ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ അഫ്ഗാനിസ്ഥാന്‍ – ഓസ്ട്രേലിയ മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചിരിക്കുകയാണ്. മോശം കാലാവസ്ഥ മൂലം മാച്ച് തുടരാന്‍ സാധിക്കാത്ത സാഹചര്യം ഉടലെടുത്തതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെന്ന മോശമല്ലാത്ത ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. സെദ്ദിഖുള്ള അടലിന്റെയും അസ്മത്തുള്ള ഉമര്‍സായിയുടെയും മികച്ച ഇന്നിങ്‌സുകളുടെ കരുത്തിലാണ് ടീം 273ലെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 44 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഓസീസ് പവര്‍പ്ലേയില്‍ തന്നെ 90 റണ്‍സും സ്വന്തമാക്കിയിരുന്നു.
12.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് എന്ന നിലയില്‍ ഓസ്‌ട്രേലിയ ബാറ്റിങ് തുടരവെയാണ് മഴയെത്തിയതും മത്സരം നിര്‍ത്തിവെക്കേണ്ടി വന്നതും. തുടര്‍ന്നു കാലാവസ്ഥയും സാഹചര്യവും പ്രതികൂലമായി തുടര്‍ന്നതിനാല്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഈ മത്സരം ഉപേക്ഷിച്ചതോടെ ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്‌റ്റേണ്‍ (ഡി.എല്‍.എസ്) മെത്തേഡിലൂടെ വിജയികളെ തീരുമാനിക്കാത്തതിനുള്ള കാരണവും ആരാധകര്‍ അന്വേഷിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഡി.എല്‍.എസ് നിയമം കൊണ്ടുവന്നെങ്കില്‍ ഓസീസ് വിജയിച്ചേനെ എന്നാണ് പലരും പറയുന്നത്.
എന്നാല്‍ എന്തുകൊണ്ടാണ് ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്‌റ്റേണ്‍ നിയമം ഉപയോഗിക്കാതിരുന്നത്? മത്സരത്തിന്റെ നിലവിലെ സാഹചര്യത്തില്‍ ഈ നിയമം ഉപയോഗിക്കാന്‍ സാധിക്കില്ല എന്നതുതന്നെ കാരണം.
ഏകദിനത്തില്‍ ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്‌റ്റേണ്‍ നിയമം പ്രാവര്‍ത്തികമാകണമെങ്കില്‍ ഇരു ടീമുകളും ഏറ്റവും ചുരുങ്ങിയത് 20 ഓവറെങ്കിലും ബാറ്റ് ചെയ്തിരിക്കണം (ടി-20യില്‍ ഇത് അഞ്ച് ഓവര്‍ വീതം). ഓസ്‌ട്രേലിയ കേവലം 12.5 ഓവര്‍ മാത്രമാണ് ബാറ്റ് ചെയ്തത് എന്നതിനാലാണ് ഈ നിയമം ഉപയോഗിക്കാന്‍ സാധിക്കാതെ പോയത്.
ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്‌റ്റേണ്‍ നിയമത്തെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ചെയ്യുക.
മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ടീമിന് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ വിക്കറ്റ് ടീമിന് നഷ്ടമായി. അഞ്ച് പന്ത് നേരിട്ട താരം ഒറ്റ റണ്‍സ് പോലും നേടാതെയാണ് മടങ്ങിയത്.
എന്നാല്‍ വണ്‍ ഡൗണായെത്തിയ സെദ്ദിഖുള്ള അടല്‍ സ്‌കോറിങ്ങിന് അടിത്തറയൊരുക്കി. കഴിഞ്ഞ മത്സരത്തില്‍ ചരിത്രമെഴുതിയ ഇബ്രാഹിം സദ്രാനെ ഒപ്പം കൂട്ടി താരം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. രണ്ടാം വിക്കറ്റില്‍ 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
ടീം സ്‌കോര്‍ 70ല്‍ നില്‍ക്കവെ സദ്രാനെയും 91ല്‍ നില്‍ക്കവെ റഹ്‌മത് ഷായെയും ടീമിന് നഷ്ടമായി.
എന്നാല്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയെ ഒരറ്റത്ത് നിര്‍ത്തി സെദ്ദിഖുള്ള സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ടീം സ്‌കോര്‍ 159ല്‍ നില്‍ക്കവെയാണ് സ്പെന്‍സര്‍ ജോണ്‍സണ്‍ ഓസീസിന് ബ്രേക് ത്രൂ നല്‍കി താരത്തെ മടക്കിയത്. 95 പന്തില്‍ 85 റണ്‍സാണ് താരം നേടിയത്.
സെദ്ദിഖുള്ള അടല്‍
ഒടുവില്‍ അവസാന ഓവറിലെ നാലാം പന്തില്‍ ടീം സ്‌കോര്‍ 272ല്‍ നില്‍ക്കവെ ഉമര്‍സായ് മടങ്ങി. 63 പന്തില്‍ 67 റണ്‍സ് നേടിയാണ് താരം പുറത്തായത്. അഞ്ച് സിക്സറും ഒരു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഉമര്‍സായിയുടെ ഇന്നിങ്സിന്റെ ബലത്തില്‍ അഫ്ഗാന്‍ 273ലെത്തി.
മത്സരത്തില്‍ ഓസ്ട്രേലിയക്കായി ബെന്‍ ഡ്വാര്‍ഷിയസ് മൂന്ന് വിക്കറ്റെടുത്തു. സ്പെന്‍സര്‍ ജോണ്‍സണും ആദം സാംപയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും നഥാന്‍ എല്ലിസും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് സ്വപ്‌നതുല്യമായ തുടക്കമാണ് ലഭിച്ചത്. അഫ്ഗാന്‍ ഫീല്‍ഡര്‍മാരുടെ പിഴവില്‍ ഓപ്പണര്‍മാര്‍ രണ്ട് പേര്‍ക്കും ജീവന്‍ ലഭിച്ചിരുന്നു. ട്രാവിസ് ഹെഡിന്റെ ക്യാച്ച് റാഷിദ് ഖാനും മാറ്റ് ഷോര്‍ട്ടിന്റെ ക്യാച്ച് സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങിയ നംഗിലായ് ഖരോട്ടിയും പാഴാക്കി.
ട്രാവിസ് ഹെഡ്
ഹെഡ് അവസരം മുതലാക്കിയെങ്കിലും മാറ്റ് ഷോര്‍ട്ടിന് അധികം ആയുസ്സുണ്ടായിരുന്നില്ല. 15 പന്തില്‍ 20 റണ്‍സുമായി ഉമര്‍സായിയുടെ പന്തില്‍ ഗുല്‍ബദീന്‍ നയീബിന് ക്യാച്ച് നല്‍കി താരം പുറത്തായി.
മത്സരത്തിന്റെ 13ാം ഓവറില്‍ മഴയെത്തുകയും മത്സരം തടസ്സപ്പെടുകയുമായിരുന്നു. ഏറെ നേരെ മഴമാറാന്‍ കാത്തിരുന്നെങ്കിലും കാലാവസ്ഥയും സാഹചര്യവും പ്രതികൂലമായതിനാല്‍ മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.
Content highlight: ICC Champions Trophy 2025: Reason for not using DLS method in Australia vs Afghanistan match