹിത് ലക്ഷ്യമിടുന്ന മറ്റൊരു റെക്കോഡ്. ന്യൂട്രല്‍ വേദികളില്‍ 52.56 ശരാശരിയില്‍ 2,418 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്. എട്ട് സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും ഇത്തരം വേദികളില്‍ നിന്നായി രോഹിത് നേടിയിട്ടുണ്ട്.

ഓപ്പണറുടെ റോളില്‍ 9,000 റണ്‍സ് എന്ന റെക്കോഡാണ് അടുത്തത്. ഇതിനോടകം തന്നെ 8,958 റണ്‍സ് ഓപ്പണറുടെ കുപ്പായത്തില്‍ നേടിയ രോഹിത്തിന് 42 റണ്‍സ് കൂടിയാണ് ഈ നാഴികക്കല്ലിലെത്താന്‍ ആവശ്യമുള്ളത്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് ഇക്കൂട്ടത്തിലെ അവസാന റെക്കോഡ് സ്വന്തമാക്കാന്‍ രോഹിത്തിന് അവസരമുള്ളത്. ന്യൂസിലാന്‍ഡിനെതിരെ 1,000 റണ്‍സ് എന്ന റെക്കോഡാണിത്. കിവികള്‍ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 982 റണ്‍സാണ് രോഹിത് നേടിയത്. കിവികള്‍ക്കെതിരെ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഏഴാമത് ഇന്ത്യന്‍ ബാറ്ററാകാനും ഇതോടെ രോഹിത്തിന് സാധിക്കും.

സെഞ്ച്വറിയില്‍ അര്‍ധ സെഞ്ച്വറിയടിക്കാന്‍ രോഹിത് ശര്‍മയൊരുങ്ങുമ്പോള്‍ ഏകദിനത്തില്‍ വിക്കറ്റ് വീഴ്ത്തി ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കാനാണ് ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുനയായ മുഹമ്മദ് ഷമി തയ്യാറെടുക്കുന്നത്. ഈ റെക്കോഡിലേക്ക് വെറും മൂന്ന് വിക്കറ്റിന്റെ മാത്രം കുറവാണ് മുഹമ്മദ് ഷമിക്കുള്ളത്.

102 ഇന്നിങ്‌സില്‍ നിന്നും 23.96 ശരാശരിയിലും 25.7 സ്‌ട്രൈക്ക് റേറ്റിലും 197 വിക്കറ്റാണ് ഷമി നേടിയത്. 2023 ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ നേടിയ 7/57 ആണ് മികച്ച പ്രകടനം.

Content Highlight: ICC Champions Trophy: Rohit Sharma on the verge of braking several cricket records

Video Stories