ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇനി ബാക്കി കലാശപ്പോര് മാത്രം. ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് അവസാന അങ്കത്തിലെ എതിരാളികള്‍. മാര്‍ച്ച് ഒമ്പതിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
ആദ്യ സെമിയില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചത്. ഗ്രൂപ്പ് ബിയില്‍ സൗത്ത് ആഫ്രിക്കയെ തകര്‍ത്താണ് ന്യൂസിലാന്‍ഡ് ഫൈനലിന് യോഗ്യത നേടിയത്.
യുവതാരം രചിന്‍ രവീന്ദ്രയുടെയും മുന്‍ നായകന്‍ കെയ്ന്‍ വില്യംസണിന്റെയും സെഞ്ച്വറി കരുത്തിലാണ് കിവീസ് സെമിയില്‍ വിജയം സ്വന്തമാക്കിയത്. 101 പന്തില്‍ 108 റണ്‍സാണ് ബ്ലാക്ക് ക്യാപ്‌സ് യുവതാരം കരസ്ഥമാക്കിയത്. 13 ഫോറും ഒരു സിക്‌സുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ച്വറികളുമായി മുന്നേറുന്ന രചിന്‍ രവീന്ദ്രയെ പ്രശംസിക്കുകയാണ് ന്യൂസിലാന്‍ഡ് മുന്‍ നായകന്‍ ടിം സൗത്തി. രചിന്‍ സ്വാഭാവികമായി കഴിവുള്ള താരമാണെന്നും അവന്റെ കഴിവ് ശ്രദ്ധേയമാണെന്നും മുന്‍ നായകന്‍ പറഞ്ഞു. അവന്റെ ബാറ്റിങ് കണ്ടാല്‍ വര്‍ഷങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്ന താരമാണെന്നേ തോന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അവന്‍ (രചിന്‍ രവീന്ദ്ര) സ്വാഭാവികമായി കഴിവുള്ള താരമാണെന്നതില്‍ സംശയമില്ല. എന്നാലും അവന്‍ നന്നായി കഠിനാധ്വാനം ചെയ്യും. അവന്റെ ബാറ്റിങ് ശൈലി രസകരവും സുഗമവുമാണ്. രചിന്റെ കഴിവ് ശ്രദ്ധേയമാണ്. അവന്റെ ബാറ്റിങ് കണ്ടാല്‍ വര്‍ഷങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്ന താരമാണെന്നേ തോന്നൂ,’ സൗത്തി പറഞ്ഞു.
കൂടാതെ, രചിന്‍ രവീന്ദ്രക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം കിട്ടിയതിനെ കുറിച്ചും ടിം സൗത്തി സംസാരിച്ചു. രചിന്‍ ചെറുപ്പമാണെങ്കിലും പക്വതയുള്ള താരമാണെന്നും കഴിഞ്ഞ ഏകദിന ലോകകപ്പിന് കെയ്ന്‍ വില്യംസണിന് പരിക്ക് പറ്റിയില്ലായിരുന്നെങ്കില്‍ യുവതാരത്തിന് അവസരം ലഭിക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുവതാരമെന്ന നിലയില്‍ മെച്ചപ്പെടാനുള്ള അവന്റെ സന്നദ്ധത വേറിട്ട് നില്‍ക്കുന്നു എന്നും സൗത്തി കൂട്ടിച്ചേര്‍ത്തു.
‘അവന്‍ (രചിന്‍ രവീന്ദ്ര) ഇപ്പോഴും ചെറുപ്പമാണ്. പക്ഷേ, പക്വതയുള്ള താരമാണ്. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിനിടെ കെയ്ന്‍ വില്യംസണിന് പരിക്ക് പറ്റിയില്ലായിരുന്നെകില്‍ രചിന് അവസരം ലഭിക്കുമായിരുന്നില്ല. പക്ഷേ എല്ലാം ഒരു കാരണത്തിനാലാണ് സംഭവിക്കുന്നത്.
അവന്‍ എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നു. കെയ്ന്‍ വില്യംസണിനെ പോലുള്ള സീനിയര്‍ താരങ്ങളോട് നിരന്തരം ഉപദേശം ചോദിക്കാറുണ്ട്. യുവതാരമെന്ന നിലയില്‍ മെച്ചപ്പെടാനുള്ള അവന്റെ സന്നദ്ധത വേറിട്ട് നില്‍ക്കുന്നു,’ സൗത്തി പറഞ്ഞു.
Content Highlight: ICC Champions Trophy 2025: Tim Southee praises Rachin Ravindra