2023ലെ ഏകദിന ലോകകപ്പ് സമാപിച്ച സമയമാണ്. ടൂര്‍ണമെന്റ് ജേതാവിന്റെ മെഡല്‍ കഴുത്തിലണിഞ്ഞ് പത്രസമ്മേളനത്തിന് വന്ന ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് അനിവാര്യമായ ഒരു ചോദ്യത്തെ അഭിമുഖീകരിച്ചിരുന്നു,
”ഫൈനലില്‍ നിങ്ങള്‍ക്ക് ഏറ്റവും സംതൃപ്തി തന്ന നിമിഷം ഏതായിരുന്നു?’
ഒരു പുഞ്ചിരിയോടെ കമ്മിന്‍സ് മറുപടി നല്‍കി,
”അത് വിരാട് കോഹ്‌ലിയുടെ വിക്കറ്റാണ്,”
കമ്മിന്‍സ് അവിടം കൊണ്ട് നിര്‍ത്തിയില്ല. ആ വിക്കറ്റിനെ കുറച്ച് കാവ്യാത്മകമായി വര്‍ണ്ണിച്ചു,
”വിരാട് വീണതിനുശേഷം ഞങ്ങള്‍ ആഘോഷത്തിനുവേണ്ടി കൂട്ടം കൂടി നിന്നു. കാണികളെ ശ്രദ്ധിക്കൂ എന്ന് സ്റ്റീവ് സ്മിത്ത് പറഞ്ഞു. ഒരു ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. എന്നിട്ടും അവിടെ ലൈബ്രറിക്ക് സമാനമായ നിശബ്ദതയായിരുന്നു,”
മുറിവില്‍ മുളക് പുരട്ടുന്നത് പോലെയുള്ള ആ വാക്കുകള്‍ കേട്ട് ഇന്ത്യന്‍ ആരാധകര്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ചിന്തിച്ചു, ”രാജാവ് വീണു. അതുകൊണ്ടാണ് രാജ്യം പോരില്‍ പരാജയപ്പെട്ടത്,”
ഒരുപാട് മനുഷ്യര്‍ക്ക് മെന്റല്‍ ട്രോമ സമ്മാനിച്ച അഹമ്മദാബാദിലെ ആ കാളരാത്രിയ്ക്കുശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും ഏകദിന ക്രിക്കറ്റില്‍ മുഖാമുഖം വന്നിരുന്നില്ല. ചാമ്പ്യന്‍സ് ട്രോഫിയുടെ സെമി ഫൈനലില്‍ ഇരുടീമുകളും വീണ്ടും കണ്ടുമുട്ടിയപ്പോള്‍ എല്ലാ ഇന്ത്യന്‍ ഫാന്‍സും കൊതിച്ചത് ഒരു പകവീട്ടലാണ്.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സിന്റെ വിജയലക്ഷ്യം വലിയ വെല്ലുവിളിയായിരുന്നു. ദുബായില്‍ അത്രയും മികച്ച സ്‌കോര്‍ ഇന്ത്യ അന്നേവരെ പിന്തുടര്‍ന്ന് ജയിച്ചിരുന്നില്ല. ഐ.സി.സി ടൂര്‍ണമെന്റുകളിലെ നോക്ക്ഔട്ട് മത്സരങ്ങളില്‍ കങ്കാരുപ്പടയ്‌ക്കെതിരെ അത്രയും വലിയൊരു റണ്‍ ചെയ്‌സ് ആരും അതുവരെ നടത്തിയിരുന്നതുമില്ല.
ഒരു ഓസ്‌ട്രേലിയന്‍ കാണിയുടെ കൈവശം കങ്കാരുവിന്റെ ബൊമ്മയുണ്ടായിരുന്നു. ബോക്‌സിങ്ങ് ഗ്ലൗ അണിഞ്ഞ ഒരു കങ്കാരു! ഓസ്‌ട്രേലിയന്‍ പോരാട്ടവീര്യത്തിന്റെ പ്രതീകമായിരുന്നു അത്!
രോഹിത് ശര്‍മ്മയുടെ ക്യാച്ച് കൂപ്പര്‍ കനോലി പാഴാക്കിയതാണ്. പക്ഷേ കൂപ്പര്‍ തന്നെ രോഹിത്തിനെ വീഴ്ത്തി. അതിനുപിന്നാലെ ആര്‍ത്തുവിളിച്ച് ആഘോഷിക്കുന്ന ട്രാവിസ് ഹെഡിന്റെ വിഷ്വലുകള്‍ കണ്ടു! 2023 ഏകദിന ലോകകപ്പിന്റെ വൈബ്‌സ്.
വിരാട് നഥാന്‍ എല്ലിസിനെതിരെ ബൗണ്ടറികള്‍ നേടി. ഇന്ത്യക്കാരുടെ ഹൃദയമിടിപ്പ് വീണ്ടും പഴയ താളത്തിലായി!
ശ്രേയസ് അയ്യരുടെ വിക്കറ്റ് വീണപ്പോള്‍ ഓസീസ് ഒരു തിരിച്ചുവരവ് മണത്തതാണ്. പകരം ഇറങ്ങിയ അക്‌സര്‍ പട്ടേലിനെ ഗ്ലെന്‍ മാക്‌സ്‌വെല്‍ സ്ലെഡ്ജ് ചെയ്യുന്നുണ്ടായിരുന്നു! പക്ഷേ ഓസീസിന്റെ ഏറ്റവും മികച്ച ബൗളറായ ആദം സാംപയെ ലോങ്ങ്-ഓണിനും ഡീപ് മിഡ്-വിക്കറ്റിനും ഇടയിലൂടെ വിരാട് ബൗണ്ടറി കടത്തിയപ്പോള്‍ നമ്മുടെ പിരിമുറുക്കം വീണ്ടും കുറഞ്ഞു.
പതിവിന് വിരുദ്ധമായി വിരാട് റണ്‍ചെയ്‌സ് പൂര്‍ത്തിയാക്കിയില്ല. പക്ഷേ അയാള്‍ പുറത്താവുമ്പോഴേയ്ക്കും ഇന്ത്യ ജയം ഏതാണ്ട് ഉറപ്പിച്ചിരുന്നു. ഒരു ഹര്‍ദിക് പാണ്ഡ്യ സ്‌പെഷല്‍ കൂടി വന്നതോടെ ഇന്ത്യ ഫൈനലിലേയ്ക്ക് ചുവട് വെച്ചു.
പാക്കിസ്ഥാനെതിരെ മാച്ച് വിന്നിങ്ങ് സെഞ്ച്വറി നേടിയതിനുശേഷം വിരാട് പറഞ്ഞിരുന്നു,
”ഇനി ഒരാഴ്ച ഇടവേളയുണ്ട്. ടീമിലെ യുവതാരങ്ങള്‍ അതിനെ എങ്ങനെ കാണുമെന്ന് എനിക്കറിയില്ല. പക്ഷേ ഈ പ്രായത്തില്‍ എനിക്ക് ഒരു ബ്രേക്ക് നല്ലതാണ്. മുപ്പത്തിയാറാം വയസ്സിലെ കളി പ്രയാസകരമാണ്,”
ആ പ്രസ്താവന കേട്ടപ്പോള്‍ എനിക്ക് ചെറുതല്ലാത്ത സങ്കടം തോന്നി. വിരാടിന് പ്രായമാവുകയാണോ!? എങ്കില്‍ എനിക്കും പ്രായമേറുകയല്ലേ?
പക്ഷേ ഈ പ്രായത്തിലും വിരാട് നമുക്ക് തരുന്ന ചില ഉറപ്പുകളുണ്ട്, ഒരു കണക്കും വിരാട് ബാക്കി വെയ്ക്കില്ല! അയാള്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ഈ മഹാരാജ്യം അനാഥമാവുകയില്ല.
സ്റ്റീവ് സ്മിത്തിന് ഇനി ദുബായ് സ്റ്റേഡിയത്തിന്റെ ഗാലറിയിലേയ്ക്ക് നോക്കാം. അവിടെ ഇപ്പോള്‍ ലൈബ്രറിയ്ക്ക് സമാനമായ നിശബ്ദതയില്ല. ഇന്ത്യന്‍ ആരാധകര്‍ ആനന്ദനൃത്തം ചവിട്ടുകയാണ്. ഡ്രംസിന്റെ ശബ്ദം മുഴങ്ങുകയാണ്. എല്ലാറ്റിന്റെയും മധ്യത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡുമായി വീരവിരാടന്‍ വിരാജിക്കുകയാണ്.
Content highlight: ICC Champions trophy 2025: Sandeep Das writes about Virat Kohli