|

ചാമ്പ്യന്‍സ് ട്രോഫിയില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എട്ടിന്റെ പണികിട്ടാന്‍ സാധ്യത; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം സെമി ഫൈനലില്‍ ന്യൂസിലാന്‍ഡും സൗത്ത് ആഫ്രിക്കയുമാണ് ഏറ്റുമുട്ടുക. മാര്‍ച്ച് അഞ്ചിന് കറാച്ചിയില്‍വെച്ചാണ് മത്സരം. എന്നാല്‍ മത്സരത്തിന് മുന്നേ സൗത്ത് ആഫ്രിക്കന്‍ ടീമില്‍ വലിയ ആശങ്കകളാണ് മുന്നിലുള്ളത്.

ബി- ഗ്രൂപ്പില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന ഘട്ട മത്സരത്തില്‍ സൗത്ത് ആഫ്രിക്കയുടെ ക്യാപ്റ്റന്‍ തെംമ്പ ബാവുമയും ഓപ്പണര്‍ ടോണി ഡി സോസിയും പുറത്തായിരുന്നു. പരിക്ക് കാരണമായിരുന്നു താരങ്ങള്‍ പുറത്തായത്.

സൗത്ത് ആഫ്രിക്കയുടെ നിരവധി താരങ്ങള്‍ക്ക് പരിക്കുകള്‍ തിരിച്ചടിയായിട്ടുണ്ട്്. ആന്റിച്ച് നോര്‍ക്യ, ജെറാള്‍ഡ് കോട്‌സി, നാന്ദ്രെ ബര്‍ഗര്‍, ലിസാഡ് വില്യംസ് തുടങ്ങിയ പ്രധാന കളിക്കാര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.

മാത്രമല്ല ക്യാപ്റ്റന്റെ അഭാവത്തില്‍ പ്രോട്ടിയാസിനെ നയിച്ച എയ്ഡന്‍ മാര്‍ക്രത്തിനും ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ പരിക്ക് സംഭവിച്ചിരുന്നു.

എന്നാല്‍ സെമി ഫൈനലിന് മുന്നേ ബാവുമയുടെയും ടോണിയുടെയും പരിക്ക് ടീമിന് തിരിച്ചടിയാണ്. ഇപ്പോള്‍ ഇരു താരങ്ങളേയും ഫിറ്റ്‌നസിനെക്കുറിച്ച് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ ഒരു അപ്‌ഡേറ്റ് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് ബാവുമയും ടോണി ഡി സോസിയും ഏതാണ്ട് സുഖം പ്രാപിച്ചുവെന്നും ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം പരിശീലനം പുനരാരംഭിക്കുമെന്നുമാണ് വിവരം.

Tony De Zorzi

ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലിനുള്ള ട്രാവലിങ് റിസര്‍വായി സൗത്ത് ആഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജോര്‍ജ് ലിന്‍ഡെയെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ക്രം പുറത്തായാല്‍ മാത്രമേ ട്രാവലിങ് റിസര്‍വുകളെ പരിഗണിക്കുകയുള്ളൂ.

ഇടംകയ്യന്‍ പേസര്‍ ക്വേന മഫാക്കയും ട്രാവലിങ് റിസര്‍വായി ടീമിനൊപ്പം ഉണ്ടാകും. മാര്‍ക്രത്തെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം സെമി ഫൈനലിലേക്കുള്ള പ്രോട്ടിയാസിന്റ ടീമിനെക്കുറിച്ചുള്ള വ്യക്തത ഉണ്ടാകും.

നിലവില്‍ ഒന്നാം സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് 30 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടിയിട്ടു. നിലവില്‍ സ്റ്റീവ് സ്മിത് 63 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി ക്രീസില്‍ തുടരുകയാണ്.

Content Highlight: ICC Champions Trophy 2025 – South Africa Have Chances To Setback In Semi Final

Video Stories