|

തലവേദനയെന്ന് വെറുതെയാണോ വിളിക്കുന്നത്? കണക്കുകള്‍ പറയും, ഇവന്‍ എത്രത്തോളം ഇന്ത്യയെ കരയിച്ചെന്ന്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു.

സൂപ്പര്‍ താരം ട്രാവിസ് ഹെഡിന്റെ കരുത്തില്‍ തന്നെയാണ് ഓസ്‌ട്രേലിയ പ്രതീക്ഷയര്‍പ്പിച്ചിരുന്നത്. രോഹിത് ശര്‍മയുടെ ടീമിനെതിരെ എന്നും സ്‌കോര്‍ ചെയ്യുക എന്നത് ഹെഡിന്റെ ശീലമാണ്.

ഇന്നിങ്‌സില്‍ പല തവണ ഹെഡിനെ പുറത്താക്കാന്‍ ഇന്ത്യയ്ക്ക് അവസരമൊരുങ്ങിയിരുന്നു. മുഹമ്മദ് ഷമി പാഴാക്കിയ ക്യാച്ചും റണ്‍ ഔട്ട് ചാന്‍സുമടക്കം പല തവണ ഇന്ത്യ ഹെഡിന്റെ വിക്കറ്റ് കണ്‍മുമ്പില്‍ കണ്ടിരുന്നു.

എന്നാല്‍ ഇതില്‍ നിന്നെല്ലാം ജീവന്‍ തിരിച്ചുകിട്ടിയ ഹെഡ് ഒടുവില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഒമ്പതാം ഓവറിലെ രണ്ടാം പന്തില്‍ ശുഭ്മന്‍ ഗില്ലിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. പുറത്താകും മുമ്പ് 33 പന്തില്‍ നിന്നും അഞ്ച് ഫോറും രണ്ട് സിക്‌സറും അടക്കം 39 റണ്‍സും താരം സ്വന്തമാക്കിയിരുന്നു.

ഐ.സി.സി നോക്ക്ഔട്ടുകളില്‍ ഹെഡ് എത്രത്തോളം വിനാശകാരിയാണെന്ന് താരത്തിന്റെ ബാറ്റിങ് സ്റ്റാറ്റുകള്‍ അടയാളപ്പെടുത്തുന്നുണ്ട്. നോക്ക്ഔട്ടുകളില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനാണ് ഹെഡ്. ഐ.സി.സി നോക്ക്ഔട്ടുകളില്‍ ഇന്ത്യയ്‌ക്കെതിരെ മാത്രം 357 റണ്‍സാണ് താരം സ്വന്തമാക്കിയത്.

2023 ഏകദിന ലോകകപ്പ് ഫൈനലിലടക്കം ഇന്ത്യയുടെ കണ്ണുനീര്‍ വീഴ്ത്തിയത് ട്രാവിസ് ഹെഡ് എന്ന മീശക്കാരന്‍ തന്നെയായിരുന്നു.

ഐ.സി.സി നോക്ക്ഔട്ടുകളില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – റണ്‍സ് – എതിരാളികള്‍ എന്നീ ക്രമത്തില്‍)

ട്രാവിസ് ഹെഡ് – ഓസ്‌ട്രേലിയ – 357 – ഇന്ത്യ

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 331 – ഇന്ത്യ

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 295* – ഇന്ത്യ

രോഹിത് ശര്‍മ – ഇന്ത്യ – 260 – ബംഗ്ലാദേശ്

അതേസമയം, ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ബാറ്റിങ് തുടരുന്ന ഓസ്‌ട്രേലിയ 15 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സ് എന്ന നിലയിലാണ്. 32 പന്തില്‍ 24 റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും 16 പന്തില്‍ ഏഴ് റണ്‍സുമായി മാര്‍നസ് ലബുഷാനുമാണ് ക്രീസില്‍.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, കൂപ്പര്‍ കനോലി, സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷാന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), അലക്‌സ് കാരി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ ഡ്വാര്‍ഷിയസ്, നഥാന്‍ എല്ലിസ്, തന്‍വീര്‍ സാംഗ, ആദം സാംപ.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Content Highlight: ICC Champions trophy 2025: Semi Final: IND vs AUS: Travis Head tops the list of most runs against a team in ICC Knock-Outs