ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാന്റെ ത്രില്ലര്‍ വിജയത്തില്‍ ഇബ്രാഹിം സദ്രാനെയും അസ്മത്തുള്ള ഒമര്‍സായിയെയും പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന്‍ എട്ട് റണ്‍സിന്റെ ചരിത്ര ജയം നേടിയിരുന്നു. 146 പന്തില്‍ 177 റണ്‍സെടുത്ത സദ്രാന്റെയും അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഒമര്‍സായിയുടെ കരുത്തിലാണ് അഫ്ഗാനിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ആദ്യ വിജയം സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ അഫ്ഗാനിസ്ഥാന്റെ വളര്‍ച്ച പ്രചോദനാത്മകമാണെന്നും അവരുടെ വിജയങ്ങളെ ഇനിയും അട്ടിമറികളായി കാണാനാവില്ലെന്നും സച്ചിന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് സച്ചിന്‍ പ്രതികരണമറിയിച്ചത്.
മത്സരത്തില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത ബാറ്റര്‍ ഇബ്രാഹിം സദ്രാനെയും ഓള്‍ റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍യായെയും സച്ചിന്‍ പോസ്റ്റില്‍ പ്രത്യേകം പരാമര്‍ശിച്ചു.
‘അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ സ്ഥിരതയാര്‍ന്ന ഉയര്‍ച്ച പ്രചോദനാത്മകമാണ്. ഇനിയും അവരുടെ വിജയങ്ങളെ അട്ടിമറികളായി വിശേഷിപ്പിക്കാനാവില്ല. കാരണം അവര്‍ ജയങ്ങള്‍ ശീലമാക്കിയിരിക്കുന്നു,’ സച്ചിന്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ മിന്നും പ്രകടനം നടത്തിയ സദ്രാന്‍ സച്ചിന്റെ പ്രശംസ തനിക്കും അഫ്ഗാന്‍ ക്രിക്കറ്റിനും ബഹുമതിയാണെന്ന് പ്രതികരിച്ചു. സെഞ്ച്വറി പ്രകടനത്തിലൂടെ ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിനും സദ്രാന്‍ ഉടമായി.
‘തലമുറകളെ ബാറ്റെടുക്കാന്‍ സ്വാധീനിച്ച മനുഷ്യന്‍ എന്നെ പ്രശംസിക്കുന്നത് വലിയ ബഹുമതിയാണ്. താങ്കളുടെ വാക്കുകള്‍ എന്നെയും അഫ്ഗാന്‍ ക്രിക്കറ്റിനെയും സംബന്ധിച്ച് വളരെ വലുതാണ്. നന്ദി സര്‍,’ സദ്രാന്‍ പറഞ്ഞു.
ഗ്രൂപ്പ് ബി-യില്‍ നാളെ നടക്കാനിരിക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഓസ്ട്രേലിയയെ നേരിടും. സെമി ഫൈനലിലേക്ക് മുന്നേറാന്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുന്ന ജീവന്‍ മരണപ്പോരാട്ടത്തില്‍ ഇവര്‍ക്കും ജയം അനിവാര്യമാണ്. നിലവില്‍ ഗ്രൂപ്പ് ബി-യില്‍ മൂന്നാം സ്ഥാനത്താണ് അഫ്ഗാനിസ്താന്‍.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് ആതിഥേയരായ പാകിസ്ഥാനും ബംഗ്ലദേശും തമ്മിലുള്ള നടക്കാനിരുന്ന മത്സരം ഒരു ബോള്‍ പോലും എറിയാതെ മഴ കാരണം ഉപേക്ഷിച്ചു.
Content Highlight: ICC Champions Trophy 2025: Sachin Tendulkar praises Afghanistan