|

പുറത്താകും മുമ്പേ സ്വന്തം റെക്കോഡ് തിരുത്തിയിട്ടുണ്ട്; കങ്കാരുക്കളുടെ പേടിസ്വപ്‌നമായി ഹിറ്റ്മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ സെമി ഫൈനല്‍ മത്സരം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തുടരുകയാണ്. ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായ ഇന്ത്യയും ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയും തമ്മിലാണ് ഫൈനലിനായി കൊമ്പുകോര്‍ക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയും 264 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും സൂപ്പര്‍ താരം അലക്‌സ് കാരിയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സ്മിത് 96 പന്തില്‍ 73 റണ്‍സ് നേടിയപ്പോള്‍ 57 പന്തില്‍ 61 റണ്‍സാണ് കാരി അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് പത്ത് ഓവറിനിടെ തന്നെ ഓപ്പണര്‍മാരെ രണ്ട് പേരെയും നഷ്ടമായിരുന്നു. ശുഭ്മന്‍ ഗില്‍ 11 പന്തില്‍ എട്ട് റണ്‍സടിച്ച് മടങ്ങിയപ്പോള്‍ 29 പന്തില്‍ 28 റണ്‍സാണ് രോേഹിത് ശര്‍മ സ്വന്തമാക്കിയത്.

മത്സരത്തില്‍ രണ്ട് തവണ രോഹിത് ശര്‍മയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയിരുന്നു. യുവതാരം കൂപ്പര്‍ കനോലിയുടെ ക്യാച്ചില്‍ നിന്നും ഒരിക്കല്‍ രക്ഷപ്പെട്ട താരം കനോലിക്ക് തന്നെ വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. വിക്കറ്റിന് മുമ്പില്‍ മുമ്പില്‍ കുടുങ്ങിയായിരുന്നു താരത്തിന്റെ മടക്കം.

ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചതോടെ രോഹിത് ഡി.ആര്‍.എസ് എടുത്തെങ്കിലും മൂന്നാം അമ്പയറും ഓസീസിന് അനുകൂലമായി വിധിയെഴുതി. മൂന്ന് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഈ പ്രകടനത്തിന് പിന്നാലെ ഏകദിനത്തില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് രോഹിത്. ഏകദിനത്തില്‍ 88ാം സിക്‌സറാണ് ദുബായില്‍ കങ്കാരുക്കള്‍ക്കെതിരെ ഹിറ്റ്മാന്‍ അടിച്ചെടുത്തത്.

ഏകദിനത്തില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – സിക്‌സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – ഓസ്‌ട്രേലിയ 88*

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് – 85

ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – ശ്രീലങ്ക – 63

രോഹിത് ശര്‍മ – ഇന്ത്യ – ശ്രീലങ്ക – 58

സനത് ജയസൂര്യ – ശ്രീലങ്ക – പാകിസ്ഥാന്‍ – 53

അതേസമയം, ഓസ്‌ട്രേലിയക്കെതിരായ ബാറ്റിങ് തുടരുന്ന ഇന്ത്യ 24 ഓവര്‍ പിന്നിടുമ്പോള്‍ 122 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്.

50 പന്തില്‍ 43 റണ്‍സുമായി വിരാട് കോഹ്‌ലിയും 54 പന്തില്‍ 41 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, കൂപ്പര്‍ കനോലി, സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷാന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), അലക്‌സ് കാരി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ ഡ്വാര്‍ഷിയസ്, നഥാന്‍ എല്ലിസ്, തന്‍വീര്‍ സാംഗ, ആദം സാംപ.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Content highlight: ICC Champions Trophy 2025: Semi Final: IND vs AUS: Rohit Sharma hit 88 sixes against Australia in ODIs