Champions Trophy
ഇന്ത്യ vs പാകിസ്ഥാന്‍ മത്സരം: വെറും ഹൈപ്പ് മാത്രം, അല്ലാതെ എന്താണതില്‍ ഉള്ളത്! ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടുമുമ്പ് ഹര്‍ഭജന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 17, 03:05 pm
Monday, 17th February 2025, 8:35 pm

ആരാധകര്‍ കാത്തിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണുള്ളത്. ഫെബ്രുവരി 19ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരും ടൂര്‍ണമെന്റിന്റെ ആതിഥേയരുമായ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെതിരെ കളത്തിലിറങ്ങുന്നതോടെയാണ് ലോക ക്രിക്കറ്റിലെ മറ്റൊരു മാമാങ്കത്തിന് തുടക്കമാകുന്നത്.

ഫെബ്രുവരി 23നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ സൂപ്പര്‍ ക്ലാഷിന് കളമൊരുങ്ങുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നാണ് മത്സരം.

 

ടൂര്‍ണമെന്റിന് തൊട്ടുമുമ്പ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്. ഈ മത്സരം ഓവര്‍ ഹൈപ്പ്ഡ് ആണെന്ന് പറഞ്ഞ ഭാജി, വണ്‍ സൈഡഡ് മാച്ചായി ഇത് മാറുമെന്നും അഭിപ്രായപ്പെട്ടു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഹര്‍ഭജന്‍ ഇക്കാര്യം പറയുന്നത്.

‘ഇന്ത്യയും പാകിസ്ഥാനും. അതെ നിങ്ങള്‍ കേട്ടത് ശരിയാണ്, ഇത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഓവര്‍ ഹൈപ്പ്ഡ് മാച്ച് മാത്രമാണ്. കാരണം ഇതില്‍ ഒന്നുതന്നെയില്ല എന്നതുതന്നെ.

നിങ്ങള്‍ അവരുടെ പ്രധാന ബാറ്റര്‍മാരെ നോക്കൂ. അവരുടെ സൂപ്പര്‍ താരം ബാബര്‍ അസമാണ്. ഇന്ത്യക്കെതിരെ അദ്ദേഹത്തിന്റെ ശരാശരി 31 മാത്രമാണ്. നിങ്ങള്‍ ഒരു ടോപ് ബാറ്റര്‍ ആണെങ്കില്‍ 50ല്‍ കൂടുതല്‍ ശരാശരിയുണ്ടായിരിക്കണം.

അടുത്തത് റിസ്വാനാണ്. പ്ലെയര്‍ എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. അവന്‍ ഫ്രീയായി കളിക്കുന്ന താരമാണ്. എന്നാല്‍ ഇന്ത്യക്കെതിരെ അവന് 25 എന്ന ബാറ്റിങ് ശരാശരി മാത്രമാണുള്ളത്.

ഫഖര്‍ സമാന്‍, അവരുടെ ആകെയുള്ള ഫുള്‍ ടൈം ഓപ്പണര്‍, അദ്ദേഹത്തിന് 46 എന്ന ശരാശരിയുണ്ട്. അതൊരു മികച്ച ശരാശരി തന്നെയാണ്. അവന് ഇന്ത്യയില്‍ നിന്നും മത്സരം തട്ടിയെടുക്കാന്‍ സാധിച്ചേക്കും.

ഫഹീം അഷ്‌റഫിന് 12.5 മാത്രം ശരാശരിയാണുള്ളത്. അവന്‍ വലിയ ഭീഷണിയാകുമെന്ന് എനിക്ക് തോന്നുന്നില്ല. സൗദ് ഷക്കീലിനാകട്ടെ ഇന്ത്യക്കെതിരെ എട്ട് എന്ന ശരാശരിയാണുള്ളത്. അവരുടെ ബാറ്റിങ് ലൈന്‍ അപ് പരിശോധിക്കുമ്പോള്‍ ഈ ടീമിനെ ചെറുത്തുനില്‍ക്കാന്‍ പോലും സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല,’ ഹര്‍ഭജന്‍ പറഞ്ഞു.

ട്രൈ നേഷന്‍ സീരീസില്‍ ന്യൂസിലാന്‍ഡ് പാകിസ്ഥാനെ പരാജയപ്പെടുത്തിയതിനെ കുറിച്ചും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പരമ്പര തൂത്തുവാരിയതിനെ കുറിച്ചും ടര്‍ബനേറ്റര്‍ സംസാരിച്ചു.

‘നേരത്തെ ഇന്ത്യ സ്വന്തം തട്ടകത്തില്‍ വെച്ച് ഇംഗ്ലണ്ടിനെതിരെ ഗംഭീര വിജയം സ്വന്തമാക്കി. എന്നാല്‍ പാകിസ്ഥാനാകട്ടെ സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനോട് ട്രൈ നേഷന്‍ സീരിസില്‍ വലിയ പരാജയമേറ്റുവാങ്ങിയിരുന്നു. ന്യൂസിലാന്‍ഡ് പാകിസ്ഥാനെതിരെയാണ് തങ്ങളുടെ ആദ്യ മത്സരം കളിക്കുന്നത് എന്നതും മനസിലുണ്ടാകണം.

ന്യൂസിലാന്‍ഡ് ഒരിക്കല്‍ക്കൂടി പാകിസ്ഥാനെ അടിച്ചൊതുക്കുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. കാരണം ന്യൂസിലാന്‍ഡിന് പാകിസ്ഥാനിലെ സാഹചര്യങ്ങളെ കുറിച്ച് ഇതിനോടകം തന്നെ ധാരണ ലഭിച്ചിട്ടുണ്ടാകും.

ഇപ്പോഴുള്ള സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ കാതങ്ങളകലെയാണ്. എനിക്ക് തോന്നുന്നത് ഇതൊരു വണ്‍ സൈഡ് ഗെയിം മാത്രമായി മാറുമെന്നാണ്.

ഇത് ഹൈപ്പ് കയറ്റിവെച്ച മത്സരം മാത്രമാണ്. ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന വിലയാണ് എന്നത് ശരി തന്നെ. പക്ഷേ, ഒരു വണ്‍ സൈഡഡ് മാച്ച് കണ്ടതുകൊണ്ട് നമുക്ക് വലിയ ആവേശമൊന്നും കിട്ടില്ല എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്,’ ഹര്‍ഭജന്‍ പറഞ്ഞു.

 

Content highlight: ICC Champions Trophy: Harbhajan Singh calls India vs Pakistan match over hyped