ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആധികാരിക വിജയത്തിലും നിരാശ വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അജയ് ജഡേജ.
ആരാധകര്‍ ഏറെ കാത്തിരുന്ന മത്സരത്തില്‍ പൊരുതാന്‍ പോലും സാധിക്കാതെ പാകിസ്ഥാന്‍ പരാജയപ്പെട്ടതാണ് ജഡേജയെ നിരാശനാക്കിയത്. കൊണ്ടും കൊടുത്തും വാശിയോടെ മുന്നേറുമെന്ന് പ്രതീക്ഷിച്ച മത്സരം ഇന്ത്യ ഏകപക്ഷീയമായി വിജയിക്കുകയായിരുന്നു.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റൈവല്‍റികളിലൊന്നില്‍ ഇരു ടീമുകളും തമ്മില്‍ ഒരു തരത്തിലുമുള്ള മത്സരവുമുണ്ടായില്ലെന്നാണ് ജഡേജ അഭിപ്രായപ്പെടുന്നത്.
ദി ഡി.പി വേള്‍ഡ് ഡ്രസ്സിങ് റൂം ഷോയിലാണ് ജഡേജയുടെ വിമര്‍ശനം.
‘മത്സരത്തിലെ ടോസ് അല്ലാതെ നിങ്ങളെന്താണ് വിജയിച്ചത്? നിങ്ങള്‍ക്ക് ആരാധകരുടെ ഹൃദയം പോലും വിജയിക്കാന്‍ സാധിച്ചില്ല. അതെ, മത്സരത്തില്‍ ജയവും പരാജയവും എല്ലാമുണ്ടാകും. എന്നാല്‍ പരാജയപ്പെടുന്ന മത്സരത്തിലും ആരാധകരുടെ ഹൃദയം വിജയിക്കുന്ന, അവര്‍ക്ക് ഓര്‍ത്തുവെക്കാന്‍ സാധിക്കുന്ന എന്തെങ്കിലും നിമിഷങ്ങളുണ്ടാകും. എന്നാല്‍ പാകിസ്ഥാന് അതുപോലെ ചെയ്യാന്‍ സാധിച്ചില്ല,’ ജഡേജ കുറ്റപ്പെടുത്തി.
ഇതിന് പുറമെ പാകിസ്ഥാന്‍ ബാറ്റര്‍മാരുടെ മോശം പ്രകടനത്തെയും ജഡേജ വിമര്‍ശിച്ചു. പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ കളിച്ച ഡോട്ട് ബോളുകളെ കുറിച്ചും അവരുടെ മോശം റണ്‍ റേറ്റിനെയും കുറ്റപ്പെടുത്തിയ ജഡേജ പാകിസ്ഥാന്റെ ബാറ്റിങ് അപ്രോച്ചിനെയും വിമര്‍ശിച്ചു.
ബൗളിങ്ങിലും പാകിസ്ഥാന്‍ നിരാശരാക്കിയെന്ന് പറഞ്ഞ ജഡേജ, ഇന്ത്യന്‍ ഇന്നിങ്‌സില്‍ വെറും നാല് മികച്ച പന്തുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും, ഈ നാല് പന്തില്‍ വിക്കറ്റ് നേടിയെന്നും പറഞ്ഞു.
‘ഇന്ത്യയ്ക്ക് നാല് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ആ നാല് വിക്കറ്റുകള്‍ പരിശോധിക്കൂ, ആദ്യ വിക്കറ്റ് നേടാന്‍ നിങ്ങള്‍ ബാറ്ററെ ബീറ്റ് ചെയ്തു (ഷഹീന്‍ അഫ്രിദി രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു). പന്ത് അപാരമാം വിധം സ്പിന്‍ ചെയ്താണ് രണ്ടാം വിക്കറ്റ് (ശുഭ്മന്‍ ഗില്‍) പാകിസ്ഥാന്‍ സ്വന്തമാക്കിയത്.
മൂന്നാം വിക്കറ്റ് (ശ്രേയസ് അയ്യര്‍) ഒരു മികച്ച ക്യാച്ചിലൂടെയാണ് നേടിയെടുത്തത്. നാലാം വിക്കറ്റ് (ഹര്‍ദിക് പാണ്ഡ്യ) സ്വന്തമാക്കിയ ഡെലിവെറി മാത്രമായിരുന്നു ഇന്നിങ്‌സിലെ ഏക ബൗണ്‍സര്‍.
ഈ നാല് പന്തുകള്‍ മാത്രമാണ് കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാന്‍ നിരയില്‍ മികച്ചതെന്ന് പറയാന്‍ സാധിക്കുക. ഇങ്ങനെ പറയുന്നതില്‍ ദയവായി എന്നോട് ക്ഷമിക്കുക,’ ജഡേജ കൂട്ടിച്ചേര്‍ത്തു.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട പാകിസ്ഥാന്‍ ഇപ്പോള്‍ ഇന്ത്യയോടും തോല്‍വിയേറ്റുവാങ്ങി പുറത്താകലിന്റെ വക്കിലാണ്.
എന്നാല്‍ പാകിസ്ഥാന്റെ സാധ്യതകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല. ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കണക്കിലെടുത്താല്‍ പാകിസ്ഥാന് നേരിയ സാധ്യതയുണ്ട്.
ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലാന്‍ഡ് ഇനിയുള്ള രണ്ട് മത്സരങ്ങളും പരാജയപ്പെടുകയും പാകിസ്ഥാന്‍ തങ്ങളുടെ ശേഷിക്കുന്ന മത്സരം മികച്ച മാര്‍ജിനില്‍ വിജയിക്കുകയുമാണ് ഇതിനായി വേണ്ടത്. ബംഗ്ലാദേശിനോടും ഇന്ത്യയോടുമാണ് ന്യൂസിലാന്‍ഡിന്റെ മത്സരം. ഇതില്‍ ബംഗ്ലാദേശിനെതിരായ മത്സരം റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടരുകയാണ്. ബംഗ്ലാദേശിനെയാണ് പാകിസ്ഥാന് തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നേരിടാനുള്ളത്.
Content highlight: ICC Champions Trophy: IND vs PAK: Ajay Jadeja slams Pakistan team