|

കിരീടം പങ്കുവെച്ച ഇന്ത്യയും ശ്രീലങ്കയും ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്ഥാനും; ഇതാ ഇവരാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ചാമ്പ്യന്‍മാര്‍

ആദര്‍ശ് എം.കെ.

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണ് ബാക്കിയുള്ളത്. ഫെബ്രുവരി 19മുതല്‍ മാര്‍ച്ച് ഒമ്പത് വരെയുള്ള ദിവസങ്ങള്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് വിരുന്ന് തന്നെയായിരിക്കും.

ഒരിക്കല്‍ നേടിയതും 2017ല്‍ പാകിസ്ഥാന് മുമ്പില്‍ അടിയറവ് വെച്ചതുമായ കിരീടം വീണ്ടും നേടാനുറച്ചാണ് ഇന്ത്യ ടൂര്‍ണമെന്റിനിറങ്ങുന്നത്. ബുംറയടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ അഭാവമുണ്ടെങ്കിലും അതിനെയെല്ലാം ഒരു ടീം എന്ന നിലയില്‍ മെന്‍ ഇന്‍ ബ്ലൂ മറികടക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

2013ലാണ് ഇന്ത്യ ഇതിന് മുമ്പ് കിരീടമണിഞ്ഞത്. ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍. ടി-20 ഫോര്‍മാറ്റിലേക്ക് മാറിയ മത്സരത്തില്‍ അലസ്റ്റര്‍ കുക്കിനെയും സംഘത്തെയും അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ രണ്ടാം കിരീടമണിഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫി ഇപ്പോള്‍ അതിന്റെ ഒമ്പതാം എഡിഷനിലെത്തി നില്‍ക്കുമ്പോള്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ വിജയികളെ നമുക്ക് പരിശോധിക്കാം.

1998ലാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് തുടക്കമാകുന്നത്. നോണ്‍ ടെസ്റ്റ് പ്ലെയിങ് നേഷന്‍സിനുകളുടെ വികസനത്തിന് ഫണ്ട് റെയ്‌സിങ് എന്ന ലക്ഷ്യവുമായാണ് ഐ.സി.സി ഒരു ഷോര്‍ട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ് അവതരിപ്പിച്ചത്. ആദ്യ രണ്ട് സീസണുകളില്‍ ഐ.സി.സി നോക്ക് ഔട്ട് ട്രോഫി എന്ന് പേരിട്ട ടൂര്‍ണമെന്റ്, 2002ലെ എഡിഷന് തൊട്ടുമുമ്പ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയെന്ന് പേര് മാറ്റുകയായിരുന്നു.

സൗത്ത് ആഫ്രിക്കയാണ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍മാരായത്. പ്രോട്ടിയാസിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ കിരീടം. അവര്‍ നേടിയ ഏക ഐ.സി.സി കിരീടവും ഇത് തന്നെയാണ്. ബംഗ്ലാദേശ് ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തിന് ധാക്കയാണ് വേദിയായത്. ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ നാല് വിക്കറ്റിന് തോല്‍പിച്ച് സൗത്ത് ആഫ്രിക്ക കിരീടമണിഞ്ഞു.

പ്രഥമ ചാമ്പ്യന്‍മാര്‍

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 2000ല്‍ ന്യൂസിലാന്‍ഡ് ചരിത്രത്തിലെ രണ്ടാം ചാമ്പ്യന്‍മാരായി. കെനിയയിലെ നയ്‌റോബിയില്‍ നടന്ന ഫൈനലില്‍ സൗരവ് ഗാംഗുലിയുടെ ഇന്ത്യയായിരുന്നു എതിരാളികള്‍. സൂപ്പര്‍ താരം ക്രിസ് ക്രെയ്ന്‍സിന്റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 265 റണ്‍സിന്റെ വിജയലക്ഷ്യം ബ്ലാക് ക്യാപ്‌സ് അനായാസം മറികടക്കുകയായിരുന്നു.

ന്യൂസിലാന്‍ഡ് ടീം കിരീടവുമായി

2002ല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് വീണ്ടും ഏഷ്യന്‍ ടീം ആതിഥേയത്വം വഹിച്ചു. ശ്രീലങ്കയായിരുന്നു ടൂര്‍ണമെന്റിന്റെ മൂന്നാം എഡിഷന്റെ ആതിഥേയര്‍. ഈ വര്‍ഷം മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി രണ്ട് ടീമുകള്‍ കിരീടം പങ്കുവെച്ചു. രണ്ട് തവണയായി രണ്ട് മത്സരങ്ങള്‍ നടത്തിയിട്ടും ഫലമില്ലാതെ പോയതിന് പിന്നാലെയാണ് ഫൈനലിലെത്തിയ ഇന്ത്യയും ശ്രീലങ്കയും സംയുക്ത വിജയികളായത്.

രണ്ട് ഇതിഹാസങ്ങള്‍

2004ല്‍ വെസ്റ്റ് ഇന്‍ഡീസ് കിരീടമണിഞ്ഞു. ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് കരിബിയന്‍സ് ജയഭേരി മുഴക്കിയത്. ഫൈനലില്‍ ഇയാന്‍ ബ്രാഡ്‌ഷോ പ്ലെയര്‍ ഓഫ് ദി മാച്ചായി തിളങ്ങിയപ്പോള്‍ പരമ്പരയിലുടനീളം മികച്ച പ്രകടനം നടത്തിയ രാംനരേഷ് സര്‍വന്‍ പ്ലെയര്‍ ഓഫി ദി സീരീസുമായി തെരഞ്ഞെടുക്കപ്പെട്ടു.

കരീബിയന്‍ കരുത്തറിഞ്ഞ ടൂര്‍ണമെന്റ്‌

2006ല്‍ ഇന്ത്യ ആദ്യമായി ചാമ്പ്യന്‍സ് ട്രോഫിക്ക് വേദിയായി. മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ വിന്‍ഡീസിനെ മഴനിയമത്തെ കൂട്ടുപിടിച്ച് പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കി.

മെെറ്റി ഓസീസ്

2006ലെ ഫൈനല്‍ ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമത്തിലൂടെയാണ് കിരീടമണിഞ്ഞതെങ്കില്‍ തൊട്ടടുത്ത സീസണില്‍ മുന്‍ ചാമ്പ്യന്‍മാരായ ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ കങ്കാരുക്കള്‍ കിരീടം നിലനിര്‍ത്തി. ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തിയ ആദ്യ ടീമായി മാറാനും ഓസ്‌ട്രേലിയക്കായി.

സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കായിരുന്നു ഈ മത്സരത്തിന് വേദിയായത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഷെയ്ന്‍ വാട്‌സണിന്റെ അപരാജിത സെഞ്ച്വറി കരുത്തില്‍ വിജയം സ്വന്തമാക്കി.

പോണ്ടിങ് മാജിക്

ശേഷം 2013ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ കിരീടം ഒരിക്കല്‍ക്കൂടി ഇന്ത്യയിലെത്തി. എഡ്ജ്ബാസ്റ്റണില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം കിരീടമണിഞ്ഞത്. അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ആരാധകരുടെ ഹൃദയമിടിപ്പ് പോലും ഒരു നിമിഷം നിലച്ചിരുന്നു. ആര്‍. അശ്വനെറിഞ്ഞ അവസാന പന്തില്‍ ജെയിംസ് ട്രെഡ്‌വെല്ലിന് റണ്ണടിക്കാന്‍ സാധിക്കാതെ പോയതോടെ ഇന്ത്യ ഒരിക്കല്‍ക്കൂടി ലോകത്തിന്റെ നെറുകയിലെത്തി.

വീ ആർ ദി ചാമ്പ്യന്‍സ്

ഇതോടെ ക്രിക്കറ്റ് ചരിത്രത്തില്‍ ടി-20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ നേടുന്ന ആദ്യ ക്യാപ്റ്റനായും ധോണി മാറി. ഇപ്പോഴും ഈ റെക്കോഡില്‍ ധോണിക്കൊപ്പമെത്താന്‍ മറ്റൊരു താരത്തിനും സാധിച്ചിട്ടില്ല.

ട്രിപ്പിള്‍ ക്രൗണ്‍ ചാമ്പ്യന്‍

എന്നാല്‍ കിരീടം നിലനിര്‍ത്താനുറച്ച് 2017ല്‍ കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് പിഴച്ചു. സെമിയില്‍ ബംഗ്ലാദേശിനെതിരെ കൂറ്റന്‍ ജയം നേടിയ വിരാടിനും സംഘത്തിനും ഫൈനലില്‍ നേരിടാനുണ്ടായിരുന്നത് സര്‍ഫറാസ് അഹമ്മദിന്റെ പാകിസ്ഥാനെയായിരുന്നു. സെമിയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ഫൈനലിന് യോഗ്യത നേടിയത്.

ലണ്ടനില്‍ നടന്ന ഫൈനലില്‍ ഇന്ത്യ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം തോല്‍വികളിലൊന്നാണ് നേരിട്ടത്. 180 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ സൂപ്പര്‍ താരം ഫഖര്‍ സമാന്റെ സെഞ്ച്വറി കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. ചീട്ടുകൊട്ടാരും പോലെ ഇന്ത്യയുടെ ബാറ്റിങ് നിര തകര്‍ന്നുവീണു. ഹര്‍ദിക് പാണ്ഡ്യക്ക് മാത്രമാണ് ചെറുത്തുനില്‍ക്കാനെങ്കിലും സാധിച്ചത്. എന്നാല്‍ ഈ ചെറുത്തുനില്‍പ്പിന് ഇന്ത്യയുടെ തോല്‍വിയുടെ തോത് കുറയ്ക്കാന്‍ മാത്രമാണ് സാധിച്ചത്.

പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന്

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് ലോകം ചാമ്പ്യന്‍സ് ട്രോഫിയുടെ ആവേശത്തിലേക്ക് വഴി മാറുകയാണ്. ടൂര്‍ണമെന്റില്‍ മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയ്ക്കും വെസ്റ്റ് ഇന്‍ഡീസിനും ഇടം നേടാന്‍ സാധിക്കാതെ വന്നപ്പോള്‍ അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ കന്നിയങ്കത്തിന് ഒരുങ്ങുകയാണ്.

1996ലെ ലോകകപ്പിന് ശേഷം പാകിസ്ഥാന്‍ മറ്റൊരു ഐ.സി.സി ഇവന്റിന് വേദിയാകുമ്പോള്‍ അന്ന് പാകിസ്ഥാനൊപ്പം ടൂര്‍ണമെന്റിന്റെ സഹ ആതിഥേയരായ ഇന്ത്യ ദുബായിലാണ് തങ്ങളുടെ എല്ലാ മത്സരങ്ങളും കളിക്കുന്നത്.

ഇത്തവണ എന്തൊക്കെ സംഭവിക്കും? ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കുമോ? അതോ ഓസ്‌ട്രേലിയക്ക് ശേഷം കിരീടം നിലനിര്‍ത്തുന്ന ടീമായി പാകിസ്ഥാന്‍ മാറുമോ? അതുമല്ല സൂപ്പര്‍ ടീമുകളെയെല്ലാം അട്ടിമറിച്ച് ആദ്യ അവസരത്തില്‍ തന്നെ അഫ്ഗാനിസ്ഥാന്‍ കിരീടം നേടുമോ? ഒന്നും പ്രവചിക്കാന്‍ സാധിക്കില്ല, കാരണം ഇത് ക്രിക്കറ്റാണ്.

Content Highlight: ICC Champions Trophy: All Winners Of The Tournament

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories