Champions Trophy
സെമി ഫൈനല്‍: സര്‍പ്രൈസുകള്‍ നിറച്ച് ഓസീസ്; ഈ ടീമിനോട് തോറ്റാല്‍ ഇതിലും വലിയ നാണക്കേട് വേറെയില്ല
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 04, 09:16 am
Tuesday, 4th March 2025, 2:46 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുകയാണ്. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായ 14ാം ഏകദിനത്തിലാണ് ഇന്ത്യയ്ക്ക് ടോസ് നഷ്ടപ്പെടുന്നത്.

നിരവധി സര്‍പ്രൈസുകള്‍ ഒളിപ്പിച്ചാണ് ഓസ്‌ട്രേലിയ സെമി ഫൈനലിനിറങ്ങിയിരിക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലുമടക്കം യുവതാരങ്ങളെ ഓസ്‌ട്രേലിയ പരീക്ഷിക്കുന്നുണ്ട്. കരിയറിലിതുവരെ വളരെ കുറവ് ഏകദിനങ്ങള്‍ മാത്രം കളിച്ചവരാണ് ഇവര്‍ എന്നതും ശ്രദ്ധേയമാണ്.

ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിന് പകരം കൂപ്പര്‍ കനോലിയാണ് ട്രാവിസ് ഹെഡിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്ന് അന്താരാഷ്ട്ര ഏകദിനം മാത്രം കളിച്ച താരം ഇതുവരെ പത്ത് റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. പുറത്താകാതെ നേടിയ ഏഴ് റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ലെഗ് ബ്രേക്കറായ തന്‍വീര്‍ സാംഗയാണ് മറ്റൊരു സര്‍പ്രൈസ്. സാംഗയും കരിയറില്‍ മൂന്ന് ഏകദിനം മാത്രമാണ് കളിച്ചിട്ടുള്ളത്. 79.50 ശരാശരിയിലും 69.0 സ്‌ട്രൈക്ക് റേറ്റിലും രണ്ട് വിക്കറ്റ് മാത്രമാണ് സ്വന്തമാക്കിയത്.

പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും അടക്കം പുറത്തായ ഓസ്‌ട്രേലിയന്‍ നിരയില്‍ ആദം സാംപ മാത്രമാണ് പരിചയസമ്പന്നനായ ബൗളറായിട്ടുള്ളത്. സാംപയ്‌ക്കൊപ്പം കറുത്ത കുതിരയായ ബെന്‍ ഡ്വാര്‍ഷിയസിനെയാകും ഇന്ത്യ ഭയപ്പെടേണ്ടി വരിക.

ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ജയം മാത്രമാണ് ഓസീസിന് സ്വന്തമാക്കാന്‍ സാധിച്ചത്. രണ്ട് മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയും ചെയ്തു. കമ്മിന്‍സ്, മാര്‍ഷ്, സ്റ്റാര്‍ക്, ഗ്രീന്‍, ഹെയ്‌സല്‍വുഡ് അടക്കമുള്ളവര്‍ പുറത്തായിട്ടും ഓസീസ് സെമിയില്‍ പ്രവേശിച്ചത് വലിയ നേട്ടമായി തന്നെയാണ് ആരാധകര്‍ കാണുന്നത്.

അതേസമയം, ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയ അതേ ടീമിനെ തന്നെയാണ് ഇന്ത്യയും കളത്തിലിറക്കുന്നത്.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ എട്ട് തവണയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും നോക്ക്ഔട്ട് മത്സരങ്ങളില്‍ ഏറ്റുമുട്ടിയത്. ഇതില്‍ നാല് തവണ വീതം ഇരു ടീമുകളും വിജയിച്ചു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇത് മൂന്നാം തവണയാണ് ഇന്ത്യ ഓസീസിനെ നോക്ക്ഔട്ടുകളില്‍ നേരിടുന്നത്. ഇതില്‍ രണ്ട് തവണയും ഇന്ത്യ തന്നെയാണ് ജയിച്ചുകയറിയത്.

2023 ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിക്ക് പകരം ചോദിക്കുക എന്ന ലക്ഷ്യവും ഇന്ത്യയ്ക്കുണ്ടാകും. ലോകകപ്പിലെ പോലെ എതിരാളികള്‍ ശക്തരല്ലെങ്കിലും തങ്ങളുടെ കരുത്ത് തെളിയിക്കുക എന്നത് തന്നെയാകും ഇന്ത്യയുടെ ലക്ഷ്യം.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, കൂപ്പര്‍ കനോലി, സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷാന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), അലക്‌സ് കാരി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ ഡ്വാര്‍ഷിയസ്, നഥാന്‍ എല്ലിസ്, തന്‍വീര്‍ സാംഗ, ആദം സാംപ.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

 

Content Highlight: ICC Champions Trophy 2025: Semi Final: IND vs AUS: Australia won the toss and elect to bat first