|

ക്രിക്കറ്റ് ചരിത്രത്തില്‍ ഒരുത്തനും കാലെടുത്ത് വെക്കാന്‍ കഴിയാത്ത റെക്കോഡ്; ഇങ്ങേര് ഹിറ്റ്മാനല്ല അത്ക്കും മേലെ!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് കുതിച്ചിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ലോക ചാമ്പ്യന്‍മാരെ പരാജയപ്പെടുത്തിയത്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 11 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനാണ് ഇന്ത്യ എത്തിനില്‍ക്കുന്നത്. 2013ല്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് കപ്പുയര്‍ത്തിയ ഇന്ത്യ 2017ല്‍ പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ ഒരിക്കല്‍ നേടിയതും ശേഷം നഷ്ടപ്പെടുത്തിയതുമായ കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ കിരീടം സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് കിട്ടാവുന്ന ഏറ്റവും മികച്ച ക്യാപ്റ്റന്റെ നേതൃത്വത്തില്‍ അപരാജിത കുതിപ്പിലാണ് ടീം. മികച്ച ക്യാപ്റ്റന്‍ എന്ന് വെറുതെ പറയുന്നതല്ല. ഐ.സി.സിയുടെ ടൂര്‍ണമെന്റ് ചരിത്രത്തിലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയാണ് രോഹിത്ത് തന്റെ നായക സ്ഥാനത്ത് മുന്നേറുന്നത്.

ഐ.സി.സി മെന്‍സ് ക്രിക്കറ്റിലെ എല്ലാ ടൂര്‍ണമെന്റിലും ഒരു ടീമിനെ ഫൈനലില്‍ എത്തിച്ച ക്യാപ്റ്റനാകാനാണ് രോഹിത്തിന് സാധിച്ചത്. ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു ക്യാപ്റ്റനും സാധിക്കാത്ത മിന്നും നേട്ടമാണ് രോഹിത് കൈക്കലാക്കിയത്.

ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (2023)

ഐ.സി.സി ഏകദിന ലോകകപ്പ് (2023)

ഐ.സി.സി ടി-20 ലോകകപ്പ് (2024)

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി (2025)

2024ലെ ടി-20 ലോകകപ്പ് മാത്രമായിരുന്നു രോഹിത്തിന്റെ നേതൃത്വവത്തില്‍ ഇന്ത്യയ്ക്ക് നേടാന്‍ സാധിച്ചത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും രോഹിത് ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച നേട്ടങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്. നിര്‍ണായകമായ സെമി ഫൈനല്‍ മത്സരത്തില്‍ ഓസീസിനെതിരെ 29 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 28 റണ്‍സാണ് രോഹിത് നേടിയത്.

ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് കിങ് വിരാട് കോഹ്‌ലിയാണ്. സമ്മര്‍ദഘട്ടത്തില്‍ 98 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ ഉള്‍പ്പെടെ 84 റണ്‍സാണ് താരം നേടിയത്. മത്സരത്തിലെ താരവും വിരാടായിരുന്നു. വെറും 16 റണ്‍സിന് സെഞ്ച്വറി നഷ്ടമായെങ്കിലും തന്റെ 73ാം ഏകദിന അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ വിരാടിന് സാധിച്ചിരിക്കുകയാണ്.

ഇന്ന് (ബുധന്‍) നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയും ന്യൂസിലാന്‍ഡും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നിര്‍ണായകമായ മത്സരത്തില്‍ വിജയിക്കുന്നവരാണ് ഇന്ത്യയോട് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

Content Highlight: ICC Champions Trophy – Rohit Sharma Is The First Captain Of Entering Four ICC Event Finals