|

ജയിക്കും മുമ്പേ, ഫൈനലില്‍ പ്രവേശിക്കും മുമ്പേ ചരിത്രമെഴുതി ബ്ലാക് ക്യാപ്‌സ്; ആദ്യ അഞ്ചില്‍ പോലും ഇന്ത്യയില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ രണ്ടാം സെമി ഫൈനലില്‍ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്ക ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലാന്‍ഡിനെ നേരിടുകയാണ്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയമാണ് വേദി. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ നേരിടും.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് 362 റണ്‍സിന്റെ മികച്ച ടോട്ടലാണ് പടുത്തുയര്‍ത്തിയത്.

യുവതാരം രചിന്‍ രവീന്ദ്രയുടെയും മുന്‍ നായകന്‍ കെയ്ന്‍ വില്യംസണിന്റെയും സെഞ്ച്വറി കരുത്തിലാണ് ന്യൂസിലാന്‍ഡ് മികച്ച സ്‌കോറിലെത്തിയത്. രചിന്‍ രവീന്ദ്ര 101 പന്തില്‍ 108 റണ്‍സ് നേടിയപ്പോള്‍ 94 പന്തില്‍ 102 റണ്‍സ് നേടിയാണ് വില്യംസണ്‍ പുറത്തായത്.

ഈ പ്രകടനത്തിന് പിന്നാലെ കിവികള്‍ ടൂര്‍ണമെന്റിന്റെ ചരിത്രം തിരുത്തിയിരിക്കുകയാണ്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവുമുയര്‍ന്ന ടീം ടോട്ടലിന്റെ റെക്കോഡാണ് ബ്ലാക് ക്യാപ്‌സ് സ്വന്തമാക്കിയത്.

ചാമ്പ്യന്‍സ് ട്രോഫിയുടെ ഈ എഡിഷനില്‍ ഓസ്ട്രലിയ സ്വന്തമാക്കിയ 356 റണ്‍സിന്റെ റെക്കോഡാണ് കങ്കാരുക്കളുടെ ഓഷ്യാനിക് റൈവലുകള്‍ പഴങ്കഥയാക്കിയത്. ഇതേ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് നേടിയ 351 റണ്‍സിന്റെ റെക്കോഡിന് മണിക്കൂറുകള്‍ മാത്രം ആയുസ്സ് നല്‍കിയായിരുന്നു ഓസീസിന്റെ കുതിപ്പ്.

ചാമ്പ്യന്‍സ് ട്രോഫിയിലെ (ഐ.സി.സി നോക്ക്ഔട്ട്) ഏറ്റവുമുയര്‍ന്ന ടോട്ടല്‍

(സ്‌കോര്‍ – ടീം – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

362/2 – ന്യൂസിലാന്‍ഡ് – സൗത്ത് ആഫ്രിക്ക – ലാഹോര്‍ – 2025*

356/5 ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – ലാഹോര്‍ – 2025

351/8 ഇംഗ്ലണ്ട് – ഓസ്ട്രേലിയ – ലാഹോര്‍ – 2025

347/4 ന്യൂസിലാന്‍ഡ് – യു.എസ്.എ – ദി ഓവല്‍ – 2004

338/4 പാകിസ്ഥാന്‍ – ഇന്ത്യ – ദി ഓവല്‍ – 2017

331/7 ഇന്ത്യ – സൗത്ത് ആഫ്രിക്ക – കാര്‍ഡിഫ് – 2023

323/8 ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക – സെഞ്ചൂറിയന്‍ – 2009

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവികള്‍ക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ വില്‍ യങ്ങും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് ന്യൂസിലാന്‍ഡിന് മോശമല്ലാത്ത തുടക്കമാണ് നല്‍കിയത്. എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ യങ്ങിനെ മടക്കി ലുങ്കി എന്‍ഗിഡിയാണ് പ്രോട്ടിയാസിനാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 23 പന്തില്‍ 21 റണ്‍സുമായി നില്‍ക്കവെയാണ് യങ് പുറത്താകുന്നത്.

വണ്‍ ഡൗണായി വില്യംസണെത്തിയതോടെ കിവീസ് സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. രണ്ടാം വിക്കറ്റില്‍ 164 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ടീം സ്‌കോര്‍ 212ല്‍ നില്‍ക്കവെ രചിന്‍ രവീന്ദ്രയെ പുറത്താക്കി കഗീസോ റബാദയാണ് കൂട്ടുകെട്ട് പൊളിച്ചത്. 13 ഫോറും ഒരു സിക്സറുമടക്കം 106.93 സ്ട്രൈക് റേറ്റിലാണ് താരം 108 റണ്‍സ് നേടിയത്.

രചിന് ശേഷം ക്രീസിലെത്തിയ ഡാരില്‍ മിച്ചലിനെ കൂട്ടുപിടിച്ചും വില്യംസണ്‍ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ ഈ കൂട്ടുകെട്ടിന് അധികം ആയുസ് നല്‍കാതെ വിയാന്‍ മുള്‍ഡര്‍ വില്യംസണെ പുറത്താക്കി. 10 ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

വില്യംസണ് പിന്നാലെയെത്തിയ ടോം ലാഥം നിരാശപ്പെടുത്തിയെങ്കില്‍ ഗ്ലെന്‍ ഫിലിപ്സിനെ ഒപ്പം കൂട്ടി മിച്ചല്‍ സ്‌കോര്‍ 300 കടത്തി.

ടീം സ്‌കോര്‍ 314ല്‍ നില്‍ക്കവെ മിച്ചലിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. 37 പന്തില്‍ 49 റണ്‍സാണ് താരം സ്വന്തമാക്കിയത്.

മിച്ചലിനേക്കാള്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്താണ് ഗ്ലെന്‍ ഫിലിപ്സ് ടീം സ്‌കോര്‍ 350 കടത്തിയത്. ആറ് ഫോറും ഒരു സിക്സറും അടക്കം 27 പന്തില്‍ പുറത്താകാതെ 49 റണ്‍സാണ് താരം നേടിയത്. 12 പന്തില്‍ 16 റണ്‍സ് നേടിയ മൈക്കല്‍ ബ്രേസ്വെല്ലിന്റെ ഇന്നിങ്സും നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് കിവീസ് 362ലെത്തി.

പ്രോട്ടിയാസിനായി ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റ് നേടി. കഗിസോ റബാദ രണ്ട് കിവീസ് താരങ്ങളെ മടക്കിയപ്പോള്‍ വിയാന്‍ മുള്‍ഡറാണ് ശേഷിച്ച വിക്കറ്റ് സ്വന്തമാക്കിയത്.

Content Highlight: ICC Champions Trophy 2025: Semi Finial: NZ vs SA: New Zealand set the record of highest team totals in CT