ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ രണ്ടാം സെമി ഫൈനലില്‍ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്ക ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലാന്‍ഡിനെ നേരിടുകയാണ്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയമാണ് വേദി. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ നേരിടും.
മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. യുവതാരം രചിന്‍ രവീന്ദ്രയുടെയും മുന്‍ നായകന്‍ കെയ്ന്‍ വില്യംസണിന്റെയും കരുത്തില്‍ കിവികള്‍ മികച്ച ടോട്ടലിലേക്ക് കുതിക്കുകയാണ്.
സെഞ്ച്വറി നേടിയാണ് രചിന്‍ രവീന്ദ്ര ന്യൂസിലാന്‍ഡ് ഇന്നിങ്‌സില്‍ നിര്‍ണായകമായത്. 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇത് രണ്ടാം തവണയാണ് രചിന്‍ രവീന്ദ്രയുടെ ബാറ്റ് നൂറടിക്കുന്നത്. കരിയറിലെ അഞ്ചാം ഏകദിന സെഞ്ച്വറിയാണ് താരം ലാഹോറില്‍ കുറിച്ചത്.
ഈ അഞ്ച് സെഞ്ച്വറികളും ഐ.സി.സി ടൂര്‍ണമെന്റുകളിലാണ് പിറവിയെടുത്തത് എന്നതാണ് മറ്റൊരു ഹൈലൈറ്റ്. 2023 ലോകകപ്പില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരെ സെഞ്ച്വറി നേടിയ താരം ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയും നൂറടിച്ചിരിക്കുകയാണ്.
ഇതോടെ മറ്റൊരു നേട്ടവും താരം സ്വന്തമാക്കി. ഐ.സി.സി ഏകദിന ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നാണ് രചിന്‍ കരുത്ത് കാട്ടിയത്.
എട്ട് സെഞ്ച്വറിയുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഒന്നാമത്.
(താരം – ടീം – ഇന്നിങ്‌സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – ഇന്ത്യ – 42 – 8
സൗരവ് ഗാംഗുലി – ഇന്ത്യ – 32 – 7
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 58 – 7
ശിഖര്‍ ധവാന്‍ – ഇന്ത്യ – 20 – 6
ഡേവിഡ് വാര്‍ണര്‍ – ഓസ്ട്രലിയ – 33 – 6
വിരാട് കോഹ്‌ലി – ഇന്ത്യ – 53 – 6
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 56 – 6
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 60 – 6
രചിന്‍ രവീന്ദ്ര – ന്യൂസിലാന്‍ഡ് – 13 – 5*
സയ്യിദ് അന്‍വര്‍ – പാകിസ്ഥാന്‍ – 25 – 5
ഹെര്‍ഷല്‍ ഗിബ്‌സ് – സൗത്ത് ആഫ്രിക്ക – 33 – 5
ജോ റൂട്ട് – ഇംഗ്ലണ്ട് – 37 – 5
ടി.എം. ദില്‍ഷന്‍ – ശ്രീലങ്ക – 38 – 5
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 51 – 5
തന്റെ കരിയറിലെ 13ാം ഇന്നിങ്‌സിലാണ് രചിന്‍ ക്രിസ് ഗെയ്ല്‍ അടക്കമുള്ള ഇതിഹാസ താരങ്ങള്‍ക്കൊപ്പമെത്തിയത് എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. രണ്ട് സെഞ്ച്വറിയടിച്ച ട്രാവിസ് ഹെഡ് അടക്കമുള്ള സൂപ്പര്‍ താരങ്ങളേക്കാള്‍ എത്രയോ മുമ്പിലാണ് രചിന്‍.
അതേസമയം, മത്സരം 39 ഓവര്‍ പിന്നിടുമ്പോള്‍ കെയ്ന്‍ വില്യംസണ്‍ തന്റെ സെഞ്ച്വറിക്ക് തൊട്ടരികിലെത്തി നില്‍ക്കുകയാണ്. 89 പന്തില്‍ 97 റണ്‍സാണ് താരം നേടിയിരിക്കുന്നത്. 20 പന്തില്‍ 16 റണ്‍സുമായി ഡാരില്‍ മിച്ചലാണ് ഒപ്പമുള്ളത്. നിലവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 245 എന്ന നിലയിലാണ് ബ്ലാക് ക്യാപ്‌സ്.
Content Highlight: ICC Champions Trophy 2025: Semi Final: NZ vs SA: Rachin Ravindra scored his 5th ODI century