Champions Trophy
സിക്‌സറടിച്ച് സാക്ഷാല്‍ ഗെയ്‌ലിനെ തോല്‍പിച്ച ഗാംഗുലിയുടെ പിന്‍മുറക്കാരനാകാന്‍ സൂപ്പര്‍ താരമൊരുങ്ങുന്നു; ചരിത്രം പിറക്കുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 10, 11:26 am
Monday, 10th February 2025, 4:56 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച എട്ട് ടീമുകള്‍ കിരീടത്തിനായി പോരാടുമ്പോള്‍ ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെയുള്ള രണ്ടാഴ്ചക്കാലം ആരാധകര്‍ക്ക് വിരുന്ന് തന്നെയായിരിക്കും.

2023 ഏകദിന ലോകകപ്പ് പോയിന്റ് ടേബിളില്‍ ആദ്യ എട്ടില്‍ സ്ഥാനം പിടിച്ച ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫി കളിക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം.

 

ഒരിക്കല്‍ നേടുകയും ശേഷം കണ്‍മുമ്പില്‍ നിന്നും നഷ്ടപ്പെടുകയും ചെയ്ത കിരീടം വീണ്ടും ശിരസിലണിയാനാണ് ഇന്ത്യയൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ടി-20 ലോകകപ്പില്‍ കിരീടമണിഞ്ഞ് തങ്ങളുടെ കിരീട വരള്‍ച്ചയ്ക്ക് അന്ത്യമിട്ട ഇന്ത്യ ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.

ടൂര്‍ണമെന്റില്‍ ഒരു തകര്‍പ്പന്‍ നേട്ടത്തിലേക്കാണ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനാകാനുള്ള അവസരമാണ് പാണ്ഡ്യക്ക് മുമ്പിലുള്ളത്.

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ വെറും മൂന്ന് ഇന്നിങ്‌സില്‍ മാത്രം ബാറ്റെടുത്ത താരം പത്ത് സിക്‌സറുകള്‍ ഇതിനോടകം തന്നെ നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയിലെ സിക്‌സര്‍ വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ആറാമനാണ് പാണ്ഡ്യ.

കേവലം ഒറ്റ സിക്‌സര്‍ നേടിയാല്‍ പാണ്ഡ്യക്ക് ടോപ് ഫൈവിലെത്താം. എന്നാല്‍ 17 സിക്‌സറുമായി ഒന്നാമതുള്ള ഗാംഗുലിയുടെ സിംഹാസനം തന്നെയാകും പാണ്ഡ്യ ലക്ഷ്യമിടുന്നത്.

സൗരവ് ഗാംഗുലി

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

സൗരവ് ഗാംഗുലി – ഇന്ത്യ – 11 – 17

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 17 – 15

ഒയിന്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – 13 – 14

ഷെയ്ന്‍ വാട്‌സണ്‍ – ഓസ്‌ട്രേലിയ – 15 – 12

പോള്‍ കോളിങ്‌വുഡ് – ഇംഗ്ലണ്ട് – 11 – 11

ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 3 – 10

ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – 13 – 10

ഹര്‍ദിക് പാണ്ഡ്യ 2022 T20 ലോകകപ്പില്‍

ആക്ടീവ് ക്രിക്കറ്റര്‍മാരില്‍ ഏറ്റവുമധികം ചാമ്പ്യന്‍സ് ട്രോഫി സിക്‌സറുകളുള്ള താരവും പാണ്ഡ്യ തന്നെ. ഏഴ് ഇന്നിങ്‌സില്‍ നിന്നും ഒമ്പത് സിക്‌സറുമായി സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ഡേവിഡ് മില്ലറാണ് രണ്ടാമന്‍

ഡേവിഡ് മില്ലര്‍

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ആക്ടീവ് ക്രിക്കറ്റേഴ്‌സ്

(താരം – ടീം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 3 – 10

ഡേവിഡ് മില്ലര്‍ – സൗത്ത് ആഫ്രിക്ക – 7 – 9

രോഹിത് ശര്‍മ – ഇന്ത്യ – 10 – 8

വിരാട് കോഹ്‌ലി – ഇന്ത്യ – 12 – 8

ഫഖര്‍ സമാന്‍ – പാകിസ്ഥാന്‍ – 4 – 5

2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ച പാണ്ഡ്യ ഈ ടൂര്‍ണമെന്റില്‍ ടീമിന്റെ നെടുംതൂണാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും മികച്ചുനില്‍ക്കുന്ന പാണ്ഡ്യ തന്നെയാണ് എതിരാളികളുടെ പേടി സ്വപ്‌നവും.

 

Content Highlight: ICC Champions Trophy: Hardik Pandya need 7 sixes to equals Sourav Ganguly’s all time record