Champions Trophy
ആ ടീം ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി കപ്പുയര്‍ത്തും; വമ്പന്‍ പ്രവചനവുമായി ഷോയ്ബ് അക്തര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 05, 10:15 am
Wednesday, 5th March 2025, 3:45 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിന് ടിക്കെറ്റെടുത്തിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 264 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ 11 പന്ത് ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരം ലാഹോറില്‍ ആരംഭിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്ക ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലാന്‍ഡിനെയാണ് നേരിടുന്നത്.

ഈ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക വിജയിക്കുമെന്നും ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുമെന്നും അഭിപ്രായപ്പെടുകയാണ് മുന്‍ പാക് താരവും ക്രിക്കറ്റ് ഇതിഹാസവുമായ ഷോയ്ബ് അക്തര്‍.

ഇന്ത്യ – ഓസ്‌ട്രേലിയ സെമി ഫൈനല്‍ മത്സരത്തിന് ശേഷം താപ്മാഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റാവല്‍പിണ്ടി എക്‌സ്പ്രസ്. സെമിയില്‍ ഇന്ത്യയുടെ പ്രകടനത്തെ പുകഴ്ത്തിയ അക്തര്‍ ഫൈനലില്‍ രോഹിത്തിന്റെയും സംഘത്തിന്റെയും അപരാജിത കുതിപ്പ് അവസാനിക്കുമെന്നും അഭിപ്രായപ്പെട്ടു.

‘സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തും, ഞായറാഴ്ച ഇന്ത്യയെയും,’ എന്നാണ് അക്തര്‍ പറഞ്ഞത്.

ചര്‍ച്ചയില്‍ ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ഹഫീസും ഷോയ്ബ് മാലിക്കും രണ്ടാം സെമിയില്‍ സൗത്ത് ആഫ്രിക്ക വിജയിക്കുമെന്നും 2024 ടി-20 ലോകകപ്പിന്റെ ഫൈനലിന്റെ ആവര്‍ത്തനമായി ഇന്ത്യ – സൗത്ത് ആഫ്രിക്ക പോരാട്ടത്തിന് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ സാക്ഷ്യം വഹിക്കുമെന്നും അഭിപ്രായപ്പെട്ടു.

ഫൈനലിലേക്ക് വരുമ്പോള്‍ സൗത്ത് ആഫ്രിക്ക ഇന്ത്യയെക്കാള്‍ മികച്ചതാണെന്നും അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇതിന് പിന്നാലെ അക്തര്‍ തന്റെ പ്രസ്താവനയില്‍ മാറ്റം വരുത്തുകയും ഇന്ത്യ തന്നെ കപ്പുയര്‍ത്തുമെന്നും പറഞ്ഞിരുന്നു.

‘ഇന്ത്യയാണ് ചാമ്പ്യന്‍സ് ട്രോഫി വിജയിക്കാന്‍ പോകുന്നത്, അതില്‍ ഒരു സംശയവും വേണ്ട,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് ഒമ്പതിനാണ് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ പോരാട്ടം. തുടര്‍ച്ചയായ മൂന്നാം ഫൈനലിനാണ് ഇന്ത്യ യോഗ്യത നേടിയിരിക്കുന്നത്. 2013ല്‍ കിരീടം നേടിയ ഇന്ത്യ 2017ല്‍ പാകിസ്ഥാനെതിരെ ചരിത്രത്തിലെ മോശം തോല്‍വികളിലൊന്ന് വഴങ്ങി കിരീടം നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ നേടുകയും പിന്നീട് നഷ്ടപ്പെടുത്തുകയും ചെയ്ത ടൈറ്റില്‍ നേടാനുറച്ചാണ് ഇന്ത്യ ഫൈനലിനിറങ്ങുക.

 

Content Highlight: ICC Champions Trophy 2025: Shoaib Akhtar about CT final