ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാനെതിരെ പടുകൂറ്റന്‍ ടോട്ടലുമായി ന്യൂസിലാന്‍ഡ്. കറാച്ചി നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 320/5 റണ്‍സാണ് അടിച്ചെടുത്തത്.
വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന്റെയും ഓപ്പണര്‍ വില്‍ യങ്ങിന്റെയും സെഞ്ച്വറി കരുത്തിലാണ് ന്യൂസിലാന്‍ഡ് പടുകൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്തത്.
2025 ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ സെഞ്ച്വറിയുടെ നേട്ടവുമായാണ് വില്‍ യങ് സെഞ്ച്വറി നേടിയത്. 113 പന്തില്‍ 12 ഫോറിന്റെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 107 റണ്‍സാണ് താരം സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡിന് പുറത്തെ ആദ്യ സെഞ്ച്വറി ആഘോഷമാക്കിയ താരം ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനായി സെഞ്ച്വറി നേടുന്ന നാലാമത് താരമായും മാറി.
യങ്ങിന്റെ സെഞ്ച്വറി പിറവിയെടുത്ത് അധികം വൈകാതെ ലാഥവും ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കി. 104 പന്ത് നേരിട്ട താരം പുറത്താകാതെ 118 റണ്‍സാണ് അടിച്ചെടുത്തത്. പത്ത് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ സെഞ്ച്വറി.
ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തിലാദ്യമായാണ് രണ്ട് ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ ഒരു മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. ഒരു ടൂര്‍ണമെന്റില്‍ തന്നെ രണ്ട് സെഞ്ച്വറി പിറക്കുന്നതും ഇതാദ്യമായാണ്.
ഇതിനൊപ്പം ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കി. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ അഞ്ചാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഏറ്റവുമുര്‍ന്ന സ്‌കോര്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് ലാഥം സ്വന്തമാക്കിയത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ അഞ്ചോ അതില്‍ താഴെയോ ഇറങ്ങി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍
(താരം – ടീം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)
ടോം ലാഥം – ന്യൂസിലാന്‍ഡ് – പാകിസ്ഥാന്‍ – 118* – 2025*
ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – ന്യൂസിലാന്‍ഡ് – 114 – 2017
ജാക് കാലിസ് – സൗത്ത് ആഫ്രിക്ക – ശ്രീലങ്ക – 113* – 1998
മുഹമ്മദ് കൈഫ് – ഇന്ത്യ – സിംബാബ്‌വേ – 111* – 2002
ആന്‍ഡ്രൂ ഫ്‌ളിന്റോഫ് – ഇംഗ്ലണ്ട് – ശ്രീലങ്ക – 2004
യങ്ങിനും ലാഥമിനും പുറമെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി സൂപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്‌സും കിവീസ് നിരയില്‍ നിര്‍ണായകമായി. 39 പന്തില്‍ നാല് സിക്‌സറും മൂന്ന് ഫോറുമായി 61 റണ്‍സാണ് താരം നേടിയത്.
പാകിസ്ഥാനായി നസീം ഷായും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതം നേടി. അബ്രാര്‍ അഹമ്മദാണ് ശേഷിച്ച വിക്കറ്റെടുത്തത്.
ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍
ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), നഥാന്‍ സ്മിത്, മാറ്റ് ഹെന്‌റി, വില്‍ ഒ റൂര്‍ക്.
പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍
ഫഖര്‍ സമാന്‍, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ, തയ്യിബ് താഹിര്‍, ഖുഷ്ദില്‍ ഷാ, ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.
Content Highlight: ICC Champions Trophy: NZ vs PAK: Tom Latham tops the list of highest score at No.5 or lower in Champions Trophy