|

സച്ചിന്റെ പിന്‍ഗാമിയെന്ന് വെറുതെ വിളിക്കുന്നതല്ല; ഐതിഹാസിക നേട്ടത്തില്‍ രണ്ടാമനായി ചെയ്‌സ് മാസ്റ്റര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ സെമി ഫൈനല്‍ മത്സരം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തുടരുകയാണ്. ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായ ഇന്ത്യയും ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയും ഫൈനലിലെത്തുന്ന ആദ്യ ടീമാകാനായി പരസ്പരം പോരാടുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയും 264 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും സൂപ്പര്‍ താരം അലക്സ് കാരിയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഓസ്ട്രേലിയ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സ്മിത് 96 പന്തില്‍ 73 റണ്‍സ് നേടിയപ്പോള്‍ 57 പന്തില്‍ 61 റണ്‍സാണ് കാരി അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആഗ്രഹിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. പത്ത് ഓവറിനിടെ തന്നെ ഓപ്പണര്‍മാരെ രണ്ട് പേരെയും നഷ്ടമായിരുന്നു. ശുഭ്മന്‍ ഗില്‍ 11 പന്തില്‍ എട്ട് റണ്‍സടിച്ച് മടങ്ങിയപ്പോള്‍ 29 പന്തില്‍ 28 റണ്‍സാണ് രോേഹിത് ശര്‍മ സ്വന്തമാക്കിയത്.

മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിരാട് കോഹ്‌ലി – ശ്രേയസ് അയ്യര്‍ ദ്വയമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരും ചേര്‍ന്ന് 91 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

ടീം സ്‌കോര്‍ 134ല്‍ നില്‍ക്കവെ 45 റണ്‍സ് നേടിയ ശ്രേയസ് അയ്യരിനെ പുറത്താക്കി ആദം സാംപയാണ് കൂട്ടുകെട്ട് പൊളിച്ചത്.

ശ്രേയസ് പുറത്തായെങ്കിലും മറുവശത്ത് ഉറച്ചുനില്‍ക്കുന്ന വിരാട് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ബാറ്റിങ് തുടരുന്നത്.

ഈ മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടവും വിരാട് സ്വന്തമാക്കിയിരുന്നു. ഏകദിനത്തില്‍ ചെയ്‌സിങ്ങിനിടെ 8,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ രണ്ടാമത് താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. ഓസീസിനെതിരെ 21 റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഈ ചരിത്ര നേട്ടത്തില്‍ വിരാട് ഇടം നേടിയത്.

ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പേരില്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടമുണ്ടായിരുന്നത്.

ഏകദിനത്തില്‍ ചെയ്‌സിനിടെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 8,720

വിരാട് കോഹ്‌ലി – ഇന്ത്യ – 8,038*

രോഹിത് ശര്‍മ – ഇന്ത്യ – 6,115

സനത് ജയസൂര്യ – ശ്രീലങ്ക/ഏഷ്യ – 5,742

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക/ ആഫ്രിക്ക/ ഐ.സി.സി – 5,575

അതേസമയം, മത്സരം 31 ഓവര്‍ പിന്നിടുമ്പോള്‍ 158ന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 19 പന്തില്‍ 16 റണ്‍സുമായി അക്‌സര്‍ പട്ടേലും 65 പന്തില്‍ 51 റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, കൂപ്പര്‍ കനോലി, സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷാന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), അലക്‌സ് കാരി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ ഡ്വാര്‍ഷിയസ്, നഥാന്‍ എല്ലിസ്, തന്‍വീര്‍ സാംഗ, ആദം സാംപ.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Content Highlight: ICC Champions Trophy 2025: Semi Final: IND vs AUS: Virat Kohli become the 2nd ever batter to complete 8,000 ODI runs while chasing