ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് രണ്ടിന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം തന്നെയാണ് ഇന്ത്യയുടെ ഈ മത്സരത്തിനും വേദിയാകുന്നത്.
ആദ്യ ഘട്ട മത്സരങ്ങള്‍ അവസാനിക്കും മുമ്പ് തന്നെ ഗ്രൂപ്പ് എ-യില്‍ നിന്നും സെമി ഫൈനലില്‍ പ്രവേശിച്ച രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടം എന്നത് തന്നെയാണ് ഈ മാച്ചിനെ ഏറെ സ്പെഷ്യലാക്കുന്നത്.
സെമി ഫൈനല്‍ ബെര്‍ത് ഉറപ്പിച്ചു എന്നതുകൊണ്ട് മാത്രം ഇരു ടീമുകളും ഉഴപ്പാന്‍ സാധ്യതയില്ല. വിജയത്തോടെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്സില്‍ ഒന്നാമതെത്തുക എന്നത് തന്നെയായിരിക്കും ഇരു ടീമിന്റെയും ലക്ഷ്യം.
ഇന്ത്യന്‍ സൂപ്പര്‍ താരവും മോഡേണ്‍ ഡേ ലെജന്‍ഡുമായ വിരാട് കോഹ്‌ലിയെ കരിയറിലെ സുപ്രധാന നേട്ടങ്ങളിലൊന്നാണ് ഈ മത്സരത്തില്‍ കാത്തിരിക്കുന്നത്. തന്റെ കരിയറിലെ 300ാം ഏകദിനത്തിനാണ് വിരാട് കളത്തിലിറങ്ങുക. ഇതുവരെ ആറ് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ഏകദിനത്തില്‍ 300 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (463), എം.എസ്. ധോണി (367), രാഹുല്‍ ദ്രാവിഡ് (340), മുഹമ്മദ് അസറുദ്ദീന്‍ (334), സൗരവ് ഗാംഗുലി (308), യുവരാജ് സിങ് (301) എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.
ഇതിന് പുറമെ മറ്റൊരു ചരിത്ര നേട്ടവും മത്സരത്തില്‍ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനെതിരെ 3,000 റണ്‍സ് എന്ന നേട്ടമാണ് വിരാട് ലക്ഷ്യമിടുന്നത്. ഇതിനായി വേണ്ടതാകട്ടെ വെറും 58 റണ്‍സും.
ന്യൂസിലാന്‍ഡിനെതിരെ കളത്തിലിറങ്ങിയ 55 മത്സരത്തില്‍ നിന്നും 47.01 ശരാശരിയില്‍ 2,915 റണ്‍സാണ് വിരാട് നേടിയത്. 2023 ലോകകപ്പിന്റെ സെമി ഫൈനലില്‍ നേടിയ 117 റണ്‍സടക്കം ഒമ്പത് സെഞ്ച്വറികളാണ് വിരാട് ബ്ലാക് ക്യാപ്‌സിനെതിരെ അടിച്ചെടുത്തത്. 15 അര്‍ധ സെഞ്ച്വറികളും താരം കിവികള്‍ക്കെതിരെ നേടിയിട്ടുണ്ട്.
ക്രിക്കറ്റ് ചരിത്രത്തില്‍ നാല് താരങ്ങള്‍ മാത്രമാണ് അന്താരാഷ്ട്ര തലത്തില്‍ ന്യൂസിലാന്‍ഡിനെതിരെ 3,000 റണ്‍സ് നേടിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിങ്, ജാക് കാലിസ്, ജോ റൂട്ട് എന്നിവരാണ് ഈ താരങ്ങള്‍. ഈ എലീറ്റ് ലിസ്റ്റിലേക്കാണ് വിരാടും കണ്ണുവെക്കുന്നത്.
മറ്റൊരു ചരിത്ര റെക്കോഡും ഈ മത്സരത്തില്‍ വിരാടിന്റെ പേരില്‍ കുറിക്കപ്പെടാനുള്ള സാധ്യതകളേറെയാണ്. ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് വിരാടിന് മുമ്പിലുള്ളത്. 105 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടന്ന് വിരാട് ഒന്നാമതെത്തും.
1,750 റണ്‍സാണ് ഏകദിനത്തില്‍ സച്ചിന്‍ ന്യൂസിലാന്‍ഡിനെതിരെ നേടിയത്. 51 ഇന്നിങ്‌സില്‍ നിന്നും 1,971 റണ്‍സുമായി ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്ങാണ് ഈ നേട്ടത്തില്‍ ഒന്നാമതുള്ളത്.
Content Highlight: ICC Champions Trophy 2025: Virat Kohli need 85 runs to complete 3,000 international runs against New Zealand