ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബി-യില്‍ നിന്നും സെമി ഫൈനല്‍ യോഗ്യത നേടുന്ന രണ്ടാം ടീമായി സൗത്ത് ആഫ്രിക്ക. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം അവസാനിക്കുന്നതിന് മുമ്പാണ് സൗത്ത് ആഫ്രിക്ക സെമി ഫൈനല്‍ ഉറപ്പിച്ചത്.
ഈ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക വിജയിക്കുകയോ മത്സരം ഉപേക്ഷിക്കുകയോ ചെയ്താല്‍ പ്രോട്ടിയാസ് സെമി ഫൈനലില്‍ പ്രവേശിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുകയാണെങ്കില്‍ അഫ്ഗാനിസ്ഥാന്‍ സെമിയില്‍ പ്രവേശിക്കുമെന്നും ആരാധകര്‍ കണക്കുകൂട്ടിയിരുന്നു.
നിലവില്‍ -0.990 എന്ന നെറ്റ് റണ്‍ റേറ്റാണ് അഫ്ഗാനിസ്ഥാനുള്ളത്. സൗത്ത് ആഫ്രിക്കയ്ക്കാകട്ടെ +2.140 എന്ന മികച്ച റണ്‍ റേറ്റും.
കറാച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് 179ന് പുറത്താവുകയും ഈ നെറ്റ് റണ്‍ റേറ്റ് മറികടക്കുന്ന രീതിയിലുള്ള വിജയം സ്വന്തമാക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പായതോടെയുമാണ് പ്രോട്ടിയാസ് സെമി ഫൈനലുറപ്പിച്ചത്.
ഇതോടെ ഇംഗ്ലണ്ടിന്റെ വിജയത്തിനായി കാത്തിരുന്ന അഫ്ഗാനിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി യാത്രയും അവസാനിച്ചിരിക്കുകയാണ്.
അതേസമയം, കറാച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താമെന്ന ഇംഗ്ലീഷ് മോഹങ്ങളെ പാടെ തകര്‍ത്തെറിഞ്ഞ് പ്രോട്ടിയാസ് ബൗളര്‍മാര്‍ പന്തെറിഞ്ഞതോടെ 2025 ചാമ്പ്യന്‍സ് ട്രോഫിയിലെ ഏറ്റവും മോശം ടോട്ടലാണ് ഇംഗ്ലണ്ടിന്റെ പേരില്‍ പിറവിയെടുത്തത്.
179 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് സ്വന്തമാക്കാന്‍ സാധിച്ചത്. 44 പന്തില്‍ 37 റണ്‍സ് നേടിയ ജോ റൂട്ടാണ് ടോപ് സ്‌കോറര്‍. 31 പന്തില്‍ 25 റണ്‍സടിച്ച ജോഫ്രാ ആര്‍ച്ചറും 21 പന്തില്‍ 24 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റുമാണ് ചെറുത്തുനിന്ന മറ്റ് താരങ്ങള്‍.
ക്യാപ്റ്റന്റെ റോളില്‍ അവസാന മത്സരം കളിച്ച ജോസ് ബട്‌ലര്‍ 43 പന്തില്‍ 21 റണ്‍സ് നേടി മടങ്ങി.
സൗത്ത് ആഫ്രിക്കയ്ക്കായി വിയാന്‍ മുള്‍ഡറും മാര്‍കോ യാന്‍സെനും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. കേശവ് മഹാരാജ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ലുങ്കി എന്‍ഗിഡിയും കഗിസോ റബാദയുമാണ് ശേഷിച്ച വിക്കറ്റ് നേടിയത്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട്, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹ്‌മൂദ്.
സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍
ട്രിസ്റ്റണ്‍ സ്റ്റബ്സ്, റിയാന്‍ റിക്കല്‍ടണ്‍, റാസി വാന്‍ ഡെര്‍ ഡസന്‍, ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, വിയാന്‍ മുള്‍ഡര്‍, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ലുങ്കി എന്‍ഗിഡി.
Content Highlight: ICC Champions Trophy 2025: South Africa advanced to the semi final even before SA vs ENG match ends