ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ സെമി ഫൈനല്‍ മത്സരം തുടരുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ഓസീസിനെയാണ് നേരിടുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയും 264 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.
ക്യാപ്റ്റന്‍ സ്റ്റീവ് സ്മത്തിന്റെയും സൂപ്പര്‍ താരം അലക്‌സ് കാരിയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സ്മിത് 96 പന്തില്‍ 73 റണ്‍സ് നേടിയപ്പോള്‍ 57 പന്തില്‍ 61 റണ്‍സാണ് കാരി അടിച്ചെടുത്തത്.
ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. അരങ്ങേറ്റക്കാരന്‍ കൂപ്പര്‍ കനോലിയെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ച് വേട്ട തുടങ്ങിയ ഷമി സ്റ്റീവ് സ്മിത്തിനെയും നഥാന്‍ എല്ലിസിനെയുമാണ് പുറത്താക്കിയത്.
പത്ത് ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. 4.80 എന്ന മികച്ച എക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ്.
ഓസീസിനെതിരായ മൂന്ന് വിക്കറ്റ് നേട്ടത്തോടെ ഒരു തകര്‍പ്പന്‍ നേട്ടത്തിലെത്താനും മുഹമ്മദ് ഷമിക്ക് സാധിച്ചു. ഐ.സി.സി 50 ഓവര്‍ ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തിയാണ് ഷമി കരുത്ത് കാട്ടിയത്. ടോപ് ഫൈവിലെ ഏക ഇന്ത്യന്‍ താരവും ഷമി മാത്രമാണ്.
പാക് ഇതിഹാസം വസീം അക്രമിനെ മറികടന്നാണ് ഷമി അഞ്ചാം സ്ഥാനത്തെത്തിയത്.
(താരം – ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)
ഗ്ലെന്‍ മഗ്രാത് – ഓസ്‌ട്രേലിയ – 92
മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 92
ലസിത് മലിംഗ – ശ്രീലങ്ക – 81
മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 71
ചാമിന്ദ വാസ് – ശ്രീലങ്ക – 67
മുഹമ്മദ് ഷമി – ഇന്ത്യ – 63*
വസീം അക്രം – പാകിസ്ഥാന്‍ – 62
മത്സരത്തില്‍ ഷമിക്കൊപ്പം മറ്റ് ഇന്ത്യന്‍ താരങ്ങളും മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു. വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ അക്‌സര്‍ പട്ടേലും ഹര്‍ദിക് പാണ്ഡ്യയും ഒരോ വിക്കറ്റ് വീതവും നേടി. റണ്‍ ഔട്ടായാണ് അലക്‌സ് കാരി പുറത്തായത്.
അതേസമയം, ഓസ്‌ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് എന്ന നിലയിലാണ്.
11 പന്തില്‍ എട്ട് റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിന്റെയും 29 പന്തില്‍ 28 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 13 പന്തില്‍ ഒമ്പത് റണ്‍സുമായി വിരാട് കോഹ്‌ലിയും ഏഴ് പന്തില്‍ എട്ട് റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.
ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍
ട്രാവിസ് ഹെഡ്, കൂപ്പര്‍ കനോലി, സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷാന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), അലക്‌സ് കാരി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ ഡ്വാര്‍ഷിയസ്, നഥാന്‍ എല്ലിസ്, തന്‍വീര്‍ സാംഗ, ആദം സാംപ.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.
Content Highlight: ICC Champions Trophy 2025: Semi Final: IND vs AUS: Mohammed Shami surpassed Wasim Akram in most wickets in 50 over ICC tournaments