ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് തയ്യാറെടുക്കുന്ന ന്യൂസിലാന്‍ഡിന് തിരിച്ചടിയായി സൂപ്പര്‍ താരം മാറ്റ് ഹെന്‌റിയുടെ പരിക്ക്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ തോളിന് പരിക്കേറ്റ ഹെന്‌റി ഫൈനല്‍ കളിക്കാനുള്ള സാധ്യത മങ്ങുകയാണ്. ടൂര്‍ണമെന്റിലെ ഏറ്റവുമുയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് മാറ്റ് ഹെന്‌റി.
സെമിയില്‍ ഹെന്‌റിക് ക്ലാസനെ പുറത്താക്കാനെടുത്ത ക്യാച്ചിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. ഇതിന് പിന്നാലെ താരം കളം വിടുകയും ചെയ്തിരുന്നു. ശേഷം തിരിച്ചെത്തിയ ഹെന്‌റി രണ്ട് ഓവറുകള്‍ എറിയുകയും ഫീല്‍ഡിങ്ങില്‍ ഡൈവിങ് സേവുകള്‍ അടക്കം ചെയ്യുകയുമുണ്ടായിരുന്നു.
താരത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ‘വ്യക്തമല്ല’ എന്നാണ് ന്യൂസിലാന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് വ്യക്തമാക്കുന്നത്. ഫൈനലിലെ സ്‌ക്വാഡില്‍ നിന്നും താരത്തെ പുറത്താക്കാന്‍ തങ്ങള്‍ തിടുക്കം കാണിക്കുന്നില്ലെന്നും ചില മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ലഭിക്കാനുണ്ടെന്നും സ്റ്റെഡ് വ്യക്തമാക്കി.
‘അവന്‍ വീണ്ടും പന്തെറിയാനിറങ്ങി എന്നത് ഞങ്ങളെ സംബന്ധിച്ച് നല്ല കാര്യമായി കണക്കാക്കുന്നു. ഞങ്ങള്‍ സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ നടത്തിയിട്ടുണ്ട്.
ഈ മത്സരത്തില്‍ അവന് കളിക്കാനുള്ള എല്ലാ അവസരങ്ങളും ഒരുക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇപ്പോഴും ചില കാര്യങ്ങള്‍ അജ്ഞാതമായി തുടരുകയാണ്. അവന് തോള്‍ ഭാഗത്ത് നല്ല വേദനയുണ്ട്. അവന്‍ ഓക്കെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ സ്റ്റെഡ് പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. നാല് മത്സരത്തില്‍ നിന്നും ഒരു ഫൈഫറടക്കം പത്ത് വിക്കറ്റാണ് താരം വീഴ്ത്തിയത്. 16.70 ശരാശരിയിലും 18.80 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിയുന്നത്.
ഫൈനലിന് ഒരു ദിവസം ഇനിയും ബാക്കിയുണ്ടെന്നിരിക്കെ താരം ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.
രണ്ടര പതിറ്റാണ്ടിനിപ്പുറം മറ്റൊരു ഇന്ത്യ – ന്യൂസിലാന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ അരങ്ങേറുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍.
സെമിയില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തത്. ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ന്യൂസിലാന്‍ഡിന്റെ ഫൈനല്‍ എന്‍ട്രി.
Content Highlight: ICC Champions trophy 2025: Reports says New Zealand pacer Matt Henry unlikely to play in final