|

ചാമ്പ്യന്‍സ് ട്രോഫി: ഇന്ന് തകരാനുള്ള റെക്കോഡുകള്‍ - പാകിസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ആരാധകരുടെ കാത്തിരിപ്പിന് അന്ത്യമാവുകയാണ്. ടൂര്‍ണമെന്റിന്റെ ഒമ്പതാം എഡിഷനില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരും ഇത്തവണത്തെ ആതിഥേയരുമായ പാകിസ്ഥാന്‍ മുന്‍ ചാമ്പ്യന്‍മാരായ ന്യൂസിലാന്‍ഡിനെ നേരിടും. കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

സ്വന്തം തട്ടകത്തില്‍ ന്യൂസിലാന്‍ഡിനോട് രണ്ട് തവണ തോല്‍വിയേറ്റുവാങ്ങിയാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിക്കൊരുങ്ങുന്നത്. പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ച ട്രൈ നേഷന്‍ സീരീസിലാണ് ന്യൂസിലാന്‍ഡ് റിസ്വാനെയും സംഘത്തെയും പരാജയപ്പെടുത്തിയത്. ആദ്യ ഘട്ടത്തില്‍ 78 റണ്‍സിന് പരാജയപ്പെട്ട പാകിസ്ഥാന്‍ ഫൈനലില്‍ അഞ്ച് വിക്കറ്റിനും തോല്‍വിയേറ്റുവാങ്ങി.

ഈ തോല്‍വികള്‍ക്ക് മറുപടി നല്‍കാനുറച്ചാണ് പാകിസ്ഥാന്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്.

ബാബര്‍ അസമിന്റെ മോശം ഫോമാണ് പാകിസ്ഥാനെ അലട്ടുന്ന പ്രധാന വിഷയം. ട്രൈ സീരിസില്‍ 10, 23, 29 എന്നിങ്ങനെയാണ് താരം സ്‌കോര്‍ ചെയ്തത്. ഈ മോശം ഫോമിലും പല റെക്കോഡുകളും താരം സ്വന്തമാക്കിയിരുന്നു. ഏകദിനത്തില്‍ 6,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട ബാബര്‍ ഏറ്റവും വേഗത്തില്‍ ഈ റെക്കോഡിലെത്തുന്ന താരമായും മാറി.

ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ സംഹാരരൂപിയാകുന്ന ബാബര്‍ അസമിനെ പല റെക്കോഡുകളും ആദ്യ മത്സരത്തില്‍ കാത്തിരിക്കുന്നുണ്ട്. ന്യൂസിലാന്‍ഡിനെതിരെ ഏകദിനത്തില്‍ 1,000 റണ്‍സ് എന്ന നേട്ടമാണ് ഇതിലൊന്ന്.

കിവികള്‍ക്കെതിരെ കളിച്ച 22 മത്സരത്തില്‍ നിന്നും 47.25 ശരാശരിയില്‍ 945 റണ്‍സാണ് മുന്‍ പാക് നായകന്‍ സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികളും എട്ട് അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും.

ഈ മത്സരത്തില്‍ 55 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ന്യൂസിലാന്‍ഡിനെതിരെ ഏകദിനത്തില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാമത് പാക് താരമെന്ന നേട്ടവും ബാബറിനെ തേടിയെത്തും.

ഇന്‍സമാം ഉള്‍ ഹഖ് (1,290), സയ്യിദ് അന്‍വര്‍ (1,260), ഷാഹിദ് അഫ്രിദി (1,078), സലീം മാലിക് (1,054), ഫഖര്‍ സമാന്‍ (1,053) എന്നിവരാണ് ന്യൂസിലാന്‍ഡിനെതിരെ ഏകദിനത്തില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയ പാക് താരങ്ങള്‍.

പാകിസ്ഥാന്റെ വജ്രായുധം ഫഖര്‍ സമാനും ചില റെക്കോഡുകള്‍ കയ്യകലത്തുണ്ട്. പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് ഏകദിനങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയരാന്‍ ഫഖറിന് സാധിക്കും. നിലവില്‍ എട്ടാം സ്ഥാനത്താണ് ഫഖര്‍ സമാന്‍.

19 ഇന്നിങ്‌സില്‍ 1,053 റണ്‍സാണ് നിലവില്‍ ഫഖര്‍ സമാന്റെ പേരിലുള്ളത്. ഈ മത്സരത്തില്‍ 38 റണ്‍സ് നേടിയാല്‍ മൂന്നാമതെത്താന്‍ താരത്തിനാകും. അങ്ങനെയെങ്കില്‍ കെയ്ന്‍ വില്യംസണും ഇന്‍സമാം ഉള്‍ ഹഖും മാത്രമാകും ഫഖറിന് മുമ്പിലുണ്ടാവുക.

പാകിസ്ഥാന്‍ vs ന്യൂസിലാന്‍ഡ് ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 1,290

ഇന്‍സമാം ഉള്‍ ഹഖ് – പാകിസ്ഥാന്‍ – 1,283

സയ്യിദ് അന്‍വര്‍ – പാകിസ്ഥാന്‍ – 1,260

സ്റ്റീഫന്‍ ഫ്‌ളെമിങ് – ന്യൂസിലാന്‍ഡ് – 1,090

ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – 1,078

റോസ് ടെയ്‌ലര്‍ – ന്യൂസിലാന്‍ഡ് – 1,071

സലീം മാലിക് – പാകിസ്ഥാന്‍ – 1,054

ഫഖര്‍ സമാന്‍ – പാകിസ്ഥാന്‍ – 1,053

ഇതിനൊപ്പം സ്വന്തം തട്ടകത്തില്‍ 1,000 ഏകദിന റണ്‍സ് എന്ന നേട്ടവും ഫഖര്‍ സമാന് മുമ്പിലുണ്ട്. ഇതുവരെ കളിച്ച 22 ഇന്നിങ്‌സില്‍ നിന്നും 46.95 ശരാശരിയില്‍ 986 റണ്‍സാണ് ഫഖറിന്റെ പേരിലുള്ളത്.

പാകിസ്ഥാനില്‍ മൂന്ന് സെഞ്ച്വറികളും അഞ്ച് അര്‍ധ സെഞ്ച്വറികളുമുള്ള ഫഖറിന് 14 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ സ്വന്തം മണ്ണില്‍ 1,000 ഏകദിന റണ്‍സെന്ന മൈല്‍സ്റ്റോണ്‍ മറികടക്കാം.

പാകിസ്ഥാന്‍ സ്‌ക്വാഡ്

ബാബര്‍ അസം, ഫഖര്‍ സമാന്‍, സൗദ് ഷക്കീല്‍, തയ്യിബ് താഹിര്‍, ഫഹീം അഷ്റഫ്, കമ്രാന്‍ ഗുലാം, ഖുഷ്ദില്‍ ഷാ, സല്‍മാന്‍ അലി ആഘ, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), അബ്രാര്‍ അഹമ്മദ്, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നെയ്ന്‍, നസീം ഷാ, ഷഹീന്‍ ഷാ അഫ്രിദി.

Content Highlight: ICC Champions Trophy 2025: Records can be broken by Pakistan players in NS vs PAK match

Latest Stories

Video Stories