Champions Trophy
ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍: തുടക്കം 2023 ലോകകപ്പ് ഫൈനലിന് സമാനം; ഇന്ത്യയ്ക്ക് ആശ്വാസം ന്യൂസിലാന്‍ഡിന്റെ വജ്രായുധം പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 09, 08:54 am
Sunday, 9th March 2025, 2:24 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് കൊടി കയറി. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തല്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടുകയാണ്. രണ്ടര പതിറ്റാണ്ടിനിപ്പുറം മറ്റൊരു ഇന്ത്യ – ന്യൂസിലാന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ അരങ്ങേറുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍.

ഇത് രണ്ടാം തവണയാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ നേരിടുന്നത്. 2000ലായിരുന്നു ഇരുവരുടെയും ആദ്യ എന്‍കൗണ്ടര്‍. അന്ന് ഇന്ത്യയെ പരാജയപ്പെടുത്തി കിവീസ് കിരീടമണിഞ്ഞിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിന്റെ ആദ്യ കിരീടവും ഏക കിരീടവുമാണത്.

ഇതേ ഗ്രൗണ്ടില്‍ നടന്ന ആദ്യ സെമിയില്‍ ഓസീസിനെ തപരാജയപ്പെടുത്തിയാണ് ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ടിക്കറ്റെടുത്തത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ ഗംഭീര വിജയം സ്വന്തമാക്കിയാണ് കിവികള്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.

കലാശപ്പോരാട്ടത്തില്‍ ന്യൂസിലാന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ടോസ് വിജയിക്കുകയും ബാറ്റിങ് തെരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ച്ചയായ 15ാം ഏകദിനത്തിലാണ് ഇന്ത്യന്‍ നായകന് ടോസ് നഷ്ടമാകുന്നത്.

2023 ഏകദിന ലോകകപ്പിലും ഇന്ത്യയ്ക്ക് ടോസ് നഷ്ടപ്പെട്ടിരുന്നു. ആ മത്സരം മുതലാണ് ഏകദിനത്തില്‍ രോഹിത്തിന് ടോസ് നഷ്ടപ്പെട്ടുതുടങ്ങിയത്.

കിരീടപ്പോരാട്ടത്തില്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ പേസര്‍ മാറ്റ് ഹെന്‌റി കളിക്കുന്നില്ല. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ തോളിന് പരിക്കേറ്റാണ് ഹെന്‌റിക്ക് ഫൈനല്‍ നഷ്ടപ്പെട്ടത്.

കിവീസ് നിരയില്‍ മാറ്റ് ഹെന്‌റിയുടെ അഭാവം ഇന്ത്യയെ സംബന്ധിച്ച് ഏറെ ഗുണകരമാണ്. ഈ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാണ് ഹെന്‌റി. നാല് മത്സരത്തില്‍ നിന്നും പത്ത് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

നേരത്തെ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മാറ്റ് ഹെന്‌റി ഇന്ത്യന്‍ ബാറ്റിങ് നിരയെ വിറപ്പിച്ചിരുന്നു. അഞ്ച് വിക്കറ്റാണ് ഹെന്‌റി പിഴുതെറിഞ്ഞത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഇന്ത്യയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടവും ഹെന്‌റി സ്വന്തമാക്കിയിരുന്നു.

ഫൈനലില്‍ നഥാന്‍ സ്മിത്താണ് ഹെന്‌റിയുടെ പകരക്കാരന്‍.

സെമിയില്‍ കളിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യ ഫൈനലിനും അണിനിരത്തുന്നത്. മത്സരത്തില്‍ ചെയ്‌സ് ചെയ്യണമെന്നത് പ്രയാസകരമല്ലെന്നും ഈ ഗ്രൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്തും രണ്ടാമത് ബാറ്റ് ചെയ്തും തങ്ങള്‍ വിജയിച്ചിട്ടുണ്ടെന്ന് ടോസിനിടെ രോഹിത് വ്യക്തമാക്കി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

വില്‍ യങ്, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), നഥാന്‍ സ്മിത്, കൈല്‍ ജാമൈസണ്‍, വില്‍ ഒ റൂര്‍ക്.

Content Highlight: ICC Champions Trophy: Final: IND vs NZ: New Zealand won the toss and elect to bat first