ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യ സെമി ഫൈനല്‍ മത്സരം തുടരുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായ ഇന്ത്യ ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെയാണ് നേരിടുന്നത്. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു.
ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ കരുത്തില്‍ ഓസീസ് മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്. എങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ മൊമെന്റം ഓസ്‌ട്രേലിയയുടെ പക്ഷത്താകാന്‍ അനുവദിക്കുന്നുമില്ല.
ടീം സ്‌കോര്‍ 150 കടക്കും മുമ്പ് തന്നെ നാല് വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായിരുന്നു. കൂപ്പര്‍ കനോലി (ഒമ്പത് പന്തില്‍ പൂജ്യം), ട്രാവിസ് ഹെഡ് (33 പന്തില്‍ 39), മാര്‍നസ് ലബുഷാന്‍ (36 പന്തില്‍ 29), ജോഷ് ഇംഗ്ലിസ് (12 പന്തില്‍ 11) എന്നിവരുടെ വിക്കറ്റാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്. ലബുഷാന്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയപ്പോള്‍ മറ്റ് മൂന്ന് താരങ്ങളും ക്യാച്ചിലൂടെയും പുറത്തായി.
വിരാട് കോഹ്‌ലിയാണ് ജോഷ് ഇംഗ്ലിസിന്റെ ക്യാച്ച് കൈപ്പിടിയിലൊതുക്കിയത്. ഈ ക്യാച്ചിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും വിരാടിനെ തേടിയെത്തി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം ക്യാച്ച് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ രണ്ടാം സ്ഥാനത്തേക്ക് പിടിയിറക്കി വിട്ടാണ് വിരാട് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
കരിയറിലെ 335ാം ക്യാച്ചാണ് വിരാട് സ്വന്തമാക്കിയത്. ടെസ്റ്റില്‍ 121 ക്യാച്ചെടുത്ത താരം ഏകദിനത്തില്‍ 160 ക്യാച്ചും ടി-20യില്‍ 54 ക്യാച്ചും സ്വന്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം ക്യാച്ചെടുത്ത ഇന്ത്യന്‍ താരം (നോണ്‍ വിക്കറ്റ് കീപ്പര്‍)
(താരം – ക്യാച്ച് എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – 335*
രാഹുല്‍ ദ്രാവിഡ് – 334
മുഹമ്മദ് അസറുദ്ദീന്‍ – 261
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 256
രോഹിത് ശര്‍മ – 229
അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം ക്യാച്ചെടുക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും എല്ലാ ടീമുകളെയും പരിശോധിക്കുമ്പോള്‍ വിരാട് അഞ്ചാം സ്ഥാനത്താണ്. ഒന്നാമതുള്ള ലങ്കന്‍ ഇതിഹാസ താരം മഹേല ജയവര്‍ധനെയെ മറികടക്കാന്‍ വിരാട് കോഹ്‌ലിക്ക് സാധിക്കുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ അതിനുള്ള സാധ്യതകള്‍ തീരെ കുറവാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം ക്യാച്ച് സ്വന്തമാക്കിയ താരങ്ങള്‍ (നോണ്‍ വിക്കറ്റ് കീപ്പര്‍)
(താരം – ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)
മഹേല ജയവര്‍ധനെ – ശ്രീലങ്ക/ ഏഷ്യ – 440
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ/ ഐ.സി.സി – 364
റോസ് ടെയ്‌ലര്‍ – ന്യൂസിലാന്‍ഡ് – 351
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക/ ആഫ്രിക്ക/ ഐ.സി.സി – 338
വിരാട് കോഹ് ലി – ഇന്ത്യ – 335*
രാഹുല്‍ ദ്രാവിഡ് – ഇന്ത്യ/ ഏഷ്യ/ ഐ.സി.സി – 334
സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 331
അതേസമയം, തുടര്‍ച്ചയായ വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഓസ്‌ട്രേലിയ മികച്ച സ്‌കോറിലെത്താന്‍ പൊരുതുകയാണ്. അലക്‌സ് കാരിക്കൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി മികച്ചുനിന്ന സ്മിത്തിനെ മടക്കി മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്. വിക്കറ്റിന് നേരെ മിസൈല്‍ കണക്കെ പാഞ്ഞടുത്ത ഫുള്‍ ടോസില്‍ സ്മിത് മടങ്ങുകയായിരുന്നു. 96 പന്തില്‍ 73 റണ്‍സാണ് താരം സ്വന്തമാക്കിയത്.
പിന്നാലെയെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് അഞ്ച് പന്ത് മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. നേരിട്ട നാലാം പന്തില്‍ അക്‌സര്‍ പട്ടേലിനെ സിക്‌സറിന് പറത്തി വരവറിയിച്ചെങ്കിലും തൊട്ടടുത്ത പന്തില്‍ പട്ടേല്‍ മാക്‌സിയെ ബൗള്‍ഡാക്കി. ഏഴ് റണ്‍സാണ് താരം സ്വന്തമാക്കിയത്.
നിലവില്‍ 39 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റിന് 207 എന്ന നിലയിലാണ് ഓസീസ്. 37 പന്തില്‍ 39 റണ്‍സുമായി അലക്‌സ് കാരിയും ആറ് പന്തില്‍ രണ്ട് റണ്‍സുമായി ബെന്‍ ഡ്വാര്‍ഷിയസുമാണ് ക്രീസില്‍.
ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍
ട്രാവിസ് ഹെഡ്, കൂപ്പര്‍ കനോലി, സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷാന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), അലക്‌സ് കാരി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ ഡ്വാര്‍ഷിയസ്, നഥാന്‍ എല്ലിസ്, തന്‍വീര്‍ സാംഗ, ആദം സാംപ.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.
Content Highlight: ICC Champions Trophy 2025: Virat Kohli surpassed Rahul Dravid’s in the record of most catches for India as a non-wicketkeeper